ക്രിക്കറ്റ് ലോകം കുഞ്ഞന്മാരെന്ന് മുദ്രകുത്തി പലകുറി അധിക്ഷേപിച്ചു. എന്നാൽ തട്ടകത്തിൽ പയറ്റിത്തെളിയാൻ തന്നെയായിരുന്നു ടീമിൻ്റെ തീരുമാനം. അതിനായി അതികഠിനമായി അധ്വാനിച്ചു. പലസ്വപ്നങ്ങളും നെയ്തുകൂട്ടി. ഒരിക്കൽ ലോകത്തെ അത്ഭുതപ്പെടുത്തി 1996-ൽ തങ്ങളുടെ സ്വപ്നമായ ക്രിക്കറ്റ് ലോകകപ്പ് കിരീടം അവർ സ്വന്തമാക്കി. രാജ്യത്തിൻ്റെ വലുപ്പത്തിലല്ല, ടീമിൻ്റെ കഴിവിലും പ്രകടനത്തിലുമാണ് കാര്യമെന്ന് അവർ തെളിയിച്ചു. അതെ, ദ ലയൺസ് എന്ന വിളിപ്പേരുള്ള ശ്രീലങ്ക തന്നെ.
ക്രിക്കറ്റ് എന്ന കായിക ഇനത്തിന് ജനങ്ങൾക്കിടയിൽ വലിയ പ്രാധാന്യമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അവിടെ നിന്ന് ഉയർച്ചയുടെ പടികൾ ചവിട്ടിക്കയറിയ ക്രിക്കറ്റ് സാമ്രാജ്യം 1975-ൽ ആദ്യമായി ലോകകപ്പ് (പ്രുഡൻഷ്യൽ കപ്പ്) ആരംഭിച്ചപ്പോൾ അന്ന് ടെസ്റ്റ് പദവിയുണ്ടായിരുന്ന ശ്രീലങ്കയുമുണ്ടായിരുന്നു കളിക്ക് മാറ്റ് കൂട്ടാൻ. എന്നാൽ ചെറിയ രാജ്യമായതിനാൽ പലപ്പോഴും ശ്രീലങ്കയെ അംഗീകരിക്കാൻ രാജ്യങ്ങൾക്കും കാണികൾക്കും സാധിച്ചില്ല എന്നതാണ് വാസ്തവം. ക്രിക്കറ്റിൻ്റെ ആദ്യ പാഠങ്ങൾ മാത്രം പഠിച്ചെത്തിയ ശ്രീലങ്കയെ എങ്ങനെ വമ്പന്മാർ ഉൾക്കൊള്ളും. എന്നാൽ ഓരോ മത്സരങ്ങളും തങ്ങൾക്ക് പയറ്റിത്തെളിയാനുള്ള വേദികളായാണ് ശ്രീലങ്കൻ താരങ്ങൾ കണ്ടത്.
കരുത്തരെ മുട്ടുകുത്തിച്ച് 1996-ലെ ലോകകപ്പ് വിജയം
അങ്ങനെ 1996-ലെ ലോകകപ്പ് വന്നെത്തി. പാക്കിസ്ഥാനും ഇന്ത്യയും ചേർന്ന് ആതിഥ്യം വഹിച്ച ലോകകപ്പ്. അർജുന രണതുംഗ നായകനായി മാർവൻ അട്ടപ്പട്ടു, അസങ്ക ഗുരുസിൻഹ, റൊമേഷ് കലുവിതരണ, റോഷൻ മഹനമ, ഹഷൻ തിലകരത്നെ, അരവിന്ദ ഡി സെൽവ, കുമാർ ധർമ്മസേന, സനത് ജയസൂര്യ, ഉബുൽ ചന്ദന, മുത്തയ്യ മുരളീധരൻ, രവീന്ദ്ര പുഷ്പകുമാര, ചാമിന്ദവാസ്, പ്രമോദിയ വിക്രമസിൻഹ എന്നിവർ ഉൾപ്പെട്ട ലങ്കൻ ടീം കച്ചകെട്ടി കളത്തിലിറങ്ങി.
ഏകിദിന ക്രിക്കറ്റിൻ്റെ ശൈലി മാറ്റുന്ന പ്രകടമാണ് ശ്രീലങ്ക പുറത്തെടുത്തത്. ആദ്യ 15 ഓവറിൽ 100 റൺസ് പിന്നിടുന്ന തന്ത്രം. തുടക്കം മുതൽ കൂറ്റനടികളുമായി സനത് ജയസൂര്യ ലോകകപ്പ് കളം നിറഞ്ഞു. അതിവേഗം കുതിക്കുന്ന റൺമലകണ്ട് എതിരാളികൾ അമ്പരന്നു.. കുഞ്ഞൻമാരുടെ വിജയഗാഥ തുടങ്ങുകയായിരുന്നു. ഗ്രൂപ്പ് ഘട്ട മത്സങ്ങൾ കഴിയുംതോറും ശ്രീലങ്കയുടെ പ്രകടനം കാണികളെ അത്ഭുതപ്പെടുത്തി.
