കരിയറിൽ ഒരിക്കലും പദവികൾക്കും റെക്കോർഡുകൾക്കും പിന്നാലെ പോയിട്ടില്ല. സീനിയർ താരമെന്ന ആഹംഭാവം ലെവലേശമില്ല. ക്രിക്കറ്റിനോടുള്ള സമീപനത്തിൽപോലും അന്നും ഇന്നും അണുവിട മാറ്റമില്ല. എന്തിന് ഹെയർ സ്റ്റൈൽ പോലും ക്രിക്കറ്റിന് യോജിച്ചവിധം. ടീമിന് വേണ്ടി എന്ത് ത്യാഗത്തിനും തയ്യാറായി, ഇന്ത്യൻ ക്രിക്കറ്റിന്റെ കാവലാളായി നിലകൊണ്ട താരം, രാഹുൽ ശരദ് ദ്രാവിഡ്. അതെ, ക്രിക്കറ്റിലെ ദി വാൾ… ദി ഗ്രേറ്റ് വാൾ…
മാന്യതയുടെ പര്യായമായ ക്രിക്കറ്റിനെ അതേ മാന്യതയോടെ സമീപിച്ച ചുരുക്കം ക്രിക്കറ്റർമാരിൽ ഒരാളായിരുന്നു രാഹുൽ ദ്രാവിഡ്. രാഹുൽ ദ്രാവിഡ് എന്ന പേര് പറയുമ്പോൾ ഒരുപക്ഷേ ആരാധകർക്കിടയിൽ നിന്നോ മൈതാനത്തിന്റെ കോണുകളിൽ നിന്നോ പ്രകമ്പനം കൊള്ളിക്കുന്ന, ഇന്ന് ലോകം ആഗ്രഹിക്കുന്നത്ര ആരവങ്ങൾ ഉയർന്നില്ലെന്ന് വരാം. എന്നാൽ ക്രിക്കറ്റിനെ സ്നേഹിക്കുന്നവരുടെ മനസിൽ എന്നും ആവേശങ്ങൾക്കും പോർവിളികൾക്കും അപ്പുറം നിലയുറപ്പിച്ചിരിക്കുന്ന താരമാണ് ദ്രാവിഡ്.
ടീമിന് വേണ്ടി എന്തിനും തയ്യാറായ ക്രിക്കറ്റർ
ക്രിക്കറ്റിനോട് ഒരുതരം ആവേശമാണ് രാഹുൽ ദ്രാവിഡിന്. എന്നാൽ ഞാൻ എന്നതിനപ്പുറം ഞങ്ങൾ എന്നി ചിന്തിച്ച് മാത്രമേ ഓരോ കളിയിലും ദ്രാവിഡ് കളത്തിലിറങ്ങാറുള്ളു. കൂട്ടായ ശ്രമത്തിലൂടെ അതിശക്തമായി പോരാടാം എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ് ഇന്നും ക്രിക്കറ്റ് പ്രേമികൾക്കിടയിൽ രാഹുൽ ദ്രാവിഡ് എന്ന താരത്തെ ഉയർത്തിക്കാട്ടുന്നത്. ‘ടീമിന് വേണ്ടി വെള്ളത്തിന് മുകളിലൂടെ നടക്കാൻ ആവശ്യപ്പെട്ടാൽ എത്ര മൈൽ വേണമെന്നാകും ദ്രാവിഡിന്റെ ചോദ്യം’ എന്ന് ഒരിക്കൽ ഹർഷ ഭോഗ്ലെ പറയുകയുണ്ടായി. അതെ, ക്രീസിലിറങ്ങി തന്റെ ഇന്നിങ്സ് കളിച്ചുപോരുക എന്ന രീതിയായിരുന്നില്ല രാഹുൽ ഒരിക്കലും സ്വീകരിച്ചത്. തന്റെ സഹകളിക്കാർക്ക് എങ്ങനെയാണ് പിന്തുണ കൊടുക്കേണ്ടതെന്നതിനേക്കുറിച്ച് അദ്ദേഹം ചിന്തിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു.
