ഐപിഎൽ കിരീടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഇതോടെ ടീമിന്റെ ഉടമ ഷാറൂഖ് ഖാൻ വലിയ സന്തോഷത്തിലും ആവേശത്തിലുമാണ്. ഹൈദരാബാദിനെ തകർത്തെറിഞ്ഞ ടീമംഗങ്ങളെ ചുംബിച്ചും കെട്ടിപ്പിടിച്ചുമാണ് ഷാറൂഖ് സന്തോഷം പങ്കിട്ടത്. ഇതോടൊപ്പം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്റർ സ്ഥാനം ഒഴിയാതിരിക്കാൻ ഗൗതം ഗംഭീറിന് വലിയ ഓഫറുകളാണ് താരം വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഗൗതം ഗംഭീറിന് ഷാറൂഖ് ഖാൻ ബ്ലാങ്ക് ചെക്ക് ഒപ്പിട്ടുനൽകിയതായാണ് റിപ്പോർട്ട്. 10 വർഷത്തേക്ക് ടീമിൽ തുടരാൻ ആവശ്യമായ തുക എത്രയായാലും നൽകാമെന്നാണ് ഷാറൂഖിൻ്റെ നിലപാട്. ടീമിന് ഐപിഎൽ കിരീടം ലഭിക്കാനുള്ള പ്രധാന കാരണം ഗംഭീറാണെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് കിങ് ഖാൻ ഓഫറുമായി എത്തിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഗംഭീർ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ വർഷം ഐപിഎൽ സീസണിന് മുന്നോടിയായാണ് ഗൗതം ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ മെന്ററായി സ്ഥാനമേറ്റെടുത്തത്.
അതേസമയം, രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയുമ്പോൾ ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകനാകാൻ ബിസിസിഐ ഗൗതം ഗംഭീറിനെയും പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതോടെയാണ് ഗംഭീറിനെ ടീമിൽ പിടിച്ചുനിർത്താൻ ഷാറൂഖ് ശ്രമങ്ങൾ തുടങ്ങിയത്. എന്നാൽ പരിശീലകനാകാൻ ഗംഭീർ ബിസിസിഐയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. ഗംഭീറിന് തന്നെ നിയമനം നൽകാൻ ബിസിസിഐ തീരുമാനിക്കുകയാണെങ്കിൽ മറ്റൊരു അപേക്ഷ സമർപ്പിക്കേണ്ട കാര്യവുമില്ല.