ഐപിഎൽ പോരാട്ടം അവസാന ഘട്ടത്തിലേയ്ക്കടുക്കുമ്പോൾ പ്ലേഓഫിൽ സീറ്റുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ടീമുകൾ. ഇന്നലെ ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കാനിരുന്ന സൺറൈസേഴ്സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. തുടർന്ന് ഇരു ടീമുകൾക്കും ഒരോ പോയൻ്റ് വീതം ലഭിച്ചതോടെ 13 മത്സരങ്ങളിൽ നിന്ന് 15 പോയൻ്റുമായി ഹൈദരാബാദ് പ്ലേ ഓഫിലേക്ക് ടിക്കറ്റെടുത്തു.
ഇന്നലെ നടക്കാനിരുന്ന മത്സരത്തിൽ കനത്ത മഴയേത്തുടർന്ന് ഒരു പന്തുപോലും എറിയാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ രാത്രി 10.15ഓടെ മത്സരം ഉപേക്ഷിക്കാൻ അംപയർമാർ തീരുമാനമെടുക്കുകയായിരുന്നു. നിലവിൽ പോയൻ്റ് പട്ടികയിൽ ചെന്നൈയെ മറികടന്ന് മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്.
കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള ഗുജറാത്തിൻ്റെ മത്സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഇതോടെ ഗുജറാത്ത് പ്ലേഓഫിൽ നിന്ന് പുറത്താകുകയും ചെയ്തു. അതേസമയം കൊൽക്കത്ത, രാജസ്ഥാൻ ടീമുകൾ നേരത്തേ തന്നെ പ്ലേഓഫിൽ സീറ്റുറപ്പിച്ചിരുന്നു.