വിക്കറ്റ് കീപ്പിങ് മുതൽ നായകൻ വരെയുള്ള റോളുകൾ തനിക്ക് അതിവേഗം വഴങ്ങുമെന്ന് തെളിയിച്ച താരം കൂടിയാണ് ദ്രാവിഡ്. ഓപ്പണിങ് സ്ലോട്ട് മുതൽ എട്ടാം നമ്പറുകാരനായി വരെ ബാറ്റ് ചെയ്തു. ടൂർണമെന്റിൽ ഒരു എക്സ്ട്രാ ബാറ്ററെ ഉൾപ്പെടുത്താൻ സൗരവ് ഗാംഗുലിയെന്ന ക്യാപ്റ്റൻ തീരുമാനിച്ചപ്പോൾ ടീമിന് വേണ്ടി വിക്കറ്റ് കീപ്പറാകാനും അദ്ദേഹം തയ്യാറായി. അത്രത്തോളമായിരുന്നു ദ്രാവിഡിന് ക്രിക്കറ്റിനോടുള്ള അഭിനിവേശം. 2006-ലെ ലാഹോർ ടെസ്റ്റിൽ പാക്കിസ്ഥാനെതിരെ സെവാഗിനൊപ്പം 410 റൺസിന്റെ കൂട്ടായ്മയിൽ അത്യുഗ്രൻ മതിൽ തീർത്തത് ദ്രാവിഡ് ആയിരുന്നു. എല്ലാത്തിനുമൊടുവിൽ പരിശീലകസ്ഥാനത്തേക്കും എത്തിപ്പെട്ടപ്പോൾ തന്റെ ടീമിനായി എന്തും ചെയ്യാൻ തയ്യാറാകുന്ന ഒരു പെരുന്തച്ചനെയായിരുന്നു ക്രിക്കറ്റ് ലോകം കണ്ടത്.
‘ദി വാൾ’ എന്ന ഇന്ത്യൻ ക്യാപ്റ്റൻ
ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ മുൻ നിരയിലാണ് രാഹുൽ ദ്രാവിഡ് എന്ന ‘ദി വാൾ’ന്റെ സ്ഥാനം. കളത്തിലിറങ്ങിയ 72 മത്സരങ്ങളിൽ 49-ലും ദ്രാവിഡ് ടീമിനെ വിജയത്തിലെത്തിച്ചു. ടെസ്റ്റിൽ 25 മത്സരങ്ങിൽ നിന്നായി എട്ട് വിജയവും 11 സമനിലകളും ദ്രാവിഡെന്ന നായകന്റെ പിൻബലത്തിൽ ഇന്ത്യ നേടിയെടുത്തിട്ടുണ്ട്. ഏകദിനത്തിൽ തുടർച്ചയായ 24 വിജയങ്ങളാണ് ദ്രാവിഡിന്റെ കീഴിൽ ഇന്ത്യ സമ്പാദിച്ചത്. ഇത് ഇന്നും ലോകറെക്കോർഡാണ് എന്നതാണ് പ്രത്യേകം എടുത്തുപറയേണ്ട കാര്യം.
2005 മുതൽ 2007 വരെ ഏറ്റവും കൂടുതൽ ഏകദിന വിജയങ്ങളിൽ ഇന്ത്യ ഓസ്ട്രേലിയക്ക് തൊട്ടുപിന്നിലെത്തിയത് അതായത് 36 വിജയങ്ങൾ സ്വന്തമാക്കിയത് ദ്രാവിഡിന്റെ ക്യാപ്റ്റൻസിയിലായിരുന്നു. പാക്കിസ്ഥാനിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് വിജയം നേടിയ ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ, കരീബിയൻ മണ്ണിൽ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടിക്കൊടുത്ത് ചരിത്രത്തിലിടം നേടാൻ മുന്നിൽ നിന്ന കപ്പിത്താൻ, 21 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിൽ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയപ്പോൾ ഇന്ത്യൻ നിരയെ സുശക്തനായി നയിച്ച പോരാളി എന്നിങ്ങനെ ഇന്ത്യയ്ക്കായി ദ്രാവിഡ് കുറിച്ച നേട്ടങ്ങൾ വിസ്മരിക്കാനാകാത്തതാണ്.
