അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ ഛേത്രി. ജൂൺ ആറിന് നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷമാവും താരം അന്താരാഷ്ട്ര ജേഴ്‌സിയിൽ നിന്നും പടിയിറങ്ങുക. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി 150 മത്സരങ്ങളിൽ നിന്ന് 94 ഗോളുകൾ നേടിയ താരം നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളിൽ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിച്ചവരുടെ പട്ടികയിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ്.
നെഹ്റുകപ്പിൽ അടക്കം രാജ്യത്തെ കിരീടത്തിലേക്ക് നയിക്കാൻ ഛേത്രിക്കായി. ഇന്ത്യൻ സൂപ്പർ ലീഗിലും ഐ ലീഗിലും ബെംഗളൂരു എഫ്.സി.യെ കിരീടനേട്ടത്തിലേക്ക് നയിച്ചു. 2005ൽ പാകിസ്ഥാനെതിരായ മത്സരത്തിലാണ് ഛേത്രി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്നിങ്ങോട്ട് 19 വർഷം അദ്ദേഹം ഇന്ത്യൻ ജേഴ്‌സിയിലുണ്ടായിരുന്നു. 2012 എഎഫ്‌സി ചലഞ്ച് കപ്പിലാണ് ഛേത്രി ആദ്യമായി നായകനാകുന്നത്.
2011ൽ അർജുന അവാർഡും 2019ൽ പത്മശ്രീയും ലഭിച്ചതിന് പുറമെ ആറ് തവണ എഐഎഫ്എഫ് പ്ലെയർ ഓഫ് ദ ഇയർ അവാർഡും ഛേത്രി നേടിയെടുത്തു. അന്താരാഷ്ട്ര വേദിയിൽ, 2008ലെ എഎഫ്‌സി ചലഞ്ച് കപ്പ്, 2011, 2015 വർഷങ്ങളിലെ സാഫ് ചാമ്പ്യൻഷിപ്പ്, നെഹ്റു കപ്പ് (2007, 2009, 2012), 2017, 2018ലെ ഇന്റർകോണ്ടിനെന്റൽ കപ്പ് എന്നിവ നേടിയ ഇന്ത്യൻ ടീമുകളുടെ ഭാഗമാണ് ഛേത്രി.