ഇന്ത്യൻ ക്രിക്കറ്റിന്റെ വിപ്ലവ നായകൻ, ആരാധകരുടെ സ്വന്തം ‘ദാദ’

Date:

Share post:

ഇന്ത്യൻ ക്രിക്കറ്റിൽ എടുത്തുകാട്ടാൻ ലോക കിരീടങ്ങളില്ല, വിലപ്പെട്ട നേട്ടങ്ങളില്ല. എങ്കിലും ഒരു പറ്റം ക്രിക്കറ്റ് ആരാധകർക്ക് അയാൾ ക്രിക്കറ്റിന്റെ വിപ്ലവ നായകനായിരുന്നു, ഓഫ് സൈഡിലെ ദൈവമായിരുന്നു. അതെ, ഇതിഹാസ താരം സൗരവ് ഗാംഗുലി, ആരാധകരുടെ പ്രിയപ്പെട്ട ‘ദാദ’.

തോൽ‍ക്കാൻ മനസില്ലാത്ത, തോൽവിയെ മരണം പോലെ കണ്ട് പോരാടുന്ന ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും ശക്തനായ പോരാളിയായിരുന്നു സൗരവ് ഗാംഗുലി. തന്റെ കാലഘട്ടം വരെ ക്രിക്കറ്റ് ലോകം കണ്ടിരുന്ന നായകന്മാരിൽ നിന്നും വ്യത്യസ്ഥമായി എതിരാളിയെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുകയും സഹതാരങ്ങളെ പ്രജകളേപ്പോലെ സംരക്ഷിക്കുകയും ചെയ്ത ​ഗാം​ഗുലിയെ ടീം അം​ഗങ്ങൾ അങ്ങേയറ്റം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. തോൽവികൾക്കിടയിൽ നിന്ന് ഇന്ത്യയെ തലയുയർത്തി നിർത്താൻ പോന്ന കരുത്തനായ ദാദയുടെ കളത്തിലെ പ്രകടനങ്ങൾ ആരാധകർക്ക് എന്നും ഹരമായിരുന്നു.

കരിയറിലെ വളർച്ച

1992-ൽ കരുത്തരായ വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിനത്തിലൂടെ ആയിരുന്നു ​ഗാം​ഗുലി രാജ്യാന്തര ക്രിക്കറ്റിലേക്ക് അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഒരു 19-കാരന്റെ പരിമിതികൾ ​ആ യുവതാരത്തെ വരിഞ്ഞുമുറുക്കി. ക്രിക്കറ്റിന്റെ ഉള്ളിലെ കളികൾ മനസിലാക്കാതെ എത്തിയതുകൊണ്ടുതന്നെ ആദ്യ മത്സരത്തിൽ 13 പന്ത് നേരിട്ട ഗാംഗുലിക്ക് മൂന്ന് റൺസ് മാത്രമായിരുന്നു നേടാൻ സാധിച്ചത്. ഒരു തുടക്കക്കാരനിൽ നിന്നും ക്രിക്കറ്റ് ലോകം അത്രമാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളു എന്നതാണ് മറ്റൊരു വാസ്തവം. ഏകദിന ക്രിക്കറ്റിൽ അരങ്ങേറി നാല് വർഷങ്ങൾക്ക് ശേഷമാണ് ഗാംഗുലിക്ക് ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സി അണിയാൻ ഭാഗ്യം ലഭിക്കുന്നത്.

ടെസ്റ്റിലെ ആദ്യമത്സരം തന്നെ ക്രിക്കറ്റിലെ ആരും ഭയക്കുന്ന പോരാളികളായ ഇംഗ്ലണ്ടിനെതിരെയായിരുന്നു. ക്രിക്കറ്റിൻ്റെ മെക്കയായ ലോർഡ്സിൽ ചങ്കുറപ്പോടെയാണ് അയാൾ അരങ്ങേറ്റം കുറിക്കാനിറങ്ങിയത്. ആദ്യ മത്സരത്തിൽ തന്നെ ഇംഗ്ലണ്ടിനെതിരെ 20 ബൗണ്ടറികളോടെ സെഞ്ച്വറി നേടിയ ​ഗാം​ഗുലി ഞൊടിയിടയിൽ ലോക ക്രിക്കറ്റിന്റെ ശ്രദ്ധാകേന്ദ്രമായി മാറി. ക്രിസ് ലൂയിസ്, ഡൊമിനിക്ക് കോർക്ക്, അലൻ മുല്ലാലി എന്നീ കരുത്തരായ ബൗളിങ് നിരയ്ക്കെതിരെയാണ് ഗാംഗുലി അന്ന് നിറഞ്ഞാടിയത്. അതുവരെ അത്ര സുപരിചിതമല്ലാതിരുന്ന സൗരവ് ​ഗാം​ഗുലി എന്ന പേര് അന്ന് ​ഗ്യാലറിയിൽ ഉയർന്നുകേട്ടു. അതായിരുന്നു അയാളുടെ കരിയറിലെ ബ്രേക്കും.

നായകവേഷത്തിൽ ദാദ

ഒരു ടീമിനെ മികച്ചരീതിയിൽ നയിക്കാൻ കെൽപ്പുണ്ടായിരുന്ന ​ഗാം​ഗുലിയുടെ കരങ്ങളിൽ ഇന്ത്യൻ ടീമെത്തിയത് 2000ത്തിലായിരുന്നു. ദാദ എന്ന നായകന് പിന്നിൽ സഹതാരങ്ങൾ ഒന്നടങ്കം അണിനിരന്നു. കോഴ വിവാദത്തിലും ഒത്തുകളി ആരോപണത്തിലും അകപ്പെട്ട് കൂപ്പുകുത്താനൊരുങ്ങി നിന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കരകയറ്റാൻ എത്തിയ ദൈവദൂതൻ തന്നെയായിരുന്നു ​ഗാം​ഗുലി.

യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് പുതിയ ഒരു ടീമിനെ തന്നെയായിരുന്നു ഗാംഗുലി അന്ന് വളർത്തിയെടുത്തത്. വിരേന്ദർ സെവാഗ്, ഹർഭജൻ സിങ്, യുവരാജ് സിങ്, എംഎസ് ധോണി എന്നിവരെല്ലാം ദാദയ്ക്ക് കീഴിൽ ഇന്ത്യക്ക് വേണ്ടി കയ്യും മെയ്യും മറന്ന് പോരാടി. ടെസ്റ്റിലും ഐസിസി ടൂർണമെൻ്റുകളിലുമെല്ലാം അവർ ഒറ്റക്കെട്ടായി പൊരുതി.

പ്രതികാരത്തിന്റെ കഥ

സൗരവ് ​ഗാം​ഗുലിയെക്കുറിച്ച് പറയുമ്പോൾ അക്കൂട്ടത്തിൽ ഒരു പ്രതികാരത്തിന്റെ കഥ പറയാതെ വയ്യ. ഒരിക്കൽ തോൽവി ഏറ്റുവാങ്ങി നിശബ്ദനായി കളം വിട്ടിറങ്ങിയ ഒരു നായകന്റെ മധുര പ്രതികാരത്തിന്റെ കഥ. 2002 ഫെബ്രുവരി 3ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയുടെ ഫൈനൽ മത്സരം നടക്കുകയായിരുന്നു. അന്ന് ഇം​ഗ്ലണ്ടിന്റെ സ്റ്റാർ ഓൾ റൗണ്ടർ അൻഡ്രൂ ഫ്ലിന്റോഫിന്റെ ബോളിന് മുന്നിൽ ഇന്ത്യയ്ക്ക് പരാജയം സമ്മതിക്കേണ്ടി വന്നു. ഒരു ഭാ​ഗത്ത് തന്റെ ജേഴ്സിയൂരി ചുഴറ്റി ഇന്ത്യൻ ടീമിനെയും നായകനെയും പരമാവധി കളിയാക്കുന്ന ഫ്ലിന്റോഫ്, മറുവശത്ത് നാണക്കേടുകൊണ്ട് തലകുനിച്ച് സ്റ്റേഡിയം വിട്ടിറങ്ങുന്ന ക്യാപ്റ്റൻ​ ​ഗാം​ഗുലി.

ഇം​ഗ്ലണ്ടിന്റെ അധിക്ഷേപം അതിരുകടന്നപ്പോൾ അയാൾ മനസിൽ കുറിച്ചിട്ടത് അതേ നാണയത്തിൽ മറുപടി നൽകാൻ തന്നെയായിരുന്നു. ഏതാനും മാസങ്ങൾക്കിപ്പുറം ജൂലൈ 13-ന് ലോർഡ്‌സിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാറ്റ്വെസ്റ്റ് ട്രോഫിയുടെ ഫൈനലിന് വേദിയൊരുങ്ങി. അഞ്ച് മാസങ്ങൾക്കിപ്പുറം തങ്ങളുടെ എതിരാളിയെ അതിശക്തമായി നേരിടാനുറച്ചായിരുന്നു ദാദയും സംഘവുമെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 326 എന്ന അക്കാലത്തെ കൂറ്റൻ വിജയലക്ഷ്യങ്ങളിലൊന്നാണ് ഇന്ത്യക്ക് മുന്നിലേക്ക് വെച്ചത്. നിരവധി നാടകീയ സംഭവങ്ങൾക്കൊടുവിൽ മത്സരം അവസാന ഓവറിലുമെത്തി. ഇംഗ്ലണ്ടിന്റെ ആൻഡ്രൂ ഫ്ലിന്റോഫായിരുന്നു മത്സരത്തിൻ്റെ അവസാന ഓവർ പന്തെറിഞ്ഞത്. ഒരുപക്ഷേ ഒരിക്കൽ നേരിടേണ്ടി വന്ന പരാജയത്തിന് മറുപടി ഏറ്റുവാങ്ങാൻ കാലം തിരഞ്ഞെടുത്തതാകാം ഫ്ലിന്റോഫിനെ.

