ചരിത്രത്തിലെ റെക്കോർഡ് നേട്ടവുമായി പാകിസ്ഥാൻ ടീമിന്റെ സ്റ്റാർ പേസ് ബൗളർ ഷഹീന്‍ അഫ്രീദി. തകർപ്പൻ ബൗളിങ്ങിലൂടെ ട്വന്റി 20 ക്രിക്കറ്റില്‍ ആദ്യ ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമായി മാറി അഫ്രീദി. ഇംഗ്ലണ്ടിലെ ടി20 ബ്ലാസ്റ്റ് ട്വന്റി 20 ടൂർണമെന്റിൽ നോട്ടിങ്ങാംഷയറിനുവേണ്ടിയാണ് അഫ്രീദി നേട്ടം കൊയ്തത്.
ബർമിങ്ങാം ബിയേഴ്സിനെതിരായ മത്സരത്തിലെ ആദ്യ ഓവറിൽ തന്നെ നാല് വിക്കറ്റ് വീഴ്ത്തിയാണ് അഫ്രീദി ചരിത്രം സൃഷ്ടിച്ചത്. എന്നാൽ അഫ്രീദിയുടെ ബൗളിങ്ങിന് ടീമിനെ രക്ഷിക്കാനായില്ല എന്നത് ഖേദകരമാണ്. നോട്ടിങ്ങാംഷയർ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം ബർമിങ്ങാം രണ്ട് വിക്കറ്റ് ശേഷിക്കേ മറികടക്കുകയായിരുന്നു.
അലക്സ് ഡേവിസ്, ക്രിസ് ബെഞ്ചമിൻ, ഡാൻ മൗസ്ലി, എഡ് ബർണാർഡ് എന്നിവരാണ് ഷഹീൻ അഫ്രീദിയുടെ ബൗളിങ്ങിൽ പുറത്തായത്. മത്സരത്തിൽ താരം നാലോവറിൽ 29 റൺസ് വീഴ്ത്തിയാണ് നാല് വിക്കറ്റെടുത്തത്. ഇതോടെ വരാനിരിക്കുന്ന ലോകകപ്പിൽ പാകിസ്ഥാന്റെ പ്രതീക്ഷയായി മാറിയിരിക്കുകയാണ് അഫ്രീദി.