മാനം മുട്ടെ സിക്സർ; മനം കവരും വീരന്മാർ

Date:

Share post:

കാണികൾക്കെന്നും ഹരമാണ് ക്രിക്കറ്റ്. വീഴുന്നവരും വാഴുന്നവരും ആരാധകരുമുൾപ്പെട്ട ഒരു അങ്കത്തിൻ്റെ നിറച്ചാർത്താണ് ക്രിക്കറ്റ് ലോകം സമ്മാനിക്കുന്നത്. ഇന്ത്യയിൽ സിനിമ കഴിഞ്ഞാൽ, ഒരുപക്ഷേ സിനിമയേക്കാൾ ഒരുപടി മുന്നിൽ പ്രായഭേദമന്യേ ജനങ്ങൾ ഏറ്റെടുത്ത വിനോദമാണ് ക്രിക്കറ്റ്. ഓരോ ടൂർണമെൻ്റുകൾ അവസാനിക്കുമ്പോഴും പുതു ചരിത്രം സൃഷ്ടിക്കപ്പെടുന്ന ക്രിക്കറ്റിൻ്റെ മായികഭാവം തന്നെയാകാം ഒരുപക്ഷേ ജനങ്ങളെ ഇത്രമേൽ ആകർഷിക്കാൻ കാരണം.

ക്രിക്കറ്റിനേക്കുറിച്ച് പറയുമ്പോൾ സിക്സറുകളേക്കുറിച്ച് പറയാതിരിക്കുന്നതെങ്ങിനെ, അല്ലേ? ഓരോ താരങ്ങളും വെടിക്കെട്ട് ബാറ്റിങ്ങും ബൗളിങ്ങും കാഴ്ചവെയ്ക്കുമ്പോഴും അവയിൽ ഏറെ ആഘോഷിക്കപ്പെടുന്നത് സിക്സറുകളാണ്. ചില താരങ്ങൾ ബാറ്റെടുത്ത് ചുഴറ്റിയാൽ പറക്കുന്നത് സിക്സറുകളാണ്. മറ്റുചിലർക്ക് കളിക്കിടെ വീണുകിട്ടുന്ന സൗഭാ​ഗ്യങ്ങളാണ് പലപ്പോഴും ഈ സിക്സറുകൾ. എന്തായാലും അടിച്ചുകൂട്ടുന്ന സിക്സറുകളുടെ പേരിൽ റെക്കോർഡുകൾ വരെ വാരിക്കൂട്ടിയ താരങ്ങളുണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ. ആറ് പന്തിൽ ആറ് സിക്സർ അടിച്ച് ചരിത്രം സൃഷ്ടിച്ചവരുമുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകളടിച്ച താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത് മറ്റാരുമല്ല, ഇന്ത്യൻ നായകൻ രോഹിത് ശർമ തന്നെയാണ്. 573 സിക്സറുകളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. വെസ്റ്റ് ഇന്ത്യൻ സൂപ്പർ താരം ക്രിസ് ഗെയിലിനെമറികടന്നായിരുന്നു നേട്ടം. രോഹിത് ബാറ്റെടുത്ത് വീശിയാൽ വീഴുന്നത് പടുകൂറ്റൻ സിക്റുകളാണെന്ന് പറ‍ഞ്ഞാലും അതിശയോക്തിയില്ല.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന 2023 ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ സെമിയൽ മൂന്ന് സിക്സ് നേടിയതോടെ താരം മറ്റൊരു സിക്സർ റെക്കോർഡുകൂടി സ്വന്തമാക്കി. ലോകകപ്പിൽ മാത്രം അടിച്ചുകൂട്ടിയ സിക്സുകളുടെ എണ്ണം 50 പിന്നിട്ടു. വെറും 27 ഇന്നിങ്സുകളിൽ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയതെന്നതാണ് എടുത്തുപറയേണ്ടത്. ലോകകപ്പിൽ ഒരു സീസണിൽ ഏറ്റവുമധികം സിക്സറുകളടിച്ച താരം എന്ന റെക്കോഡും രോഹിത്തിന് സ്വന്തമാണ്.

