പാരീസ് ഒളിമ്പിക്സിലെ തോൽവിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ. 22 വർഷം നീണ്ടുനിന്ന ടെന്നീസ് കരിയറാണ് ബൊപ്പണ്ണ അവസാനിപ്പിച്ചത്. പാരീസ് ഒളിമ്പിക്‌സിലെ മത്സരം രാജ്യത്തിനായുള്ള തന്റെ അവസാന മത്സരമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
‘ഇത് തീർച്ചയായും രാജ്യത്തിനായുള്ള എൻ്റെ അവസാന മത്സരമായി മാറും. ഞാൻ ഇപ്പോൾ എത്തിനിൽക്കുന്ന ഇടംതന്നെ വലിയ ബോണസാണ്. രണ്ട് പതിറ്റാണ്ടോളം ഇന്ത്യയെ പ്രതിനിധാനം ചെയ്യാനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. 2002-ൽ ഇന്ത്യക്ക് അരങ്ങേറ്റം കുറിച്ച എനിക്ക് ഇപ്പോഴും ഇന്ത്യയെ പ്രതിനിധാനം ചെയ്യാനാവുന്നു. അതിൽ അങ്ങേയറ്റത്തെ അഭിമാനമുണ്ട്’ എന്നാണ് ബൊപ്പണ്ണ പറഞ്ഞത്.
പുരുഷ ഡബിൾസ് ഓപ്പണിങ് റൗണ്ടിൽ ഫ്രാൻസിൻ്റെ എഡ്വാർഡ് റോജർ വാസെലിൻ-ജെൽ മോൻഫിൽസിനോട് ബൊപ്പണ്ണ-ശ്രീറാം ബാലാജി സഖ്യം പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ബൊപ്പണ്ണയുടെ വിരമിക്കൽ പ്രഖ്യാപനം. ഇതോടെ 2026-ൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ബൊപ്പണ്ണയുണ്ടാവില്ല. ഡേവിസ് കപ്പിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.