ഐപിഎൽ പോരാട്ടം അവസാന ലാപ്പിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ആരാണ് ഒടുവിൽ വിജയകിരീടം എന്ന് പ്രവചിക്കാൻ സാധിക്കാത്ത വിധത്തിലാണ് മത്സരം മുന്നേറുന്നത്. ഇന്ന് നടക്കുന്ന ഐപിഎൽ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസും റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവും തമ്മിൽ ഏറ്റുമുട്ടും.
അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വെച്ച് രാത്രി 7.30 മുതലാണ് മത്സരം നടക്കുക. നിലവിലെ ഫോമിൽ രാജസ്ഥാനുമായുള്ള മത്സരം തങ്ങൾക്ക് ഒരു വെല്ലുവിളിയാകില്ലെന്ന പ്രതീക്ഷയിലാണ് ബംഗളൂരു ഇന്ന് കളത്തിലിറങ്ങുക. എന്നാൽ രാജസ്ഥാൻ അമിത ആത്മവിശ്വാസമൊന്നും ഇല്ലാതെ സാധാരണ നിലയിലാകും പോരിനിറങ്ങുകയെന്നാണ് വിലയിരുത്തൽ.
ഐപിഎൽ സീസണിന്റെ തുടക്കത്തിൽ ആദ്യ 9 മത്സരങ്ങളിൽ എട്ടും ജയിച്ച് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായിരുന്നു രാജസ്ഥാൻ. എന്നാൽ ഈ മാസം നടന്ന 5 ലീഗ് മത്സരങ്ങളിൽ നാലിലും രാജസ്ഥാൻ തോറ്റിരുന്നു. മാത്രമല്ല, ഒരു മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു. മറുവശത്ത് ആദ്യ 8 മത്സരങ്ങളിൽ ഏഴിലും തോറ്റ ബംഗളുരു ഈ മാസം നടന്ന 6 മത്സരങ്ങളിലും വിജയക്കുതിപ്പ് നടത്തി പ്ലേഓഫിൽ സീറ്റുറപ്പിക്കുകയും ചെയ്തു. അതിനാൽ ഇന്ന് നടക്കുന്ന എലിമിനേറ്ററിൽ ആര് വിജയിക്കുമെന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.