പോരാട്ടം അവസാനഘട്ടത്തോട് അടുത്തപ്പോഴേക്കും ആരും പ്രതീക്ഷയർപ്പിക്കാതിരുന്ന ശ്രീലങ്ക സെമിയിലേക്ക് ടിക്കറ്റെടുത്തിരുന്നു. 1983-ലെ ലോകകപ്പ് വിജയത്തോടെ കരുത്തരെന്ന് ലോകം വാഴ്ത്തിയ ഇന്ത്യയായിരുന്നു സെമിയിൽ ശ്രീലങ്കയുടെ എതിരാളികൾ. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ചരിത്രത്തിലെ കറുത്ത ദിനം സമ്മാനിച്ച് ശ്രീലങ്ക ഇന്ത്യയെ മറകടന്ന് ഫൈനലിൽ സീറ്റുറപ്പിച്ചു. മൈതാനത്ത് വിനോദ് കാബ്ലി ഉൾപ്പെടെയുള്ളവരുടെ കണ്ണീർ വീഴ്ത്തി 7 വിക്കറ്റിനായിരുന്നു അന്ന് ശ്രീലങ്കയുടെ വിജയം.
ഫൈനലിന് വേദിയൊരുങ്ങി. 1987-ൽ കിരീട ജോതാക്കളായ ഓസ്ട്രേലിയ ആയിരുന്നു ശ്രീലങ്കയുടെ എതിരാളികൾ. കരുത്തരെന്ന് മുദ്രകുത്തപ്പെട്ട ഓസ്ട്രേയിലയുടെ ചങ്കൂറപ്പിന് മുന്നിൽ ആദ്യമൊന്ന് പതറിയെങ്കിലും വിജയിക്കണമെന്ന ഇച്ഛാശക്തി ശ്രീലങ്കൻ ടീമിന് കരുത്ത് പകർന്നു. അങ്ങനെ 1996 മാർച്ച് 17-ന് പാക്കിസ്ഥാനിലെ ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന കിരീടപ്പോരാട്ടത്തിൽ ഓസീസിനെ 7 വിക്കറ്റിന് തകർത്ത് ശ്രീലങ്ക തങ്ങളുടെ സ്വപ്നം കൈവരിക്കുകയായിരുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും തോൽപ്പിക്കാം എന്ന നിലയിലുണ്ടായിരുന്ന ശ്രീലങ്കൻ ടീം അതോടെ കരുത്തരായി മാറുന്ന കാഴ്ചയാണ് പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത്. ഇതുവരെയില്ലാതിരുന്ന കരുത്ത് പെട്ടെന്ന് ശ്രീലങ്കയ്ക്ക് എവിടെ നിന്ന് ലഭിച്ചു എന്ന കാണികളുടെ സംശയം എത്തിനിന്നത് ലങ്കൻ കോച്ചായ ഡേവ് വാട്മോറിലായിരുന്നു.
വാട്മോർ മാജിക്കിൽ ശ്രീലങ്ക
ക്രിക്കറ്റ് പലപ്പോഴും ഭാഗ്യനിർഭാഗ്യങ്ങളുടെ കളിക്കളമാണ്. ചിലപ്പോൾ മികച്ച കളിക്കാരുണ്ടാകാം, എന്നാൽ കോച്ചിങ്ങിലെ പാകപ്പിഴകൾ ടീമിനെ പരാജയത്തിലേയ്ക്ക് നയിച്ചേക്കാം. എന്നാൽ മറ്റുചിലപ്പോൾ പ്രഗത്ഭനായ കോച്ച് മുന്നിലുണ്ടെങ്കിലും മികച്ച കളിക്കാരില്ലെങ്കിൽ ടീമിന് വിജയമെന്തെന്ന് അറിയാനേ സാധിക്കില്ല. എന്നാൽ 1996-ലെ ലോകകപ്പിൽ ശ്രീലങ്കയ്ക്കൊപ്പമുണ്ടായിരുന്നത് മികച്ച കളിക്കാരും അതിലും മികച്ച ഒരു കോച്ചുമായിരുന്നു. അവരുടെ കൂട്ടായ പ്രവർത്തനവും ചടുലമായ നീക്കവുമാണ് ലോകകപ്പ് നേട്ടത്തിലെത്തിച്ചത്.
