ബിസിസിഐയുടെ ശക്തമായ നടപടി നേരിടേണ്ടിവന്നതോടെ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയമായ താരങ്ങളാണ് ശ്രേയസ് അയ്യരും ഇഷാൻ കിഷനും. ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് പുറത്തായതിന് പിന്നാലെ രഞ്ജി ട്രോഫിയിലേക്ക് ശ്രേയസ് അയ്യർ മടങ്ങിയെത്തിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. രഞ്ജി ട്രോഫി സെമി ഫൈനൽ മത്സരത്തിൽ തമിഴ്‌നാടിനെതിരെയുള്ള മുംബൈ ടീമിലാണ് ശ്രേയസും ചേർന്നത്.
പുറം വേദനയാണെന്ന് പറഞ്ഞ് ശ്രയസും ചില മാനസിക വിഷമങ്ങൾ മുൻനിർത്തി ഇഷാനും ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. ഇതോടെ രഞ്ജി ട്രോഫി കളിക്കുന്നവരെ മാത്രമേ ഐപിഎലിലേക്ക് പരിഗണിക്കൂവെന്ന് ബിസിസിഐ അന്ത്യശാസനമിറക്കിയെങ്കിലും അത് ചെവിക്കൊള്ളാൻ ഇരുവരും തയ്യാറായില്ല. തുടർന്ന് ബിസിസിഐ വാർഷിക കരാറിൽ നിന്ന് ഇരുവരെയും പുറത്താക്കുകയായിരുന്നു.
പിന്നാലെ 2024ലെ ട്വന്റി20 ലോകകപ്പിനുള്ള ടീമിലും ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും സ്ഥാനം ലഭിക്കില്ലെന്ന വിധത്തിലുള്ള വാർത്തകളും പുറത്തുവരാൻ തുടങ്ങി. ഇതോടെയാണ് ശ്രേയസ് രഞ്ജിയിലേയ്ക്ക് തിരിച്ചുവരാൻ തയ്യാറായത്. എന്തായാലും ബിസിസിഐയുടെ നടപടി ഫലം കണ്ടുവെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.