അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും. ലോകകപ്പിലെ ആവേശകരമായ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം ചൂടിയതിന് പിന്നാലെയാണ് ഇരുവരും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് വേണ്ടിയുള്ള തന്റെ അവസാന T20 മത്സരമാണിതെന്ന് മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയ ശേഷം കോഹ്‌ലി പറഞ്ഞു. അതേസമയം, വിജയശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു രോഹിത്തിന്റെ പ്രഖ്യാപനം.
“എനിക്ക് ഒരു കാര്യം പറയാനുണ്ട്. അതൊരു പരസ്യമായ രഹസ്യമായിരുന്നു. ഇത് എന്റെ അവസാന ടി20 ലോകകപ്പായിരുന്നു, ഞങ്ങൾ നേടാൻ ആഗ്രഹിച്ചത് ഇതാണ്. ഞങ്ങൾ തോറ്റാലും ഞാൻ പ്രഖ്യാപിക്കാതിരിക്കാതെ പോകുമായിരുന്ന ഒന്നല്ല. ടി20 അടുത്ത തലമുറ മുന്നോട്ട് കൊണ്ടുപോകാനുള്ള സമയമായി” എന്നായിരുന്നു കോലിയുടെ പ്രതികരണം. “ഇത് എൻ്റെ അവസാന ടി20 മത്സരമായിരുന്നു. ഈ ഫോർമാറ്റിനോട് വിട പറയാൻ ഇതിലും നല്ല സമയമില്ല. ഇതിലെ ഓരോ നിമിഷവും ഞാൻ ഇഷ്‌ടപ്പെട്ടു. ഈ ഫോർമാറ്റിലാണ് ഞാൻ എൻ്റെ ഇന്ത്യൻ കരിയർ ആരംഭിച്ചത്” എന്നായിരുന്നു രോഹിത് വ്യക്തമാക്കിയത്.
ടി20 ക്രിക്കറ്റിലെ റൺവേട്ടക്കാരിൽ മുന്നിലാണ് ഇരുവരുടെയും സ്ഥാനം. 2007ൽ ഇന്ത്യയ്ക്കായി ക്രിക്കറ്റിൻ്റെ കുട്ടിഫോർമാറ്റിൽ അരങ്ങേറിയ രോഹിത് ശർമ 17 വർഷത്തോളം നീണ്ട കരിയറിൽ 159 മത്സരങ്ങളിൽ നിന്നായി 4,231 റൺസ് നേടിയിട്ടുണ്ട്. അഞ്ച് സെഞ്ച്വറികളാണ് ടി20യിൽ രോഹിതിൻ്റെ പേരിലുള്ളത്. പുറത്താകാതെ നേടിയ 121 റൺസാണ് താരത്തിൻ്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. ടി20 ലോകകപ്പിൽ രോഹിത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ കിരീടം ചൂടിയതോടെ ഇന്ത്യയ്ക്കായി ലോകകിരീടം നേടിക്കൊടുത്ത ഇതിഹാസ നായകൻമാരുടെ പട്ടികയിലേക്ക് തന്റെ പേര് കൂടി എഴുതിച്ചേർത്ത ശേഷമാണ് രോഹിത് ശർമ പടിയിറങ്ങുന്നത്.
ടി20യിലെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനക്കാരനാണ് വിരാട് കോലി. 2010ൽ ആയിരുന്നു കോലി ഈ ഫോർമാറ്റിൽ ആദ്യമായി കളിക്കാനിറങ്ങുന്നത്. 125 മത്സരം ഇന്ത്യയ്ക്ക് വേണ്ടി കളിച്ച കോലി 4,188 റൺസ് നേടി. ഒരു സെഞ്ച്വറിയും 38 അർധ സെഞ്ച്വറിയുമാണ് കോലിയുടെ അക്കൗണ്ടിലുള്ളത്.