മുൻ വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയ്ലിന്റെ റെക്കോഡാണ് തന്റെ സിക്സർ പോരാട്ടത്തിൽ രോഹിത് ശർമ്മ മറികടന്നത്. കളത്തിലിറങ്ങുമ്പോൾ ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമെന്ന ഗെയ്ലിന്റെ ഓൾടൈം റെക്കോർഡിന് ഒന്ന് മാത്രം പിറകിലായിരുന്നു രോഹിതിന്റെ സ്ഥാനം. 34 ഇന്നിങ്സുകളിൽ നിന്ന് 49 സിക്സുകളാണ് ​ഗെയിൽ നേടിയിരുന്നത്. ഏകദിന ലോകകപ്പിൻ്റെ ചരിത്രത്തിൽ 50 സിക്സറുകളടിച്ച ലോകത്തിലെ ആദ്യ താരവും ഇന്ത്യൻ നായകനാണ്. ഇതിനിടെ ഒരു കലണ്ടർ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമെന്ന റെക്കോർഡും (59) രോഹിത് സ്വന്തം പേരിലെഴുതി. ദക്ഷിണാഫ്രിക്കന്‍ താരം എ.ബി ഡി. വില്ലിയേഴ്‌സിന്റെ റെക്കോര്‍ഡാണ്(58) രോഹിത് ശര്‍മ്മ മറികടന്നത്.

ക്രിസ് ഗെയ്ലിന്റെ റെക്കോർഡ് രോഹിത് മറികടന്നെങ്കിലും ക്രിക്കറ്റിന്റെ ചരിത്രത്തിൽ ​ഗെയിലിന്റെ സിക്സറുകൾ ഒരിക്കലും വിസ്മരിക്കാൻ സാധിക്കുന്നതല്ല. ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന മുൻ റെക്കോർ‍ഡ് ക്രിസ് ഗെയ്ൽ സ്വന്തമാക്കുന്നത് 2019ലെ ലോകകപ്പിലായിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ തകർത്ത് വിൻഡീസ് ഏഴ് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ബൗളിങ്ങിൽ ഓഷേൻ തോമസും ബാറ്റിങ്ങിൽ ക്രിസ് ഗെയ്ലും ചേർന്ന് നടത്തിയ പ്രകടനത്തിൽ വിൻഡീസ് ജയിച്ചതിന് പുറമെ ഏറ്റവും കൂടുതൽ സിക്സുകൾ അടിച്ച താരമായും ഗെയ്ൽ മാറി. 37 സിക്സുകളുമായി ദക്ഷിണാഫ്രിക്കൻ മുൻ നായകൻ എ.ബി ഡി. വിലേഴ്സിന്റെ പേരിലായിരുന്നു അന്ന് ഈ റെക്കോർഡ്. പാക്കിസ്ഥാനുമായുള്ള പോരാട്ടത്തിന് മുമ്പ് ഗെയ്ലിന് എ.ബി ഡി. വിലേഴ്സിന്റെ റെക്കോർഡ് ഭേദിക്കാൻ വേണ്ടിയിരുന്നത് രണ്ട് സിക്സുകൾ മാത്രമായിരുന്നു.

എന്നാൽ പാക്കിസ്ഥാനെതിരെ മൂന്ന് സിക്സറുകൾ പായിച്ച് എ.ബി ഡി. വിലേഴ്സിനേക്കാൾ ഒരുപടി മുന്നിലെത്തി ക്രിസ് ഗെയ്ൽ. അവിടംകൊണ്ടും തീർന്നില്ല താരത്തിന്റെ സിക്സർ വേട്ട. 34 ഇന്നിങ്സുകളിൽ നിന്ന് 49 സിക്സുകൾ നേടിയാണ് ​ഗെയിൽ തന്റെ റെക്കോർഡ് ഉരുക്കിട്ടുറപ്പിച്ചത്. നിലവിൽ 573 സിക്സറുകളാണ് താരം തന്റെ അക്കൗണ്ടിൽ ചേർത്തിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും, ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയിട്ടുള്ള കളിക്കാരനുമായ അദ്ദേഹം ടി20 ക്രിക്കറ്റിൽ 14,000 റൺസിലധികം സ്കോർ നേടുകയും 1,000ലധികം സിക്സറുകൾ നേടുകയും ചെയ്ത ഒരേയൊരു കളിക്കാരനുമാണ്. ദി യൂണിവേഴ്സ് ബോസ് എന്ന തൻ്റെ വിളിപ്പേര് അന്വർത്ഥമാക്കുന്നതായിരുന്നു മികച്ച ഏകദിന, ടെസ്റ്റ് ബാറ്ററായ ​ഗെയ്ലിൻ്റെ ഓരോ പ്രകടനവും.

