ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഇടയ്ക്ക് പെയ്തൊരു മഴയിൽ കളിയുടെ ഗതി മാറിയ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ 5 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ജയം ഉറപ്പിച്ചത്. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം പുനർനിർശ്ചയിച്ച 15 ഓവറിൽ 152 റൺസ് എന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 13.5 ഓവറിൽ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0 ത്തിന് മുന്നിലെത്തി. ആദ്യ മത്സരം മഴയേത്തുടർന്ന് ഉപേക്ഷിച്ചിരുന്നു.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.3 ഓവറിൽ ഏഴു വിക്കറ്റ് നഷ്‌ടത്തിൽ 180 റൺസിൽ നിൽക്കെ മഴ കളി തടസപ്പെടുത്തിയതോടെ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 15 ഓവറിൽ 152 റൺസായി പുനർനിശ്ചയിക്കുകയായിരുന്നു. ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെയും റിങ്കു സിങ്ങിന്റെയും അർധ സെഞ്ച്വറി ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 39 പന്തിൽ നിന്ന് രണ്ട് സിക്‌സും ഒമ്പത് ഫോറുമടക്കം 68 റൺസെടുത്ത റിങ്കു സിങ് പുറത്താകാതെ നിന്നു. തുടക്കത്തിൽ തന്നെ ഓപ്പണർമാരായ യശസ്വി ജയ്സ്വാളിനെയും ശുഭ്‌മാൻ ഗില്ലിനെയും ഇന്ത്യയ്ക്ക് നഷ്‌ടപ്പെട്ടു. പിന്നാലെ മൂന്നാം വിക്കറ്റിൽ തിലക് വർമ – സൂര്യകുമാർ സഖ്യം 49 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്നിങ്സിൽ ഒരു നില ഉണ്ടാക്കി. പിന്നാലെ 20 പന്തിൽ നിന്ന് 29 റൺസുമായി തിലക് മടങ്ങി.
തുടർന്ന് നാലാം വിക്കറ്റിൽ സൂര്യയ്ക്കൊപ്പം റിങ്കു സിങ് ചേർന്നതോടെ ഇന്ത്യൻ സ്കോർ മുന്നിലേയ്ക്ക് കുതിച്ചു. ഇരുവരും അതിവേഗം 70 റൺസ് ചേർത്തു. 36 പന്തിൽ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 56 റൺസെടുത്ത സൂര്യയെ മടക്കി തബ്രൈസ് ഷംസിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ജിതേഷ് ശർമയുടെ (1) വിക്കറ്റും ഇന്ത്യയ്ക്ക് നഷ്‌ടമായി. 19 റൺസെടുത്ത രവീന്ദ്ര ജഡേജ, റിങ്കുവിന് പിന്തുണ നൽകിയതോടെ സ്കോർ 180-ൽ എത്തി. ദക്ഷിണാഫ്രിക്കയ്ക്കായി ജെറാൾഡ് കോട്ട്സി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റീസ ഹെൻഡ്രിക്‌സ് 27 പന്തിൽ 49 റൺസ് നേടി. ക്യാപ്റ്റൻ എയ്ഡൻ മാർക്രം 17 പന്തിൽ 30 റൺസും മാത്യു ബ്രിയറ്റ്സ്ക ഏഴ് പന്തിൽ 16 റൺസും നേടി. 12 പന്തിൽ 17 റൺസ് നേടിയ ഡേവിഡ് മില്ലർ മുകേഷ് കുമാറിൻ്റെ ബോളിൽ സിറാജിന് ക്യാച്ച് നൽകി പുറത്തായി. 13-ാം ഓവറിലെ അഞ്ചാം പന്തിൽ ജഡേജയെ സിക്‌സ് പറത്തിയാണ് ആൻഡിൽ ഫെഹ്ലുക്വായോ ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ട്രിസ്റ്റൻ സ്റ്റബ്‌സ് 12 പന്തിൽ 14 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി മുകേഷ് കുമാർ രണ്ടും മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.