ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫിയിൽ കളിക്കാനിറങ്ങിയ ഇന്ത്യൻ താരം ശ്രേയസ് അയ്യർക്ക് വീണ്ടും ആരോഗ്യപ്രശ്നങ്ങൾ. ശക്തമായ പുറംവേദനയേത്തുടർന്ന് നാലാം ദിനം മുംബൈക്കൊപ്പം ഫീൽഡിങ്ങിന് ഇറങ്ങാൻ താരത്തിന് സാധിച്ചില്ല. ഇതോടെ താരത്തിന് ഐ.പി.എൽ സീസണിൻ്റെ തുടക്കം നഷ്ടമാകുമെന്ന റിപ്പോർട്ടുകളും ഉയരുന്നുണ്ട്.
വിദർഭയ്ക്കെതിരെ ഫൈനലിൽ രണ്ടാം ഇന്നിങ്സിൽ 95 റൺസ് നേടി മികച്ച ബാറ്റിങ് പ്രകടനം കാഴ്‌ചവെച്ചെങ്കിലും പുറംവേദന രൂക്ഷമാകുകയായിരുന്നു. പുറംവേദന കാരണം ശ്രേയസ് കഴിഞ്ഞവർഷം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇപ്പോൾ രഞ്ജി ട്രോഫിയിൽ മുംബൈ ടീമിനൊപ്പം ചേർന്നതോടെ വേദന വീണ്ടും അലട്ടുകയായിരുന്നു. ബിസിസിഐയുടെ സമ്മർദത്തേത്തുടർന്നാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രേയസ് കളത്തിലിറങ്ങിയത്.
കുറച്ചുകാലമായി ശ്രയസ് അയ്യരും ഇഷാൻ കിഷനും ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. ഇതോടെ രഞ്ജി ട്രോഫി കളിക്കുന്നവരെ മാത്രമേ ഐപിഎലിലേക്ക് പരിഗണിക്കൂവെന്ന് ബിസിസിഐ അന്ത്യശാസനമിറക്കി. എന്നാൽ അത് ചെവിക്കൊള്ളാൻ താരങ്ങൾ തയ്യാറാകാതെ വന്നതോടെ ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് ഇരുവരെയും പുറത്താക്കുകയായിരുന്നു. പിന്നാലെ 2024ലെ ട്വന്റി20 ലോകകപ്പിനുള്ള ടീമിലും ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും സ്ഥാനം ലഭിക്കില്ലെന്ന വിധത്തിലുള്ള വാർത്തകളും പുറത്തുവരാൻ തുടങ്ങി. ഇതോടെയാണ് ശ്രേയസ് രഞ്ജിയിലേയ്ക്ക് മടങ്ങിവന്നത്.