രോഹിത് ശർമ്മ, ക്രിസ് ഗെയ്ൽ എന്നിവർ കഴിഞ്ഞാൽ ലോകകപ്പിൽ കൂടുതൽ സിക്സറുകളടിച്ച മറ്റു താരങ്ങൾ ഓസ്ട്രേലിയൻ സ്റ്റാർ ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെൽ, സൗത്താഫ്രിക്കൻ ഇതിഹാസം എ.ബി ഡി. വില്ലിയേഴ്സ്, ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ, പാക്കിസ്ഥാൻ താരം ഷഹിൻ അഫ്രീദി, ന്യൂസിലൻഡ് താരം ബ്രണ്ടൻ മല്ലക്കം എന്നിവരാണ്. സിക്സറുകളുടെ എണ്ണത്തിൽ ചരിത്രം സൃഷ്ടിച്ചിട്ടില്ലെങ്കിലും ചില സിക്സറുകൾ ആരാധകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത വിധത്തിൽ ആഴത്തിൽ പതിഞ്ഞവയാണ്. 2007 ലെ ലോകകപ്പിൽ ആറ് പന്തിൽ ആറ് സിക്സറുകൾ പറത്തി ദക്ഷിണാഫ്രിക്കയുടെ ഗിബ്സും സിക്സർ ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ട്വൻ്റി-20 ലോകകപ്പിൽ ആറ് പന്തിൽ ആറ് സിക്സർ അടിച്ച കളത്തിലെ പോരാളിയാണ് ഇന്ത്യൻ ക്രിക്കറ്റർ യുവരാജ് സിങ്ങ്.

2011 ഏകദിന ലോകകപ്പിലെ ഇന്ത്യൻ കിരീട വിജയത്തിന് പുറമെ ഇന്ത്യയുടെ മികച്ച പല പ്രകടനങ്ങൾക്കും ചുക്കാൻ പിടിച്ച താരമായ യുവരാജ് സിങ്ങ് ഒരു സൂപ്പർമാനായി മാറുന്നത് 2007-ലെ ട്വന്റി20 ലോകകപ്പിലാണ്. ക്രിക്കറ്റിലെ കരുത്തരായ ഇംഗ്ലണ്ടിനെതിരെ ഒരു ഓവറിൽ ആറ് സിക്സ് അടിച്ച് അവിശ്വസനീയ പ്രകടനമാണ് അന്ന് യുവി കാഴ്ചവെച്ചത്. കാണികൾക്ക് അതൊരു ക്രിക്കറ്റ് സ്വീകരണം തന്നെയായിരുന്നു. ആറ് സിക്സർ ഉൾപ്പെടെ 12 പന്തിൽ 50 കടന്ന യുവി, ഏഴ് സിക്സറും മൂന്ന് ബൗണ്ടറിയുമുൾപ്പെടെ 16 പന്തിൽ 58 റൺസാണ് അന്ന് അടിച്ചുകുട്ടിയത്. ഓവറിലെ ആദ്യ പന്ത് വൈഡ് ലോങ്ങോണിന് മുകളിലൂടെ, രണ്ടാം പന്ത് സ്ക്വയർ ലെഗിന് മുകളിലൂടെ, മൂന്നാം പന്ത് എക്സ്ട്രാ കവറിന് മുകളിലൂടെ, നാലാം പന്ത് ബാക്ക്വേഡ് പോയിന്റ് മറികടന്ന്, അഞ്ചാം പന്ത് മിഡിക്കറ്റിന് മുകളിലൂടെ, ഓവറിലെ അവസാന പന്ത് മിഡോണിന് മുകളിലൂടെ… അങ്ങനെ ആരും അതിശയിച്ചുപോകുന്ന ബാറ്റിങ്!! ലോകകപ്പ് വേദിയിലെ ഈ അവിശ്വസനീയ പ്രകടനങ്ങളിലൂടെ ഇന്ത്യൻ ക്രിക്കറ്റിൽ സ്വന്തം സ്ഥാനം അടിവരയിട്ടു യുരാജ് സിങ്ങെന്ന പ്രതിഭ.

