ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ പൂർത്തിയാകുന്നതിന് പിന്നാലെ നാട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങി രണ്ട് ഇന്ത്യൻ താരങ്ങൾ. ഓപ്പണർ ശുഭ്മൻ ഗില്ലും ആവേശ് ഖാനുമാണ് ഇന്ത്യയിലേയ്ക്ക് മടങ്ങുക. 15 അംഗ ടീമിനോടൊപ്പം ട്രാവലിങ് റിസർവായാണ് ഇരുവരും യുഎസിലേക്ക് പോയത്.
ഗ്രൂപ്പ് ഘട്ടത്തിൽ കാനഡയ്ക്കെതിരെയാണ് ഇന്ത്യയ്ക്ക് ഇനി കളിക്കാനുള്ളത്. ഈ മത്സരത്തിന് ശേഷമാണ് ശുഭ്മൻ ഗില്ലും ആവേശ് ഖാനും നാട്ടിലേക്ക് മടങ്ങുക. അതേസമയം, റിസർവ് താരങ്ങളായ റിങ്കു സിങ്, ഖലീൽ അഹമ്മദ് എന്നിവർ ടീമിനൊപ്പം തുടരുമെന്നാണ് റിപ്പോർട്ട്.
ടീമിൽ ആർക്കെങ്കിലും പരുക്കേറ്റാൽ പകരക്കാരായി ഉപയോഗിക്കാനാണ് ടീമുകൾ റിസർവ് താരങ്ങളെ കൊണ്ടുപോകുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ അയർലൻഡ്, പാക്കിസ്ഥാൻ, യുഎസ്എ ടീമുകളെ തോൽപിച്ച ഇന്ത്യ ട്വന്റി20 ലോകകപ്പ് സൂപ്പർ 8ൽ സീറ്റുറപ്പിച്ചിട്ടുണ്ട്. ആറ് പോയിന്റോടെയാണ് ഇപ്പോൾ ഇന്ത്യ തേരോട്ടം തുടരുന്നത്.