രഞ്ജി ട്രോഫിയിൽ വീണ്ടും അധിപത്യം ഉറപ്പിച്ച് മുംബൈ. അവസാന പോരാട്ടത്തിൽ വിദർഭയെ 169 റൺസിന് പരാജയപ്പെടുത്തിയാണ് മുംബൈ കിരീടം സ്വന്തമാക്കിയത്. 538 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ വിദർഭ അഞ്ചാം ദിനം 368 റൺസെടുത്ത് പുറത്താകുകയായിരുന്നു. എട്ട് വർഷങ്ങൾക്ക് മുൻപ് 2015-16ലാണ് മുംബൈ ഇതിന് മുൻപ് രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയത്.
അക്ഷയ് വാഡ്കറുടെ സെഞ്ച്വറിയും (199 പന്തിൽ 102) ഹർഷ് ദുബെയുടെ അർധ സെഞ്ച്വറിയും (128 പന്തിൽ 65) വിദർഭയെ വിജയത്തിലെത്തിക്കുമെന്ന പ്രതീതി നിലനിർത്തിയിരുന്നെങ്കിലും അതുണ്ടായില്ല. ആറാം വിക്കറ്റിൽ അക്ഷയ് വദ്കറും ഹർഷ് ദുബെയും ചേർന്ന് 130 റൺസിന്റെ കൂട്ടുകെട്ടാണ് വിദർഭയ്ക്കായി പടുത്തുയർത്തിയത്. ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് വിദർഭയുടെ പ്രതീക്ഷകളെ ഇല്ലാതാക്കി. മുംബൈക്കായി തനുഷ് കോട്ടിയൻ നാലും മുഷീർ ഖാൻ, തുഷാർ ദേശ്പാണ്ഡെ എന്നിവർ രണ്ടും വിക്കറ്റുകൾ നേടി. ധവാൽ കുൽക്കർണി, ഷംസ് മുലാനി എന്നിവർക്ക് ഓരോ വിക്കറ്റും സ്വന്തമാക്കി.
നേരത്തേ ടോസ് നേടി മുംബൈയെ ബാറ്റിങ്ങിന് പറഞ്ഞയച്ചതായിരുന്നു വിദർഭ. 224 റൺസിൽ മുംബൈയുടെ ഒന്നാം ഇന്നിങ്സ് അവസാനിപ്പിക്കാൻ വിദർഭയ്ക്ക് സാധിച്ചു. മൂന്ന് വീതം വിക്കറ്റുകളുമായി യഷ് താക്കൂറും ഹർഷ് ദുബെയുമാണ് മുംബൈ ഇന്നിങ്സിനെ 224-ൽ ഒതുക്കിയത്. ഉമേഷ് യാദവ് രണ്ട് വിക്കറ്റ് നേടി. ശർദുൽ താക്കൂറിൻ്റെ 75 റൺസ് ഇന്നിങ്സാണ് മുംബൈയെ സ്കോർ 200 കടത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദർഭയ്ക്ക് അത്രപോലും ശോഭിക്കാനായില്ല. 105 റൺസിനിടെ എല്ലാവരും മടങ്ങി. 27 റൺസെടുത്ത യഷ് റാത്തോഡാണ് ടോപ് സ്കോറർ. മൂന്നുവീതം വിക്കറ്റുകൾ വീഴ്ത്തിയ ധവാൽ കുൽക്കർണിയും ശംസ് മുലാനിയും തനുഷ് കോട്ട്യനും ചേർന്നാണ് മുംബൈക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്.
തുടർന്ന് 119 റൺസിൻ്റെ ലീഡ് നേടി രണ്ടാം ഇന്നിങ്സ് ആരംഭിച്ച മുംബൈ ശക്തമായ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചു. മുഷീർ ഖാൻ്റെ റെക്കോഡ് തീർത്ത സെഞ്ച്വറി പ്രകടനം വഴി (136 റൺസ്) മുംബൈ കൂറ്റൻ സ്കോർ നേടി. 10 വിക്കറ്റ് നഷ്ടത്തിൽ 418 റൺസാണ് നേടിയത്. ശ്രേയസ് അയ്യർ (95), ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (73), ഷംസ് മുലാനി (50) എന്നിവരും മുംബൈക്കായി തിളങ്ങി. വിദർഭയ്ക്കുവേണ്ടി ഹർഷ് ദുബെ അഞ്ചും യഷ് താക്കൂർ മൂന്നനും വിക്കറ്റുകളെടുത്തു.