സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന്റെ ടിക്കറ്റുകൾ സ്വന്തമാക്കിയവർക്ക് സൗദി ആറേബ്യ ഇ-വിസ ലഭ്യമാക്കും. സന്ദർശകർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതിനായി ഇലക്ട്രോണിക് വിസ സേവനങ്ങൾ ലഭ്യമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്.
സൗദി കായിക മന്ത്രാലയവുമായി ചേർന്നാണ് വിദേശകാര്യ മന്ത്രാലയം ഇ-വിസ നൽകുന്നത്. ടിക്കറ്റ് ലഭിച്ചവർക്ക് സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ https://visa.mofa.gov.sa/ എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഇ-എൻട്രി വിസകൾ നേടാൻ സാധിക്കും. ഫിഫ ക്ലബ് വേൾഡ് കപ്പുമായി ബന്ധപ്പെട്ട് രാജ്യത്തേയ്ക്കെത്തുന്നവരുടെ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനാണ് പുതിയ തീരുമാനമെടുത്തത്.
ഡിസംബർ 12 മുതൽ 22 വരെയാണ് സൗദിയിൽ ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റ് സംഘടിപ്പിക്കപ്പെടുന്നത്. വേൾഡ് കപ്പിന്റെ ഭാഗമായ ഒരുക്കങ്ങളെല്ലാം പൂർത്തിയായിവരികയാണ്. ഹദ്ദാഫ് എന്ന പേരിട്ടിരിക്കുന്ന ധീരനായ മണൽ പൂച്ചയെയാണ് ഈ വർഷത്തെ ടൂർണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി ഫിഫ, സൗദി ഫുട്ബോൾ ഫെഡറേഷൻ അവതരിപ്പിച്ചത്.