തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ മാത്രം നേരിട്ട് സഞ്ജു റണ്ണൊന്നുമെടുക്കാതെ പുറത്തായി. ട്വന്റി20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ട് സെഞ്ചുറികൾക്ക് ശേഷം താരം തുടർച്ചയായി രണ്ടാം തവണയാണ് പൂജ്യത്തിന് പുറത്താകുന്നത്.
മാർകോ ജാൻസൻ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിൽ സഞ്ജു ബോൾഡാകുകയായിരുന്നു. രണ്ടാം തവണയും പൂജ്യത്തിനു പുറത്തായതോടെ ആരാധകരും നിരാശരായി. ട്വന്റി20 ക്രിക്കറ്റിലെ ആദ്യ പത്തു ടീമുകളിലെ താരങ്ങളിൽ ഒരു കലണ്ടർ വർഷത്തിൽ അഞ്ച് തവണ റണ്ണൊന്നുമെടുക്കാതെ പുറത്താകുന്ന ആദ്യ ബാറ്ററാണ് സഞ്ജു. 32 ട്വന്റി20 ഇന്നിങ്‌സുകൾ കളിച്ചിട്ടുള്ള സഞ്ജു ഇത് ആറാം തവണയാണ് റണ്ണൊന്നുമെടുക്കാതെ ഔട്ടാകുന്നത്.
ട്വന്റി20 ക്രിക്കറ്റിൽ കുടുതൽ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് സഞ്ജു. 151 മത്സരങ്ങളിൽ 12 തവണ പൂജ്യത്തിന് പുറത്തായ രോഹിത് ശർമയാണ് പട്ടികയിൽ ഒന്നാമത്. 117 കളികളിൽ ഏഴു തവണ പുറത്തായ കോലി പട്ടികയിൽ രണ്ടാമതുണ്ട്.