റിക്കി തോമസ് പോണ്ടിങ്, ഓസ്ട്രേലിയയുടെ ഏക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ.. അതിനപ്പുറം രാജ്യം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനും മികച്ച ഫീൽഡർമാരിൽ ഒരാളുമാണ് പോണ്ടിങ്. ക്രിക്കറ്റ് അയാൾക്ക് ഒരിക്കലും ഒരു വിനോദം മാത്രമായിരുന്നില്ല, അതിനപ്പുറം ജീവൻമരണ പോരാട്ടം കൂടിയായിരുന്നു. അത്രമേൽ തീക്ഷ്ണമായാണ് പോണ്ടിങ് തന്റെ കയ്യിൽ ബാറ്റേന്തുന്നത്. കളത്തിലിറങ്ങുമ്പോൾ ബാറ്റ്സ്മാനായും നായകനായും ടീമിനെ വിജയിപ്പിക്കുക എന്ന ചിന്തയല്ലാതെ മറ്റൊന്നും അയാളുടെ മനസിൽ ആ നിമിഷം ഉണ്ടാകില്ല.
മൂന്ന് തവണ ലോക കിരീടത്തിൽ മുത്തമിട്ട ഡോൺ ബ്രാഡ്മാന് ശേഷം ഓസ്ട്രേലിയ കണ്ട ഏറ്റവും വലിയ ബാറ്റ്സ്മാനെന്ന വിശേഷണം സ്വന്തമാക്കിയ താരമാണ് പോണ്ടിങ്. ഒരു കാലഘട്ടത്തിന്റെ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ തെണ്ടുൽക്കറിനും ബ്രെയിൻ ലാറയ്ക്കും ഒപ്പം ലോകം ചേർത്തുവെച്ച പേര്. ലോക മൂന്നാം നമ്പർ ക്രിക്കറ്റ് താരമായി അറിയപ്പെട്ട പോണ്ടിങ് തേരോട്ടം തുടർന്നപ്പോൾ 2002 മുതൽ 2007 വരെയുള്ള കാലഘട്ടങ്ങളിൽ 41 സെഞ്ച്വറികളാണ് ഇന്റർനാഷണൽ ക്രിക്കറ്റിൽ അയാളുടെ ബാറ്റിൽ നിന്നും പിറവിയെടുത്തത്.
ഓസീസിന്റെ നായകനായ ശേഷം ആദ്യ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ മലർത്തിയടിച്ച് നേടിയ സെഞ്ച്വറിയോടെ അയാൾ ഓസീസ് ജനതയുടെ ഹീറോ ആയി മാറി. അതേസമയം അയാൾ ഇന്ത്യക്കാർക്ക് എന്നെന്നും വെറുക്കപ്പെട്ടവനുമായി. എന്നിരുന്നാലും ഇന്റർനാഷണൽ ക്രിക്കറ്റിൽ പോണ്ടിങ് എന്നും ബാറ്റ് കയ്യിലേന്തിയ രാജാവ് തന്നെയായിരുന്നു. എതിർപാളയത്തിലേയ്ക്ക് ചങ്കൂറ്റത്തോടെ കയറിച്ചെല്ലുന്ന നായകനും ബാറ്റ്സ്മാനുമായിരുന്നു അയാൾ. അങ്ങനെ ക്രിക്കറ്റിൽ പോണ്ടിങ്ങിന് വിശേഷണങ്ങൾ ധാരാളമുണ്ട്.
കരിയറിലെ വളർച്ച
ചെറുപ്പം മുതൽ റിക്കി പോണ്ടിങ്ങിന് ക്രിക്കറ്റിനോട് വലിയ താത്പര്യമായിരുന്നു. അതിനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ അമ്മാവനാണ്. ഓസ്ട്രേലിയയ്ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ച അദ്ദേഹത്തിൽ നിന്നാണ് പോണ്ടിങ് ക്രിക്കറ്റിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നത്. പിന്നീട് അറിയാതെ ഉള്ളിൽ ക്രിക്കറ്റിനോട് ഒരു ത്വര സൃഷ്ടിക്കപ്പെടുകയായിരുന്നു. 1985-ൽ മൗബറി അണ്ടർ 13 ടീമിനായാണ് പോണ്ടിങ് ആദ്യമായി കളത്തിലിറങ്ങിയത്. പിന്നീട് 1986-ൽ നോർത്തേൺ ടാസ്മാനിയ ജൂനിയർ ക്രിക്കറ്റ് മത്സരത്തിൽ നാല് സെഞ്ച്വറികൾ നേടി അദ്ദേഹം ശ്രദ്ധേയനുമായി.
