ഏകദിനത്തിൽ 200 വിക്കറ്റുകൾ തികച്ച് ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരായ സൂപ്പർ ഫോർ മത്സരത്തിലാണ് ജഡേജ കരിയറിലെ മികച്ച നേട്ടം കൊയ്തത്. ഏകദിനത്തിൽ 200 വിക്കറ്റ് തികയ്ക്കുന്ന ഏഴാമത്തെ ഇന്ത്യൻ ബൗളറെന്ന നേട്ടവും ഇതോടെ ജഡേജ സ്വന്തമാക്കി.
തന്റെ 175-ാം ഏകദിന ഇന്നിങ്സിലാണ് ജഡേജ 200 വിക്കറ്റുകൾ സ്വന്തമാക്കിയത്. ഹർഭജനും കുംബ്ലെയ്ക്കും ശേഷം 200 വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ സ്പിന്നർ കൂടിയാണ് ജഡേജ. മാത്രമല്ല കപിൽ ദേവിന് ശേഷം ഏകദിനത്തിൽ 2000 റൺസും 200 വിക്കറ്റും തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡും ജഡേജ സ്വന്തമാക്കി. അനിൽ കുംബ്ലെ (334), ജവഗൽ ശ്രീനാഥ് (315), അജിത് അഗാർക്കർ (288), സഹീർ ഖാൻ (269), ഹർഭജൻ സിങ് (265), കപിൽ ദേവ് (253) എന്നിവരാണ് ഏകദിനത്തിൽ 200 വിക്കറ്റ് തികച്ച മറ്റ് ഇന്ത്യൻ താരങ്ങൾ.