ശൂന്യതയിൽ നിന്ന് റൺസുകളും വിക്കറ്റുകളും നേടാനുള്ള മാജിക് സ്വായക്തമാക്കിയ വ്യക്തിയാണ് ഡേവ് വാട്മോർ എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. ലോകം പലതവണ വാട്മോർ മാജിക്കിന് സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. 27 വർഷം മുമ്പ് ശ്രീലങ്ക ലോകകപ്പ് കിരീടത്തിൽ മുത്തമിടാൻ കാരണം വാട്മോറിന്റെ തലയിൽ ഉദിച്ച തന്ത്രങ്ങളും അടവുനയങ്ങളുമാണ്. ജയമെന്തെന്ന് അറിയാത്ത ടീമായാണ് ശ്രീലങ്കയെ വാട്മോറിന് ലഭിക്കുന്നത്. എന്നാൽ ഓസ്ട്രേലിയക്കാരനായ ഡേവ് വാട്മോറിന്റെ ശിക്ഷണത്തിൽ അർജുന രണതുംഗയുടെ ക്യാപ്റ്റൻസിയിൽ ലങ്കൻ ടീം പയറ്റിത്തെളിഞ്ഞു. താരങ്ങളെ പൊടിതട്ടിയെടുക്കാൻ ആളില്ലാതെ പോയതിൻ്റെ ക്ഷീണം അതോടെ ശ്രീലങ്കൻ ടീമിനെ വിട്ടുമാറി.
ഏകദിന മത്സരങ്ങളുടെ ആദ്യ ഓവറുകളിൽ പ്രതിരോധ മതിൽ തീർത്ത് ആമ വേഗത്തിൽ ചലിച്ചുകൊണ്ടിരുന്ന സ്കോർ ബോർഡിന് തീ പകരുന്ന തന്ത്രമായിരുന്നു ഡേവ് വാട്മോറിൻ്റേത്. വാട്മോറിൻ്റെ തലയിലുദിച്ച ആശയം സനത് ജയസൂര്യയും റൊമേഷ് കലുവിതരണയും അരവിന്ദ ഡി സിൽവയും ചേർന്ന് നടപ്പിലാക്കുകയായിരുന്നു. ഫീൽഡിങ് നിയന്ത്രണമുള്ള ആദ്യ 15 ഓവറിൽ തേർട്ടി യാർഡ് സർക്കിളിനുള്ളിൽ അടങ്ങിനിന്ന ഫീൽഡർമാരുടെ തലക്ക് മുകളിലൂടെ ലങ്കൻ താരങ്ങൾ ബാറ്റ് വീശിക്കൊണ്ടിരുന്നു. സിക്സുകളും ഫോറുകളും മാനത്ത് പറന്നുയരുന്നത് കണ്ട് കാണികൾ ആവേശഭരിതരായി. ടീമുകൾ ശരാശരി 50 റൺസ് നേടിയിരുന്ന സ്ഥാനത്ത് ശ്രീലങ്ക 120 റൺസ് അനായാസം അടിച്ചുകൂട്ടി. ഒന്നും രണ്ടുമല്ല, പലപ്രാവശ്യം. ശ്രീലങ്കൻ ടീമിനെ പരിഹസിച്ചവർക്ക് വാട്മോർ നൽകിയ മറുപടിയായിരുന്നു ആ ലോകകപ്പ് കിരീടം.
ക്യാപ്റ്റൻ അർജുന രണതുംഗയുടെ മികവ്
1996-ലെ ലോകകപ്പിൽ താൻ ഒരു സ്കൂൾ പ്രിൻസിപ്പലിനെപ്പോലെയാണ് ശ്രീലങ്കൻ ടീമിനെ നയിച്ചതെന്ന് ഒരിക്കൽ അന്നത്തെ ലങ്കൻ ടീമിൻ്റെ ക്യാപ്റ്റനായിരുന്ന അർജുന രണതുംഗ പറയുകയുണ്ടായി. അതെ, ഒരു ക്യാപ്റ്റനെന്ന നിലയിൽ ടീമിൻ്റെ വിജയത്തിനായി ചുക്കാൻ പിടിച്ച രണതുംഗയുടെ നീക്കങ്ങൾ ടീമിനെ ഉയർച്ചയിലേയ്ക്ക് തന്നെയാണ് കൊണ്ടെത്തിച്ചത്. ടീം വർക്കിൻ്റെ ഫലമാണ് തങ്ങൾക്ക് ലഭിച്ച ലോകകപ്പെന്ന് തുറന്നുപറയുന്ന അദ്ദേഹം കളിക്ക് മുമ്പ് ടീമിലെ ഓരോ അംഗങ്ങൾക്കും ആത്മധൈര്യവും കരുത്തും പകരുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നു.