ഓവറിലെ മൂന്നാം പന്ത് കവർ പോയിൻ്റിലേയ്ക്ക് തട്ടിയിട്ട് സഹീർ ഖാൻ സാഹസികമായൊരു റൺസിനായി ഓടുന്നു. പിന്നാലെ, ഓവർ ത്രോ ആയ പന്തിൽ ഒരു റൺ കൂടി ഓടിയെടുത്ത് സഹീറും കൈഫും ചേർന്ന് ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ഈ സമയം, ലോർഡ്‌സിലെ ബാൽക്കണിയിൽ തന്റെ ജേഴ്‌സി ഊരി വീശിക്കൊണ്ടായിരുന്നു ദാദ ഇന്ത്യയുടെ വിജയം ആഘോഷിച്ചത്. അയാളുടെ മുഖത്ത് അന്ന് ചിരിയോ സന്തോഷമോ അല്ല പ്രകടമായിരുന്നത്. മറിച്ച് വന്യമായ ഒരുതരം ഉന്മാദമായിരുന്നു. ഒരിക്കൽ ഇം​ഗ്ലണ്ടിന് മുന്നിൽ നിന്ന് തലകുനിച്ചിറങ്ങേണ്ടി വന്ന അയാൾ ഒരുതരം രോഷത്തോടെ തന്റെ ജേഴ്സി ഉയർത്തി ചുഴറ്റിക്കൊണ്ടേയിരുന്നു. ഒരുപക്ഷേ കാലം കാത്തുവെച്ച ഒരു കാവ്യനീതിയായിരിക്കാം ഗാംഗുലിക്ക് അന്നത്തെ ഐതിഹാസിക വിജയം.

കളിക്കളത്തിന് പുറത്തേക്ക്

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിറഞ്ഞാടിയിരുന്ന ​ഗാം​ഗുലി എന്ന അതുല്യപ്രതിഭ പാഡഴിക്കുന്നത് 2008ലാണ്. ക്രിക്കറ്റ് കരിയറിൽ 113 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 16 സെഞ്ച്വറിയോടെ 7,212 റൺസും 311 ഏകദിനത്തിൽ 22 സെഞ്ച്വറിയോടെ 11,363 റൺസുമാണ് കൊൽക്കത്തയുടെ രാജകുമാരൻ സ്വന്തമാക്കിയത്. വിരമിച്ചതിന് ശേഷം ക്രിക്കറ്റ് കമന്റേറ്ററുടെ വേഷമണിഞ്ഞ ഗാംഗുലി 2015-ൽ ക്രിക്കറ്റ് ബോർഡായ ബിസിസിഐയുടെ തലപ്പത്തുമെത്തി.

വിദേശത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ ജയിച്ച ഇന്ത്യൻ നായകനെന്ന റെക്കോർഡ് സ്വന്തം പേരിലുള്ള ഇദ്ദേഹം എക്കാലെത്തയും മികച്ച ഇന്ത്യൻ നായകന്മാരിൽ ഒരാളാണ്. നിലവിൽ ഏകദിന ക്രിക്കറ്റിൽ റൺവേട്ടയിൽ എട്ടാമനായ ഇദ്ദേഹം 10,000 റൺസ് എന്ന നാഴികക്കല്ല് മറികടന്ന മൂന്നാമത്തെ വ്യക്തി കൂടിയാണ്. സച്ചിൻ ടെണ്ടുൽക്കർ, ഇൻസമാം-ഉൽ-ഹഖ് എന്നിവരാണ് ഇക്കാര്യത്തിൽ ​ഗാം​ഗുലിക്ക് മുന്നിലുള്ളത്. 2002-ൽ വിസ്‌ഡൻ ഗാംഗുലിയെ വിവിയൻ റിച്ചാർഡ്‌സ്, സച്ചിൻ ടെണ്ടുൽക്കർ, ബ്രയാൻ ലാറ, ഡീൻ ജോൺസ്, മൈക്കൽ ബെവൻ എന്നിവർക്ക് ശേഷം ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ആറാമത്തെ ബാറ്റ്സ്മാനായി തിരഞ്ഞെടുക്കുകയും ചെയ്തു. നിലവിൽ ഐപിഎൽ ഫ്രാഞ്ചൈസിയായ ഡൽഹി ക്യാപിറ്റൽസിൻ്റെ ഡയറക്‌ടർ കൂടിയാണ് അദ്ദേഹം.

ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി ഇത്രയേറെ സംഭാവനകൾ നൽകിയ ​ദാദയെ രാജ്യം തന്നെ ആദരിച്ചു. 2004ൽ രാജ്യത്തെ വലിയ സിവിലിയൻ ബഹുമതികളിലൊന്നായ പത്മശ്രീ നൽകിയാണ് ഇന്ത്യ സൗരവ് ​ഗാം​ഗുലി എന്ന പ്രതിഭയെ ബഹുമാനിച്ചത്. ഒന്നര പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ക്രിക്കറ്റ് കരിയറിൽ ബാറ്റുകൊണ്ട് വിസ്‌മയം തീർത്ത ദാദ ഇന്നും ആരാധകർക്കിടയിൽ നായകൻ തന്നെയാണ്. ക്രിക്കറ്റിലെ വിപ്ലവ നായകൻ.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...