കരുത്ത് തെളിയിച്ച് ലോകകപ്പിന് യോഗ്യത നേടി ശ്രീലങ്ക. യോഗ്യതാ റൗണ്ടിലെ സൂപ്പർ സിക്സ് പോരാട്ടത്തിൽ സിംബാബ്‌വെയെ തകർത്താണ് ശ്രീലങ്ക ലോകകപ്പിന് യോഗ്യത നേടിയത്. ഒൻപത് വിക്കറ്റിനാണ് ശ്രീലങ്ക സിംബാബ്‌വെയെ പരാജയപ്പെടുത്തിയത്. യോഗ്യതാ റൗണ്ടിൽ ഒരു മത്സരത്തിൽപോലും തോൽക്കാതെയാണ് ശ്രീലങ്ക വിജയം കൊയ്തത്.
സിംബാബ്‌വെ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം 33.1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ശ്രീലങ്ക മറികടക്കുകയായിരുന്നു. ഇതോടെ ലോകകപ്പ് ഫൈനൽ റൗണ്ടിൽ കളിക്കുന്ന ഒൻപതാം ടീമായി ശ്രീലങ്ക മാറി. തോറ്റെങ്കിലും സിംബാബ്‌വെയുടെ പ്രതീക്ഷ അവസാനിച്ചിട്ടില്ല. ഇനി ഒരു ടീമിനും കൂടി ലോകകപ്പിൽ കളിക്കാൻ അവസരമുണ്ട്. ഇതിനായി സിംബാബ്‌വെയും സ്കോട്ലൻഡും തമ്മിൽ പോരാടും.
ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയുടെ ബാറ്റർമാരെ ശ്രീലങ്കൻ ബൗളർമാർ കൂട്ടമായി ആക്രമിക്കുകയായിരുന്നു. നാലുവിക്കറ്റെടുത്ത സ്പിന്നർ മഹീഷ് തീക്ഷണയാണ് ആദ്യം ഇവരെ തകർത്തത്. ദിൽഷൻ മധുശങ്ക മൂന്ന് വിക്കറ്റെടുത്തപ്പോൾ മതീഷ പതിരണ രണ്ട് വിക്കറ്റ് സ്വന്തമാക്കി. സിംബാബ്‌വെയ്ക്ക് വേണ്ടി അർധസെഞ്ച്വറി നേടിയ സൂപ്പർ താരം ഷോൺ വില്യംസ് 57 പന്തിൽ നിന്ന് 56 റൺസെടുത്തു. പിന്നീട് സിക്കന്ദർ റാസ 31 റൺസ് നേടി. എന്നാൽ മറ്റ് ബാറ്റർമാർ നിരാശപ്പെടുത്തുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ നിസങ്കയും ദിമുത് കരുണരത്നെയും ചേർന്ന് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 103 റൺസ് നേടി. എന്നാൽ കരുണരത്നെയെ റിച്ചാർഡ് എൻഗാറവ പുറത്താക്കി. കുശാൽ മെൻഡിസിനുമായി ചേർന്ന് നിസങ്ക ടീമിന് വിജയം നേടിക്കൊടുക്കുകയും സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു.