ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കാൻ വീണ്ടും രോഹിത് ശർമ. ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ച രോഹിത് ശർമ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് തുടരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് സ്ഥിരീകരിച്ചത്. ചാംപ്യൻസ് ട്രോഫിയിലും ടെസ്റ്റ് ചാംപ്യൻഷിപ്പിലും രേഹിത് ഇന്ത്യൻ ടീമിനെ നയിക്കും.
“രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ ഞങ്ങൾ ലോക ടെസ്‌റ്റ് ചാംപ്യൻഷിപ്പ് ഫൈനലും ചാംപ്യൻസ് ട്രോഫിയും വിജയിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ഏകദിന ലോകകപ്പ് ഫൈനലിൽ തോറ്റപ്പോൾ, ബാർബഡോസിൽ ഇന്ത്യൻ പതാക ഉയരുമെന്ന് ഞാൻ പറഞ്ഞിരുന്നു. ഇപ്പോൾ നമ്മുടെ ക്യാപ്റ്റൻ അത് ചെയ്തു കാണിച്ചു. ഈ ടീമിൽ എനിക്ക് നല്ല വിശ്വാസമുണ്ട്” എന്നാണ് ജയ് ഷാ വ്യക്തമാക്കിയത്.
ജൂൺ 29ന് നടന്ന ടി20 ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ചാണ് ഇന്ത്യ ട്വൻ്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. കിരീടനേട്ടത്തിന് പിന്നാലെ രോഹിത് ശർമയും വിരാട് കോലിയും രവീന്ദ്ര ജഡേജയും ട്വൻ്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഈ മൂന്നു താരങ്ങളും ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കായി കളിക്കുമെന്നും ജയ് ഷാ സ്ഥിരീകരിച്ചു.