ശ്രീലങ്കയുടെ സൂപ്പർ താരം സനത് ജയസൂര്യയും സിക്സുകൾ പറത്തുന്നതിൽ ഒട്ടും പിന്നോട്ടല്ല. ടെസ്റ്റ് ക്രിക്കറ്റിൽ 59 സിക്സറും ഏകദിനത്തിൽ 270 സിക്സറും ടി20യിൽ 114 സിക്സറുകളുമാണ് താരം അടിച്ചുകൂട്ടിയത്. എക്കാലത്തെയും മികച്ച ആക്രമണ ബാറ്റ്സ്മാൻമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ജയസൂര്യ ഒരു ഓൾ റൗണ്ടർ കൂടിയാണ്. ഏകദിന ക്രിക്കറ്റിൽ 10,000-ത്തിലധികം റൺസ് നേടുകയും 300-ലധികം വിക്കറ്റുകൾ നേടുകയും ചെയ്ത താരം പരിമിത ഓവർ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാൾ കൂടിയാണ്.

കരുത്തുറ്റ സിക്സറുകൾകൊണ്ട് വെസ്റ്റിൻഡീസ് താരങ്ങൾ സിക്സറുകൾ പറത്തുമെങ്കിലും പ്രതിഭകൾകൊണ്ട് ക്രിക്കറ്റ് പന്തിനെ അതിർത്തി കടത്തുന്നവരും കുറവല്ല. ഇടംകൈയ്യൻമാരുടെ സിക്സറുകൾക്ക് പ്രത്യേകചാരുതയുണ്ടെന്നാണ് ആരാധകരുടെ വിശ്വാസം. ഇന്ത്യൻ മുൻക്യാപ്റ്റൻ സൗരവ് ഗാംഗുലി ക്രീസിന് പുറത്തിറങ്ങി ഗാലറിക്ക് പുറത്തേക്കടിക്കുന്ന സിക്സറുകൾക്കും മുൻതാരം റോബിൻസിംഗ് മുട്ടുകുത്തിയടിക്കുന്ന സിക്സറുകൾക്കും കാഴ്ചക്കാർ ഏറെയുണ്ട്. സാക്ഷാൽ ധോണിയുടെ ഹെലികോപ്ടർ ഷോട്ടുകൾ കാണികളെ വിസ്മയിപ്പിക്കുന്നതാണ്.

ഒന്നിനൊന്ന് മികച്ചതാണ് ക്രിക്കറ്റ് ചരിത്രത്തിലെ സിക്സറുകളുടേയും സിക്സർ വീരന്മാരുടേയും കഥകൾ. ഇടംകൈയനായാലും വലംകൈയനായാലും ഓരോ സിക്സറുകളും ഓരോ പ്രതീക്ഷകളാണ് കളിക്കാരിലും കാണികളിലുമെത്തിക്കുന്നത്. റെക്കോർഡുകൾക്കപ്പുറം നേട്ടങ്ങളുടെ തിളക്കം തന്നെയാണ് ഓരോ സിക്സറുകളും സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ ചരിത്രം സൃഷ്ടിച്ചും ​ഗ്യാലറിയെ കോരിത്തരിപ്പിച്ചും പിറക്കാനിരിക്കുന്ന ഓരോ സിക്സറുകൾക്കുമായി നമുക്ക് കാത്തിരിക്കാം.

എഴുത്ത്: ലിറ്റി ജോസ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....