ക്രിക്കറ്റിൽ തനിക്ക് പലതും പഠിക്കാനുണ്ടെന്ന് തിരിച്ചറിഞ്ഞ പോണ്ടിങ് 10-ാം ക്ലാസിന് ശേഷം സ്കൂൾ പഠനം അവസാനിപ്പിക്കുകയും രണ്ട് വർഷത്തോളം ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റ് അക്കാദമിയിൽ പ്രവേശിക്കുകയും ചെയ്തു. അധികം വൈകാതെ പോണ്ടിങ് അണ്ടർ 19 ടാസ്മാനിയ ടീമിലേയ്ക്ക് തിരഞ്ഞെടുത്തു. പിന്നീടങ്ങോട്ട് മികച്ച പ്രകടനത്തിലൂടെ ക്രിക്കറ്റ് ആരാധകർക്കിടയിൽ പോണ്ടിങ് ചർച്ചാവിഷയമാകുകയായിരുന്നു. 1995-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ചായിരുന്നു പോണ്ടിങ്ങിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. അധികംവൈകാതെ തന്നെ ടെസ്റ്റ് ടീമിലും അദ്ദേഹം ഇടംനേടി.
1999ലെ ലോകകപ്പിൽ ഓസീസ് ജേതാക്കളായപ്പോൾ 354 റൺസുമായി പോണ്ടിങ് തലയുയർത്തി നിന്നു. ശ്രീലങ്കയിൽ നടന്ന അടുത്ത ടെസ്റ്റ് പരമ്പരയിലും പോണ്ടിങ് 250 റൺസ് തികച്ച് തന്റെ കടമ നിർവ്വഹിച്ചു. ഏതൊരു ക്രിക്കറ്റ് ആരാധകനെയും അത്ഭുതപ്പെടുത്തുന്ന വിധത്തിലായിരുന്നു പിന്നീട് പോണ്ടിങ്ങിന്റെ വളർച്ച. അതുകൊണ്ടുതന്നെ 2002ൽ ഏകദിന ക്യാപ്റ്റനായി അദ്ദേഹത്തിന് സ്ഥാനക്കയറ്റവും നൽകി. ഇന്ത്യയ്ക്കെതിരായ ഫൈനലിൽ 121 പന്തുകളിൽ നിന്ന് 140 റൺസ് നേടിയ പോണ്ടിങ് 2003ലെ ലോകകപ്പുയർത്തുന്നതിലേയ്ക്ക് വരെ ടീമിനെ നയിച്ചു. 2004ൽ ടെസ്റ്റ് ക്രിക്കറ്റിന്റെ ക്യാപ്റ്റനായും അദ്ദേഹം സ്ഥാനാരോഹിതനായി. 2007ൽ ആഷസിൽ ഇംഗ്ലണ്ടിനെ തോല്പിച്ച് തുടർച്ചയായ മൂന്നാം തവണയും ഓസ്ട്രേലിയ ലോകകപ്പ് നേടിയപ്പോൾ ഉയർന്നുകേട്ട പേര് പോണ്ടിങ്ങിന്റേതായിരുന്നു.
168 ടെസ്റ്റ് മത്സരങ്ങളും 375 ഏകദിന മത്സരങ്ങളും കളിച്ച പോണ്ടിങ്ങാണ് ടെസ്റ്റിലും ഏകദിനത്തിലും ഓസ്ട്രേലിയയുടെ എക്കാലത്തെയും ഉയർന്ന റൺ വേട്ടക്കാരൻ എന്ന് നിസംശയം പറയാൻ സാധിക്കും. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ 13,000 റൺസിലധികം നേടുന്ന മൂന്ന് കളിക്കാരിൽ ഒരാളാണ് പോണ്ടിങ്. വിജയങ്ങളുടെ കണക്കെടുത്താലും പോണ്ടിങ്ങ് ഇരിക്കുന്ന തട്ട് താണുതന്നെയാണ് നിൽക്കുക. എക്കാലത്തെയും മികച്ച നായകനും ഇദ്ദേഹം തന്നെയാണ്. കാരണം, 2004 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ പോണ്ടിങ്ങ് നയിച്ച 71 ടെസ്റ്റ് മത്സരങ്ങളിൽ 48 മത്സരങ്ങളും ഓസീസിന് വിജയമായിരുന്നു സമ്മാനിച്ചത്.
