ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനായി വളരെ ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിനെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. എന്നാൽ ഏതൊക്കെ താരങ്ങളാകും ടീമിൽ ഉൾപ്പെടുക എന്നതാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഐപിഎല്ലിൽ മികച്ച ഫോമിലുള്ളവർ ലോകകപ്പിൽ മാറ്റുരയ്ക്കട്ടെയെന്നാണ് ആരാധകർ പറയുന്നത്. അതേസമയം, പുതുമുഖങ്ങൾക്ക് അവസരം നൽകി ഒരു പരീക്ഷണത്തിന് തയ്യാറാകാതെ പരിചയ സമ്പന്നരായ താരനിരയുമായി ഇന്ത്യ ട്വന്റി20 ലോകകപ്പിനിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മേയ് ഒന്നിനകം ടീമിനെ പ്രഖ്യാപിക്കേണ്ടതുണ്ട്. പരിശീലകൻ രാഹുൽ ദ്രാവിഡ്, ക്യാപ്റ്റൻ രോഹിത് ശർമ, സിലക്‌ഷൻ കമ്മിറ്റി അധ്യക്ഷൻ അജിത് അഗാർക്കർ എന്നിവർ കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട് യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ ലോകകപ്പ് ടീം സംബന്ധിച്ച് ഏകദേശ ധാരണയായെന്ന് ബിസിസിഐ അംഗം അറിയിച്ചതായാണ് വിവരം. ലോകകപ്പിൽ രോഹിത് ശർമയ്ക്കൊപ്പം വിരാട് കോലി ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നും ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ എന്നിവരിലൊരാൾ പുറത്താകുമെന്നും റിപ്പോർട്ടുകളുണ്ട്. അതോടൊപ്പം ഋഷഭ് പന്തിന് പുറമേ രണ്ടാം വിക്കറ്റ് കീപ്പറാകാൻ ഐപിഎല്ലിൽ മികച്ച ഫോമിലുള്ള സഞ്ജു സാംസണും പരിഗണനയിലുണ്ട്.
രോഹിത് ശർമ, വിരാട് കോലി, ശുഭ്‌മൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, സൂര്യകുമാർ യാദവ്, റിങ്കു സിങ് (ബാറ്റർമാർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദുബെ, അക്ഷർ പട്ടേൽ (ഓൾറൗണ്ടർ), കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചെഹൽ, രവി ബിഷ്‌ണോയ് (സ്‌പിൻ ബോളർ), ഋഷഭ് പന്ത്, കെ.എൽ.രാഹുൽ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ) ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, ആവേശ് ഖാൻ (പേസ് ബോളർ) എന്നിവരാണ് ലോകകപ്പിലെ സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ട താരങ്ങൾ.