ഒടുവിൽ പരിശീലക സ്ഥാനത്തേയ്ക്ക്
2012-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ദ്രാവിഡ് 2015-ലാണ് ഇന്ത്യയുടെ യുവനിരയെ വാർത്തെടുക്കാൻ കോച്ച് എന്ന വേഷമണിയുന്നത്. അണ്ടർ 19 കോച്ചായായിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് എൻ.സി.എ തലവനായും ഒപ്പം ഇന്ത്യ എ ടീമിന്റെ കോച്ചായും ദ്രാവിഡ് തന്റെ പ്രവർത്തന മേഖല വ്യാപിപ്പിച്ചു. 2018-ൽ അണ്ടർ 19 ക്രിക്കറ്റ് ലോകകിരീടം ഇന്ത്യ സ്വന്തമാക്കുമ്പോൾ അതിന് പിന്നിൽ പ്രവർത്തിച്ചത് രാഹുൽ ദ്രാവിഡ് എന്ന പരിചയസമ്പന്നനായ കോച്ചിന്റെ മികവായിരുന്നു. വെറും നാല് വർഷം കൊണ്ട് ഇന്ത്യയുടെ ജൂനിയർ ടീമിനെ ലോകത്തെ തന്നെ ഏറ്റവും കരുത്തുറ്റ ടീമാക്കി ദ്രാവിഡ് മാറ്റി. ഈ കാലയളവിൽ ഇന്ത്യയുടെ ജൂനിയർ ടീം ലോകത്തെ മറ്റേതൊരു ടീമിനേക്കാളും അധികം മത്സരങ്ങളാണ് വർഷവും കളിച്ചുകൊണ്ടിരുന്നത് എന്നതും എടുത്തുപറയേണ്ട കാര്യമാണ്.
2019-ൽ ദ്രാവിഡിനെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയായി നിയമിച്ചു. ഒടുവിൽ ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലകസ്ഥാനത്തേക്കും ദ്രാവിഡിനെ നിയമിക്കാൻ ബി.സി.സി.ഐ തീരുമാനിച്ചു. എന്നാൽ ഈ അവസരം ആദ്യം നിരസിച്ച ദ്രാവിഡിനെ ക്രിക്കറ്റ് ആരാധകരുടെ ആഭ്യർത്ഥന മാനിച്ച് ബി.സി.സി.ഐ തുടർച്ചയായി സമീപിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ അദ്ദേഹം ആ വലിയ ദൗത്യം ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെ 2023-ലെ ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിൽ ഇന്ത്യൻ ടീമിനെ അതിഗംഭീരമായി അദ്ദേഹം വാർത്തെടുത്തു. ഫൈനലിൽ ഓസ്ട്രേലിയയ്ക്ക് മുന്നിൽ കാലിടറിയെങ്കിലും ലോകകപ്പ് മത്സരത്തിന്റെ തുടക്കം മുതൽ സെമി വരെ ഒരു മത്സരത്തിലും തോൽക്കാതെ എല്ലാ ടീമിനെയും പരാജയപ്പെടുത്തി ഇന്ത്യ അജയ്യരായി നിലയുറപ്പിച്ചിരുന്നു. ഇതിന് പിന്നിലെ രാഹുൽ ദ്രാവിഡ് എന്ന പരിശീലകന്റെ കഴിവ് വിസ്മരിക്കാനാകാത്തതാണ്.
കർക്കശക്കാരനായൊരു പരിശീലകന്റെ പരിവേഷമില്ലാതെ ഒരു സീനിയർ താരം അല്ലെങ്കിൽ ഒരു സുഹൃത്ത് അതുമല്ലെങ്കിൽ ഒരു ജ്യോഷ്ഠൻ
എന്നീ നിലകളിലാണ് ദ്രാവിഡ് തന്റെ ടീമിനോട് ഇടപഴകിയിരുന്നത്. അതുതന്നെയാണ് പരിശീലകൻ എന്ന നിലയിൽ അദ്ദേഹം പങ്കെടുത്ത ടൂർണമെന്റുകളിലുടനീളം ഇന്ത്യയുടെ പ്രകടനത്തിൽ പ്രതിഫലിച്ചതും. തന്ത്രങ്ങളും അടവുകളും പയറ്റിത്തെളിഞ്ഞ, ഇന്ത്യ കണ്ട മികച്ച ഒരു ‘ടീം മാൻ’ തന്നെയായിരുന്നു രാഹുൽ ദ്രാവിഡ്. ഏത് പ്രതികൂല സാഹചര്യങ്ങളിലും മര്യാദകൾ കാത്തുസൂക്ഷിച്ച, മിതഭാഷിയായ ഒരാൾ. അതിനുമപ്പുറം നല്ലൊരു മനുഷ്യൻ കൂടിയാണ് അദ്ദേഹം.
