വളരെ നാളത്തെ കഠിനാധ്വാനത്തിന് ശേഷം ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട് മലയാളികളുടെ പ്രിയ താരം സഞ്ജു സാംസൺ. 2024 ഐപിഎൽ സീസണിലെ തകർപ്പൻ പ്രകടനമാണ് താരത്തിന് ലോകകപ്പ് ടീമിലേക്കുള്ള വഴി തുറന്നത്. ഇതോടെ സുനിൽ വൽസനും ശ്രീശാന്തിനും ശേഷം ലോകകപ്പ് ടീമിലെത്തുന്ന മലയാളി താരമായിരിക്കുകയാണ് സഞ്ജു.
ഇന്ത്യൻ ടീമിലെത്തി ഒൻപത് വർഷത്തിന് ശേഷമാണ് സഞ്ജുവിന് ഒരു ഐസിസി ടൂർണമെൻ്റിൽ കളിക്കാൻ അവസരം ലഭിക്കുന്നത്. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് രോഹിത് ശർമ ക്യാപ്റ്റനായുള്ള 15 അംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. ഋഷഭ് പന്തിനൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. 2015 ജൂലൈയിൽ സിംബാബ്‌വെയ്ക്കെതിരെയാണ് സഞ്ജു ഇന്ത്യയ്ക്കായി ട്വൻ്റി20യിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 25 രാജ്യാന്തര മത്സരങ്ങളിൽ നിന്നായി 374 റൺസാണ് താരത്തിന്റെ സമ്പാദ്യം.
ഐപിഎല്ലിൽ വർഷങ്ങളോളം തിളങ്ങിയിട്ടും ഐസിസിയുടെ ഒരു പരമ്പരയിലും സഞ്ജുവിനെ കളിപ്പിച്ചിരുന്നില്ല. എന്നാൽ ഈ സീസണിലെ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഐപിഎല്ലിൽ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് നിലവിൽ രാജസ്ഥാൻ റോയൽസ്. ജൂൺ 2 മുതൽ 29 വരെ യുഎസിലും വെസ്‌റ്റിൻഡീസിലുമായാണ് ലോകകപ്പ് നടക്കുന്നത്. ജൂൺ 5ന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുക.