ഏഷ്യാകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയോടും തോറ്റതോടെ ഇന്ത്യയ്ക്ക് വ്യാപക വിമര്‍ശനം.
ഏറെക്കാലത്തിനിടെ ആദ്യമായാണ് ടീം ഇന്ത്യ ഒന്നടങ്കം പഴി കേൾക്കുന്നത്. സൂപ്പർ ഫോറിലെ ആദ്യമത്സരത്തില്‍ പാകിസ്ഥാനോടും രണ്ടാം മത്സരത്തിൽ ശ്രീലങ്കയോടും തോറ്റതോടെ ഏഷ്യാക്കപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകൾ മങ്ങി.
ഇന്ന് നടക്കുന്ന കളിയിൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാല്‍ ഇന്ത്യയ്ക്ക് നിരാശയോടെ മടങ്ങാം. അതേസമയം ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയ ശ്രീലങ്ക ഫൈനല്‍ ഉറപ്പാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 173 റണ്‍സെടുത്തു. രോഹിത് ശർമ 41 പന്തിൽ 72 റണ്‍സെടുത്തു. കോലി പൂജ്യത്തിന് പുറത്തായി. നിർണായക മത്സരത്തിൽ ബൗളർമാരുടെ മോശം പ്രകടനമാണ് ഇന്ത്യയെ ബാധിച്ചത്.
മികച്ച ബാറ്റിങ് പുറത്തെടുത്ത ശ്രീലങ്ക ഒരു പന്ത് ശേഷിക്കെയാണ് വിജയറണ്‍ നേടിയത്. ഓപ്പണർമാരായ പതും നിസങ്കയും (37 പന്തിൽ 52) കുശാൽ മെൻഡിസും (37 പന്തിൽ 57) ചേര്‍ന്ന് മികച്ച തുടക്കമാണ് ലങ്കയ്ക്ക് നൽകിയത്. പത്തോവറിൽ ലങ്ക 100 കടന്നു. അവസാന ഓവറിൽ ജയിക്കാൻ ഏഴ് റണ്‍സാണ് ലങ്കയ്ക്ക് വേണ്ടിയിരുന്നത്. ഒരു റണ്‍ഔട്ട് അവസരം പാഴാക്കുകയും ഒവര്ത്രോ റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തതോടെ ഇന്ത്യ കീഴടങ്ങി.
കോവിഡിന് ശേഷം കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് രണ്ട് തുടര്‍പരാജയങ്ങൾ സമ്മാനിച്ചത്. ഇന്ത്യന്‍ ബൗളിംഗിന്റെ ശക്തി ചോര്‍ന്ന് പോയെന്നാണ് പ്രധാന വിമര്‍ശനം. ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന സെലക്ടര്‍മാര്‍ക്കും ബിസിസിെഎ തലവന്മാര്ക്കുമെതിരേ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. ഇന്ത്യ സ്ഥിരതയുളള പ്ലേയിംഗ് ഇലവനെ കണ്ടെത്താന്‍ പരിശ്രമിക്കണമെന്ന വിമര്‍ശനവുമായി മുന്‍ പാക് താരം ശുഹൈബ് അക്തറും രംഗത്തെത്തി.