ടി20 ലോകകപ്പ് ജയത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു ക്യാപ്റ്റൻ രോഹിത് ശർമ. ഇതിനുപിന്നാലെ മറ്റ് ഫോർമാറ്റുകളിൽ നിന്നുള്ള താരത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ അവയോട് പ്രതികരിച്ചിരിക്കുകയാണ് സീനിയർ താരം രോഹിത് ശർമ.
രാജ്യാന്തര ട്വന്റി20യിൽ നിന്ന് വിരമിച്ചെങ്കിലും ടെസ്‌റ്റ്, ഏകദിന ഫോർമാറ്റുകളിൽ തുടർന്നും കളിക്കുമെന്നാണ് രോഹിത് വ്യക്തമാക്കിയത്. ‘എത്ര കാലത്തേക്കെന്ന് എനിക്കുറപ്പില്ല. പക്ഷേ, ഏകദിനത്തിലും ടെസ്റ്റിലും തുടരാനാണ് തീരുമാനം’ എന്നാണ് ഡാലസിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിൽ വെച്ച് താരം മനസുതുറന്നത്.
2007ൽ ഇന്ത്യയ്ക്കായി ക്രിക്കറ്റിൻ്റെ കുട്ടിഫോർമാറ്റിൽ അരങ്ങേറിയ രോഹിത് ശർമ 17 വർഷത്തോളം നീണ്ട കരിയറിൽ 159 മത്സരങ്ങളിൽ നിന്നായി 4,231 റൺസ് നേടിയിട്ടുണ്ട്. അഞ്ച് സെഞ്ച്വറികളാണ് ടി20യിൽ രോഹിതിൻ്റെ പേരിലുള്ളത്. പുറത്താകാതെ നേടിയ 121 റൺസാണ് താരത്തിൻ്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയതോടെ ഇന്ത്യയ്ക്കായി ലോകകിരീടം നേടിക്കൊടുത്ത ഇതിഹാസ നായകൻമാരുടെ പട്ടികയിലേക്ക് തന്റെ പേര് കൂടി എഴുതിച്ചേർത്ത ശേഷമാണ് 37കാരനായ രോഹിത് അന്താരാഷ്ട്ര ടി20യിൽ നിന്ന് പടിയിറങ്ങിയത്.