എന്നും രണ്ടാമനാകാൻ വിധിക്കപ്പെട്ട കരിയർ
ക്രിക്കറ്റിൽ കരിയർ ആരംഭിച്ചത് മുതൽ രാഹുൽ ദ്രാവിഡ് എന്ന പ്രതിഭയെ വലംവെച്ച് ഭാഗ്യദോഷങ്ങളുമുണ്ടായിരുന്നു. ആ ഭാഗ്യദോഷങ്ങളാകാം അദ്ദേഹത്തിന് അർഹതപ്പെട്ട പല അവസരങ്ങളും തട്ടിയെടുത്തത്. ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ഇന്ത്യൻ ക്രിക്കറ്റിനെ ഭരിച്ചിരുന്ന കാലത്ത് ക്രിക്കറ്റിന്റെ തിരശീലയിൽ എത്തപ്പെട്ട ദ്രാവിഡിന് എന്നും വിധിക്കപ്പെട്ടത് രണ്ടാം സ്ഥാനമായിരുന്നു. അതോടൊപ്പം പലപ്പോഴും മറ്റൊരാൾ വലിയ റെക്കോർഡുകൾ സ്വന്തമാക്കുമ്പോൾ മറുവശത്ത് കാഴ്ചക്കാരനായി നിൽക്കേണ്ടിവന്നു രാഹുലിന്. ലോർഡ്‌സിലെ ദ്രാവിഡിന്റെ ടെസ്‌റ്റ് അരങ്ങേറ്റ മത്സരം മുതൽ അത് പ്രതിഫലിക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിന് എതിരെ അതിഗംഭീരപ്രകടനം കാഴ്ചവെച്ച് സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവിഡും മുന്നേറിക്കൊണ്ടിരുന്ന മത്സരത്തിൽ ഗാംഗുലി സെഞ്ച്വറിയടിച്ചപ്പോൾ ദ്രാവിഡിന് നേടാനായത് 95 റൺസാണ്. അഞ്ച് റൺസിന് അരങ്ങേറ്റ സെഞ്ച്വറി നഷ്ടമായ ദ്രാവിഡിനെ അന്ന് ആരും തിരിഞ്ഞുനോക്കിയില്ല. കളിയിലെ താരമായ ഗാംഗുലി ആയിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം.
അവിടംകൊണ്ടും തീരുന്നില്ല, 1999 ലോകകപ്പിൽ 183 റൺസുമായി ശ്രീലങ്കയെ സൗരവ് ഗാംഗുലി തകർത്തപ്പോൾ 145 റൺസുമായി ദ്രാവിഡ് അന്നും മറുവശത്തുണ്ടായിരുന്നു. പക്ഷേ അന്നും ഗാംഗുലിയുടെ പ്രകടനത്തിൽ ദ്രാവിഡിന്റെ ഇന്നിംഗ്സ് ഒഴുകിപ്പോയി. പിന്നീട് സച്ചിൻ ന്യൂസിലൻഡിനെതിരെ 186 റൺസ് അടിച്ചുകൂട്ടുമ്പോഴും മറുവശത്ത് ഇതേ ദ്രാവിഡുണ്ടായിരുന്നു. 153 റൺസ് നേടി തന്റെ ഏകദിന കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അന്നും ദ്രാവിഡിനെ ഓർക്കാൻ എല്ലാവരും മറന്നു.
2001-ൽ ഈഡൻ ഗാർഡൻസിൽ വിഖ്യാതമായ കൊൽക്കത്ത ടെസ്റ്റിൽ വി.വി.എസ് ലക്ഷ്മൺ 281 റൺസടിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചപ്പോൾ തൊട്ടപ്പുറത്ത് കഠിനാധ്വാനത്തിലൂടെ ദ്രാവിഡ് സമ്പാദിച്ച 180 റൺസും അന്ന് ആരും മുഖവിലയ്ക്കെടുത്തില്ല. ലക്ഷ്മണിന്റെ നിഴൽ മറയ്ക്കുള്ളിൽ അന്ന് രാഹുൽ ദ്രവിഡ് എന്ന പ്രതിഭ ഒതുങ്ങിപ്പോയി, ആരാലും ശ്രദ്ധിക്കപ്പെടാൻ കഴിയാതെ. അതിനുമപ്പുറം പിന്നീട് പലമത്സരങ്ങളിലും തന്റെ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും സച്ചിൻ എന്ന ഇതിഹാസത്തിന് പിന്നിൽ നിൽക്കാനായിരുന്നു ദ്രാവിഡിന്റെ വിധി. എന്നാൽ ക്രീസിൽ റെക്കോർഡുകൾ പിറക്കുമ്പോൾ മറുഭാഗത്ത് എന്നും ദ്രാവിഡുണ്ടായിരുന്നു.
