ടി20 ലോകകപ്പ് അവസാന ലാപ്പിലേയ്ക്ക് അടുക്കുകയാണ്. സൂപ്പർ 8 പോരാട്ടങ്ങൾക്ക് ശേഷം സെമി ഫൈനൽ മത്സരത്തിലേയ്ക്കാണ് കടക്കുന്നത്. നാളെയാണ് സെമി ഫൈനൽ നടക്കുക. ഗ്രൂപ്പ് ഒന്നിൽ നിന്ന് ഒന്നാമതെത്തിയ ഇന്ത്യയും രണ്ടാം സ്ഥാനക്കാരായി അഫ്‌ഗാനിസ്ഥാനും ഗ്രൂപ്പ് രണ്ടിൽ നിന്ന് ദക്ഷിണാഫ്രിക്ക ഒന്നാമതായും ഇംഗ്ലണ്ട് രണ്ടാമതായും സെമിയിലേക്ക് ടിക്കറ്റെടുത്തത്. നാളെ രാവിലെ ആറ് മണിക്ക് നടക്കുന്ന ഒന്നാം സെമിയിൽ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും. രാത്രി എട്ട് മണിക്ക് നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യയും ഇംഗ്ലണ്ടും പോരാടും.
ഗ്രൂപ്പ് മത്സരങ്ങളിൽ നിന്ന് വ്യത്യസ്‌തമായി സെമി, ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനം ഉൾപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സെമി ഫൈനൽ മത്സരത്തിന് റിസർവ് ദിനമുണ്ട്. മത്സരം നിശ്ചയിച്ച ദിവസം പൂർത്തിയാക്കാനാവാതെ വന്നാൽ മാത്രമേ റിസർവ് ദിനം ഉപയോഗിക്കൂ. അതും ഓവർ കുറച്ചതിന് ശേഷവും കളി തുടരാനാകാതെ വന്നാൽ മാത്രം. ഒന്നാം സെമിക്ക് 60 മിനിറ്റും റിസർവ് ദിനത്തിൽ 190 മിനിറ്റും അധികസമയം ഉണ്ടായിരിക്കും. അഫ്ഗാനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം റിസർവ് ദിനത്തിലും തുടരാനായില്ലെങ്കിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനാക്കാരായ ദക്ഷിണാഫ്രിക്ക ഫൈനലിലെത്തും.
അതേസമയം, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം സെമിക്ക് റിസർവ് ദിനമില്ല. എന്നാൽ, നിശ്ചയിച്ച ദിവസം 250 മിനിറ്റ് അധിക സമയമുണ്ടായിരിക്കും. മാത്രമല്ല, മത്സരം മഴമൂലം ഉപേക്ഷിച്ചാൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായെത്തിയ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും. സെമി, ഫൈനൽ മത്സരങ്ങളിൽ ഫലം പ്രഖ്യാപിക്കണമെങ്കിൽ കുറഞ്ഞത് 10 ഓവറെങ്കിലും ഇരു ടീമുകളും ബാറ്റ് ചെയ്യണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഗ്രൂപ്പ് മത്സരങ്ങളിൽ അഞ്ച് ഓവറായിരുന്നതിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.