ഖത്തര്‍ ഫിഫ ലോകകപ്പ് വിജയി ആരെന്ന് പ്രവചിക്കുന്നവര്‍ക്ക് വന്‍ തുക സമ്മാനം പ്രഖ്യാപിച്ച് സൗദി അറേബ്യ. വിജയിക്ക് ഒരു ലക്ഷം ഡോളറാണ് (82 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സമ്മാനം നല്‍കുന്നത്. സൗദി ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റിയാണ് സമ്മാനം പ്രഖ്യാപിച്ചത്.
ലോകകപ്പ് വിജയികളെ പ്രവചിച്ച് തന്റെ ട്വീറ്റ് ലൈക്കും ചെയ്യണമെന്ന് സൗദി ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി അല്‍ ഷെയ്ഖ് അറിയിച്ചു. വിജയസാധ്യതയുള്ള ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, മൊറോക്കോ എന്നീ നാലു ടീമുകളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയതാണ് ട്വീറ്റ്. ഓപ്ഷനുകളില്‍ ഇല്ലാത്ത ടീമുകളുടെ പേരുകൾ പ്രത്യേകം രേഖപ്പെടുത്താനും കഴിയും.
അതേസമയം ഫൈനലിലേക്കുളള ദൂരം എട്ട് ടീമുകളായി കുറഞ്ഞതോടെ സമയം ഖത്തര്‍ ലോകകപ്പിന്‍റെ ആവേശം ഉയരുകയാണ്. സ്റ്റേഡിയത്തിനകത്തും ഫാന്‍ സോണുകളിലുമായി രണ്ട് ബില്യണിലധികം ആളുകളാണ് മത്സരങ്ങൾ വീക്ഷിച്ചത്. ഇതിനിടെ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായി ഖത്തര്‍ ലോകകപ്പ് മാറിയെന്ന പ്രസ്താവനയുമായി അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും രംഗത്തെത്തിയിരുന്നു. ഖത്തറിന്‍റെ സംഘാടന മികവിനൊപ്പം അട്ടിമറി മത്സരങ്ങളും ആവേശ ഗോളുകളുമാണ് ഖത്തര്‍ ലോകകപ്പിനെ വേറിട്ടതാക്കുന്നത്.
.