എതിർക്കാൻ വരുന്നവർ ഓസ്ട്രേലിയ ആയാലും വെസ്റ്റ് ഇൻഡീസായാലും ആരെയും പരാജയപ്പെടുത്താം എന്ന അത്മവിശ്വാസം പകർന്നാണ് ശ്രീലങ്കൻ ടീമിനെ രണതുംഗ നയിച്ചത്. ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെ അണ്ടർഡോഗ് പദവിയിൽ നിന്നും ക്രിക്കറ്റ് ലോകത്തെ മുൻനിര ശക്തിയായി ഉയർത്തിയതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. ഇടംകയ്യൻ ബാറ്റ്സ്മാനായ രണതുംഗ തൻ്റെ 18 വർഷം നീണ്ട കരിയറിൽ ശ്രീലങ്കയ്ക്കായി 93 ടെസ്റ്റുകളും 269 ഏകദിനങ്ങളും കളിച്ചു.
ശ്രീലങ്കൻ ടീമിൻ്റെ പതനം
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു പോരാട്ട ശക്തിയായി തുടർന്ന ശ്രീലങ്ക 2007, 2011 ക്രിക്കറ്റ് ലോകകപ്പുകളിൽ തുടർച്ചയായി ഫൈനലിലെത്തിയിരുന്നു. 2002-ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കൊപ്പം സഹചാമ്പ്യന്മാർ, 2009-2012 വർഷങ്ങളിൽ ഐസിസി ടി20 ലോകകപ്പിൽ റണ്ണേഴ്സ് അപ്പ്, 2014-ൽ ഇന്ത്യയെ തോൽപ്പിച്ച് ഐസിസി ടി20 ലോകകപ്പ് ജേതാക്കൾ എന്നിങ്ങനെ ഓരോ മാച്ചുകളിലും ശ്രീലങ്കൻ ടീം തങ്ങളുടെ കരുത്തറിയിച്ചുകൊണ്ടിരുന്നു. ഇതിനിടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്ന ലോകറെക്കോർഡും ദ ലയൺസ് സ്വന്തമാക്കി. ലോകത്തിലെ എല്ലാ ടീമുകളും പേടിക്കുന്ന വിധത്തിലായിരുന്നു ലങ്കൻ ടീം വളർന്നുകൊണ്ടിരുന്നത്.
എന്നാൽ ഇന്ന് ക്രിക്കറ്റിൽ ശ്രീലങ്കയുടെ സ്ഥാനം എവിടെയാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആ പ്രതാപകാലം അധികനാൾ നിലനിർത്താൻ ശ്രീലങ്കയ്ക്ക് സാധിച്ചില്ല. ശ്രീലങ്കയിലെ ആഭ്യന്തര കലാപവും മറ്റും ലങ്കൻ ടീമിനെ കാര്യമായിത്തന്നെ ബാധിച്ചു. ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ആവശ്യമായ സാമ്പത്തികശേഷി ഇല്ലാതായതോടെ ടീമിൻ്റെ ശക്തി ക്ഷയിച്ചുതുടങ്ങി. മികച്ച ഒരുപിടി താരങ്ങളുമായി കളത്തിലിറങ്ങിയിരുന്ന ശ്രീലങ്കയുടെ ആത്മവിശ്വാസവും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. ക്രിക്കറ്റ് ലോകം ഒരിക്കൽ പേടിച്ചിരുന്ന ലങ്കൻ ടീം ഇന്ന് ആർക്കും നിഷ്പ്രയാസം പരാജയപ്പെടുത്താൻ സാധിക്കുന്ന ടീമായി കൂപ്പുകുത്തി.
2023-ലെ ലോകകപ്പിലും പരിതാപകരമായ പ്രകടനം കാഴ്ചവെച്ച ലങ്കൻ ടീം സെമി കാണാതെ പുറത്തായിരുന്നു. ക്രിക്കറ്റ് മാച്ചുകളിൽ ശരാശരി നിലവാരത്തേക്കാൾ താഴ്ന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന ടീമുകളുടെ ഗണത്തിലേയ്ക്ക് ഇന്ന് ശ്രീലങ്കൻ ടീം ഉൾപ്പെട്ടുകഴിഞ്ഞു. എങ്കിലും ശൂന്യതയിൽ നിന്ന് ആരംഭിച്ച് കരുത്തരായി മാറിയ ശ്രീലങ്ക ചിലരുടെയെങ്കിലും ഉള്ളിൽ പ്രീയപ്പെട്ട ടീമായി ഇന്നും അവശേഷിക്കുന്നുണ്ട്. ശ്രീലങ്കയുടെ ഒരുപിടി നല്ല കളിക്കാരെ നെഞ്ചിലേറ്റുന്ന ആരാധകർക്ക് എങ്ങനെ മറക്കാൻ സാധിക്കും ആ ലോകകപ്പ് വിജയവും ലങ്കൻ ടീമിൻ്റെ തേരോട്ടവും. ക്രിക്കറ്റിൻ്റെ തലപ്പത്തേയ്ക്ക് ശ്രീലങ്കയ്ക്ക് വീണ്ടുമൊരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ആരാധകർ.