ടി20 ലോകകപ്പ് കിരീടം ചൂടി ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ ടീമിന് 125 കോടി രൂപ ബിസിസിഐ പ്രതിഫലം നൽകിയിരുന്നു. ഇതിനുപിന്നാലെ ഈ തുകയുടെ പങ്ക് ലഭിക്കുന്നത് ആർക്കൊക്കെയാണെന്നും കളത്തിലിറങ്ങാതിരുന്ന സഞ്ജു സാംസൺ ഉൾപ്പെടെയുള്ള മൂന്ന് പേർക്ക് തുക ലഭിക്കുമോ എന്ന തരത്തിലുള്ള ചർച്ചകളും സജീവമാകുകയാണ്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇത്തവണത്തെ ലോകകപ്പ് ഇന്ത്യൻ സംഘത്തിൽ താരങ്ങൾ ഉൾപ്പെടെ ആകെ 42 പേരായിരുന്നു ഉണ്ടായിരുന്നത്. ഇവർക്കെല്ലാം 125 കോടിയുടെ പങ്ക് ലഭിക്കും. ലോകകപ്പിൽ കളിച്ച 15 അംഗ ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങൾക്കും അഞ്ച് കോടി രൂപ വീതമാണ് ലഭിക്കുക. കളത്തിലിറങ്ങിയില്ലെങ്കിലും സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, യുസ്‌വേന്ദ്ര ചെഹൽ എന്നിവർക്കും അഞ്ച് കോടി രൂപ തന്നെ ലഭിക്കും. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനും താരങ്ങൾക്ക് ലഭിക്കുന്ന അഞ്ച് കോടി രൂപ തന്നെ നൽകും.
അതേസമയം, ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിലെ മറ്റ് അംഗങ്ങളായ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡ്, ഫീൽഡിങ് പരിശീലകൻ ടി.ദിലീപ്, ബോളിങ് പരിശീലകൻ പരസ് മാംബ്രെ എന്നിവർക്ക് 2.5 കോടി രൂപ വീതമാണ് ലഭിക്കുക. ടീമിന്റെ സപ്പോർട്ടിങ് സ്റ്റാഫ് അംഗങ്ങൾക്കും സമ്മാനത്തുകയുടെ നല്ലൊരു വിഹിതം ലഭിക്കുമെന്നാണ് വിവരം. മൂന്ന് ഫിസിയോ തെറാപ്പിസ്റ്റുകൾ, മൂന്ന് ത്രോഡൗൺ സ്പെഷ്യലിസ്റ്റുകൾ എന്നിവർക്ക് ഉൾപ്പെടെ രണ്ട് കോടി രൂപ വീതം ലഭിക്കും.
15 അംഗ ടീമിൻ്റെ ഭാഗമല്ലാതിരുന്ന, റിസർവ് താരങ്ങളെന്ന നിലയ്ക്ക് ടീമിനൊപ്പമുണ്ടായിരുന്ന ഖലീൽ അഹമ്മദ്, റിങ്കു സിങ്, ശുഭ്മൻ ഗിൽ, ആവേശ് ഖാൻ എന്നിവർക്ക് ഓരോ കോടി രൂപ വീതവും ലോകകപ്പ് നേടിയ ടീമിനെ തിരഞ്ഞെടുത്ത അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റി അംഗങ്ങൾക്ക് ഓരോ കോടി രൂപ വീതം ലഭിക്കും