ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി ഇന്ത്യ. ദക്ഷിണാഫ്രിക്ക ഉയർത്തിയ 117 റൺസ് വിജയ ലക്ഷ്യത്തിലേക്ക് 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയെത്തി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ലീഡ് നേടി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക 27.3 ഓവറിൽ 116 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ദക്ഷിണാഫ്രിക്കയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്ങാണ് പ്രോട്ടിസിനെ തകർത്തത്. ആവേശ് ഖാൻ നാല് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഓവറിൽ തന്നെ അർഷ്‌ദീപ്, റീസ ഹെൻട്രിക്‌സിനെ മടക്കി. തൊട്ടടുത്ത പന്തിൽ റാസ്സി വാൻഡെർ ദസ്സൻ (0) വിക്കറ്റിന് മുന്നിൽ കുടുങ്ങി. മൂന്നാം വിക്കറ്റിൽ ടോണി ഡി സോർസിയും ക്യാപ്റ്റൻ ഏയ്‌ഡൻ മാർക്രവും ചേർന്ന് സ്കോർ 42-ൽ എത്തിച്ചതിന് പിന്നാലെ സോർസിയേയും (28) അർഷ്‌ദീപ് പുറത്താക്കി. പിന്നാലെ ഹെന്റിച്ച് ക്ലാസനും (6) വീണു.
12 റൺസെടുത്ത മാർക്രത്തിനെ വീഴ്ത്തിയാണ് ആവേശ് ഖാൻ കളി ആരംഭിച്ചത്. തൊട്ടടുത്ത പന്തിൽ വിയാൻ മൾഡറും (0) ആവേശിനു മുന്നിൽ വീണു. പിന്നാലെ ഡേവിഡ് മില്ലറെയും (2) മടക്കി ആവേശ് പ്രോട്ടീസിനെ പ്രതിരോധത്തിലാക്കി. വിയാൻ മൾഡറെയും ആവേശ് ഖാൻ വിക്കറ്റിന് മുന്നിൽ കുടുക്കി. ഒൻപതാം വിക്കറ്റിൽ ഫെഹ്ലുക്‌വായ നടത്തിയ ഒറ്റയാൾപ്പോരാട്ടമാണ് ടീം സ്കോർ നൂറ് കടത്തിയത്. 33 റൺസെടുത്ത താരം അർഷ്‌ദീപിൻ്റെ പന്തിൽ വിക്കറ്റിന് മുന്നിൽ വീഴുകയായിരുന്നു. നാന്ദ്രെ ബർഗറെ കുൽദീപും മടക്കിയതോടെ ദക്ഷിണാഫ്രിക്ക പൂർണ്ണമായും തകരുകയായിരുന്നു.
ഇന്ത്യൻ ബാറ്റർമാരിൽ സായ് സുദർശൻ അരങ്ങേറ്റ മത്സരം മികവുറ്റതാക്കി. 43 പന്തുകളിൽ നിന്ന് 55 റൺസെടുത്ത് താരം പുറത്താകാതെനിന്നു. ഋതുരാജ് ഗെയ്ക്വാദിനൊപ്പം ഓപ്പണിങ്ങിൽ ഇറങ്ങിയ സുദർശന്റെ അർധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായത്. ശ്രേയസ് അയ്യരും അർധ സെഞ്ച്വറി നേടി. 45 പന്തുകളിൽ നിന്ന് 52 റൺസാണ് താരം നേടിയത്. ടീം സ്കോർ 23-ൽ നിൽക്കേ വിയാൻ മുൾഡറിൻ്റെ പന്തിന് മുന്നിൽ കുരുങ്ങി ഗെയ്ക്‌വാദാണ് ആദ്യം മടങ്ങിയത്. പിന്നാലെ ശ്രേയസ് അയ്യരും സുദർശനും ചേർന്ന് വിജയലക്ഷ്യത്തിലേക്ക് പൊരുതി. വിജയിക്കാൻ വെറും ആറ് റൺസ് ബാക്കിനിൽക്കേ ശ്രേയസ് അയ്യർ മടങ്ങി. പിന്നാലെയെത്തിയ തിലക് വർമയെത്തി സുദർശനൊപ്പം ചേർന്ന് കളി ജയിപ്പിക്കുകയായിരുന്നു.