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ 100 മത്സരങ്ങളിൽ പങ്കാളിയായ ഒരേയൊരു കളിക്കാരനും റിക്കി പോണ്ടിങ്ങ് ആണ്. ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഓസ്ട്രേലിയൻ താരമെന്ന പദവി സ്റ്റീവ് വോയ്ക്കൊപ്പം പോണ്ടിങ്ങും പങ്കിടുന്നുണ്ട്. അങ്ങനെ ഉയർച്ചയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ആരാധകരെ നിരാശയിലാഴ്ത്തി 2012ൽ പോണ്ടിങ് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു.
ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം
റിക്കി പോണ്ടിങ്ങിന്റെ കരിയറിൽ ഏറ്റവും മികച്ചത് എന്ന വാക്കിൽ ഏതെങ്കിലും ഒരു പ്രകടനത്തെ ഒതുക്കുക അത്ര എളുപ്പമല്ല. കാരണം കരിയറിൽ ഉയർച്ചകളല്ലാതെ അയാൾ മറ്റൊന്നും സ്വന്തമാക്കിയിട്ടില്ല. എങ്കിലും അവയിൽ അടുത്തുപറയാൻ സാധിക്കുക 2002ൽ സൗത്ത് ആഫ്രിക്കയ്ക്കെതിരെ നടന്ന ടെസ്റ്റ് ആണ്. നാലാം ഇന്നിങ്സിൽ ഓസ്ട്രേലിയക്ക് ജയിക്കാൻ 331 റൺസായിരുന്നു വേണ്ടിയിരുന്നത്. ജസ്റ്റിൻ ലാങ്ങറും മാത്യു ഹെയ്ഡനും കൂടി ആദ്യ വിക്കറ്റിൽ 102 വിക്കറ്റ് കൂട്ടിച്ചേർത്തു. ലാങ്ങർ പുറത്തായതിന് ശേഷം ബാറ്റിങ്ങിനെത്തിയ പോണ്ടിങ് ഹെയ്ഡനുമായി ചേർന്ന് 99 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
സെഞ്ച്വറിക്ക് വെറും നാല് റൺസ് അകലെനിൽക്കെ ഹെയ്ഡൻ പുറത്തായി. അതിന് ശേഷം വന്ന ബാറ്റ്സ്മാന്മാരെല്ലാം വളരെ വേഗം പവലിയനിലേയ്ക്ക് മടങ്ങിക്കൊണ്ടിരുന്നപ്പോൾ ഒരറ്റത്ത് പോണ്ടിങ് അനായാസം റൺവേട്ട നടത്തിക്കൊണ്ടേയിരുന്നു. ജയിക്കാൻ മൂന്ന് റൺസ് വേണ്ടിയിരുന്നപ്പോൾ പോണ്ടിങ്ങിന്റെ സ്കോർ 94 റൺസ് ആയിരുന്നു. ഓസീസ് ആരാധകർ ശ്വാസം അടക്കിപ്പിടിച്ചായിരുന്നു ആ സമയം ഗ്യാലറിയിൽ ഇരുന്നത്. എന്നാൽ അടുത്തപന്തിൽ സിക്സറടിച്ച് പോണ്ടിങ് സെഞ്ച്വറി നേടിയതോടൊപ്പം ടീമിന് നിഷ്പ്രയാസം വിജയവും സമ്മാനിച്ചു. അന്ന് ഓസീസ് ആരാധകർക്ക് അദ്ദേഹം ബാറ്റ് കയ്യിലേന്തിയ രാജാവ് തന്നെയായിരുന്നു.
അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസിയിൽ ഓസ്ട്രേലിയ 2003, 2007 ക്രിക്കറ്റ് ലോകകപ്പുകളും 2006, 2009 ചാമ്പ്യൻസ് ട്രോഫികളും നേടിയിരുന്നു. 1999 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിലും അദ്ദേഹം അംഗമായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് പ്രഹരമേൽപ്പിച്ച പോണ്ടിങ്
ലോക ക്രിക്കറ്റ് ആരാധകർ എക്കാലവും ഉറ്റുനോക്കിയിരുന്ന താരമായിരുന്നു ഇന്ത്യയുടെ സച്ചിൻ തെണ്ടുൽക്കർ. ബാറ്റുകൊണ്ട് വിസ്മയം തീർക്കുന്ന സച്ചിന്റെ ഏറ്റവും വലിയ എതിരാളി ആയാണ് അക്കാലത്ത് ഓസീസ് പോണ്ടിങ്ങിനെ കണ്ടിരുന്നത്. അവർ ഒന്നിച്ചെത്തുന്ന കളിക്കളങ്ങളെല്ലാം ഒരു യുദ്ധക്കളം തന്നെയായിരുന്നു ആരാധകർക്ക്. അങ്ങനെ 2003ലെ ലോകകപ്പ് ഫൈനൽ എത്തി. വിജയപ്രതീക്ഷ നിലനിർത്തിയിരുന്ന ഇന്ത്യയെ അന്ന് തകർത്തെറിഞ്ഞത് പോണ്ടിങ്ങിന്റെ സെഞ്ച്വറിയായിരുന്നു. അന്ന് പോണ്ടിങ് ഇന്ത്യക്കാരിലുണ്ടാക്കിയ ആഘാതം ചില്ലറയൊന്നുമായിരുന്നില്ല.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കെതിരെ ഗിൽ ക്രിസ്റ്റും ഹെയ്ഡനും സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ 14ാം ഓവറിൽ ഗിൽ ക്രിസ്റ്റിനെയും 20ാം ഓവറിൽ ഹെയ്ഡനെയും ഇന്ത്യ പുറത്താക്കി. പിന്നീട് കളത്തിലിറങ്ങിയ ഡാനിയേൽ മാർട്ടിനും റിക്കി പോണ്ടിങ്ങും ചേർന്ന് ഇന്ത്യയ്ക്കെതിരെ 234 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. മാർട്ടിൻ 47 പന്തിൽ 50 തികച്ചപ്പോൾ പോണ്ടിങ്ങിന് 50 തികയ്ക്കാൻ 73 പന്തുകൾ വേണ്ടിവന്നു. എന്നാൽ അതിന് തൊട്ടുപിന്നാലെ ഹർബജൻ സിങ്ങിനെതിരെ തുടർച്ചയായ രണ്ട് സിക്സുകൾ നേടി പോണ്ടിങ് ഇന്ത്യയ്ക്കുമേൽ പ്രഹരമേൽപ്പിച്ചു.
പിന്നീട് പോണ്ടിങ്ങിന്റെ ബാറ്റിങ് മറ്റൊരു തലത്തിലേയ്ക്ക് കടന്നു എന്നുവേണം പറയാൻ. കാരണം വൺഹാന്റ് സിക്സറുകൾ ഉൾപ്പെടെ പായിച്ച് പോണ്ടിങ് തീർത്തത് സിക്സറുകളുടെ പെരുമഴ തന്നെയായിരുന്നു. 121 പന്തിൽ 140 റൺസെടുത്ത പോണ്ടിങ് നാല് ഫോറും എട്ട് സിക്സുകളും അടിച്ചെടുത്തു. പോണ്ടിങ്ങിന്റെ മികവിൽ ഓസീസ് അന്ന് 125 റൺസിന് വിജയം ഉറപ്പിക്കുകയും തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടത്തിൽ മുത്തമിടുകയുമായിരുന്നു. വിജയത്തേത്തുടർന്ന് ഓസീസ് ആരാധകർ പോണ്ടിങ്ങിനായി സ്തുതി പാടിയപ്പോൾ ഇല്ലാതായത് ഇന്ത്യക്കാരുടെ സ്വപ്നങ്ങളായിരുന്നു…
ക്രിക്കറ്റ് പലപ്പോഴും അങ്ങനെയാണ്. ഇതിഹാസ താരങ്ങളുടെ പല നേട്ടങ്ങളും തോൽക്കപ്പെടുന്ന ടീമിന്റെ ആരാധകർക്ക് വലിയ ആഘാതമാകും സമ്മാനിക്കുക. എങ്കിലും അവരുടെ പ്രകടനം ക്രിക്കറ്റ് പ്രേമികളുടെ മനസിൽ കാലാകാലം തങ്ങിനിൽക്കും. കാരണം, കായികലോകം രാജ്യങ്ങളുടെ അതിർവരമ്പുകൾക്കപ്പുറം വ്യക്തികളുടെ കഴിവിനെയാണ് അംഗീകരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് റിക്കി പോണ്ടിങ്ങ് ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ ആയി മാറിയതും ക്രിക്കറ്റ് ലോകം അദ്ദേഹത്തെ ഇത്രയധികം സ്നേഹിക്കുന്നതും.