രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം ഒഴിയാനൊരുങ്ങുന്നതായി റിപ്പോർട്ട്. പുതിയ പരിശീലകനെ കണ്ടെത്തുന്നതിനുള്ള പരസ്യം ഉടൻ പുറത്തിറങ്ങുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. അതേസമയം, പരിശീലക സ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡിന് വീണ്ടും അപേക്ഷ നൽകാമെന്നും എന്നാൽ നേരിട്ട് കരാർ പുതുക്കുന്നതിന് താൽപര്യമില്ലെന്നും ജയ് ഷാ കൂട്ടിച്ചേർത്തു.
“രാഹുൽ ദ്രാവിഡിന് ജൂൺ വരെയാണ് കാലാവധിയുള്ളത്. താൽപര്യമുണ്ടെങ്കിൽ അദ്ദേഹത്തിന് വീണ്ടും അപേക്ഷ സമർപ്പിക്കാനുള്ള അവകാശമുണ്ട്. വിദേശ പരിശീലകൻ വേണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ബിസിസിഐയുടെ ഉപദേശക സമിതിയാണ്. ഓരോ ഫോർമാറ്റുകളിലും ഓരോ പരിശീലകർ ആവശ്യമാണോയെന്ന കാര്യവും ഉപദേശക സമിതിയാണ് തീരുമാനിക്കുന്നത്. ഇന്ത്യയിൽ വിരാട് കോലി, രോഹിത് ശർമ, ഋഷഭ് പന്ത് തുടങ്ങിയ നിരവധി താരങ്ങൾ എല്ലാ ഫോർമാറ്റുകളിലും കളിക്കുന്നവരാണ്. നിലവിൽ ഓരോ ഫോർമാറ്റിലും വെവ്വേറെ പരിശീലകരുടെ ആവശ്യമില്ല” എന്നാണ് ജയ് ഷാ പറഞ്ഞത്.
2021 നവംബറിൽ ടീമിനൊപ്പം ചേർന്ന രാഹുൽ ദ്രാവിഡിന്റെ കരാർ ഏകദിന ലോകകപ്പിന് ശേഷം പുതുക്കുമെന്നായിരുന്നു റിപ്പോർട്ട്. നിലവിൽ ജൂൺ വരെയാണ് രാഹുൽ ദ്രാവിഡിന് ബിസിസിഐയുമായി കരാറുള്ളത്. അതുകൊണ്ടുതന്നെ ജൂണിൽ നടക്കാൻ പോകുന്ന ട്വന്റി20 ലോകകപ്പിന് ശേഷം ബിസിസിഐ പുതിയ പരിശീലകനെ നിയമിക്കുമെന്നാണ് വിലയിരുത്തൽ.