മികച്ച കളിക്കാരനായിരുന്നെങ്കിലും പ്രതിഭ പലർക്കും മറവിൽ തളയ്ക്കപ്പെട്ട അദ്ദേഹം ഒരു പരാതിയും പരിഭവവുമില്ലാതെ ടീമിന്റെ ആവശ്യങ്ങൾക്ക് മാത്രം മുൻഗണന നൽകി ഇന്ത്യൻ ടീമിനൊപ്പം ഒരു ശക്തികേന്ദ്രമായി നിലയുറപ്പിച്ചു. ഒരു മികച്ച ക്രിക്കറ്റർ എങ്ങനെയാകണമെന്ന് തന്റെ ജീവിതത്തിലൂടെ അദ്ദേഹം വരച്ചുകാണിക്കുകയായിരുന്നു.
രാഹുൽ ദ്രാവിഡ് എന്ന പ്രതിഭ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ, ഇന്ത്യൻ ദേശീയ ടീമിന്റെ മുൻ ക്യാപ്റ്റൻ എന്നതിലുപരി മികച്ചൊരു കളിക്കാരൻ കൂടിയാണ് രാഹുൽ ദ്രാവിഡ്. ക്രിക്കറ്റിനോട് അതിയായ താത്പര്യമുണ്ടായിരുന്ന ദ്രാവിഡ് തന്റെ 12-ാം വയസിലാണ് ബാറ്റും ബോളും കയ്യിലെടുത്തത്. ബാംഗ്ലൂരിൽ വളർന്നതുകൊണ്ടുതന്നെ പിന്നീട് അണ്ടർ 15, അണ്ടർ 17, അണ്ടർ 19 തലങ്ങളിൽ കർണാടകയെ പ്രതിനിധീകരിച്ചു. അങ്ങനെ ക്രിക്കറ്റിലെ തന്റെ കരിയർ ആരംഭിച്ച ദ്രാവിഡ് മികച്ച പ്രകടനത്തിലൂടെ ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റി. 2004-ലെ ഉദ്ഘാടന ഐ.സി.സി അവാർഡ് ദാന ചടങ്ങിൽ പ്ലെയർ ഓഫ് ദി ഇയർ, ടെസ്റ്റ് പ്ലെയർ ഓഫ് ദി ഇയർ എന്നീ അവാർഡുകൾ താരം നേടിയെടുത്തു.
ബാറ്റിങ്ങിൽ ഒരു പോരാളി തന്നെയായിരുന്നു ദ്രാവിഡ്. ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ അർധ സെഞ്ച്വറി നേടിയവരിൽ രണ്ടാം സ്ഥാനത്താണ് അദ്ദേഹം. തട്ടിക്കളിക്കാരനെന്ന പഴി കേട്ടിരുന്ന കാലത്താണ് 22 പന്തിൽ നിന്ന് രാഹുൽ ദ്രാവിഡ് അർധ സെഞ്ച്വറിയടിച്ചത്. 99-ലെ ലോകകപ്പിൽ 461 റൺസോടെ ടോപ് സ്കോററുമായി. ജീവിതത്തിൽ കളിച്ച ഒരേയൊരു അന്താരാഷ്ട്ര ടി20യിൽ തുടർച്ചയായി മൂന്ന് സിക്സറുകൾ പറത്തിയ താരം കൂടിയാണ് ദ്രാവിഡ്. തന്റെ കരിയറിൽ 286 ടെസ്റ്റ് ഇന്നിംഗ്സുകളിൽ കളിച്ച അദ്ദേഹം 31,258 പന്തുകൾ നേരിട്ടിട്ടുണ്ട്.
സച്ചിൻ ടെണ്ടുൽക്കർ, റിക്കി പോണ്ടിംഗ്, ജാക്ക് കാലിസ് എന്നിവർക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന നാലാമത്തെ താരമാണ് ദ്രാവിഡ്. ഇന്ത്യയിലെ നാലാമത്തെയും മൂന്നാമത്തെയും ഉയർന്ന സിവിലിയൻ ബഹുമതികളായ പത്മശ്രീയും പത്മഭൂഷണും ദ്രാവിഡിനെ തേടിയെത്തി. സച്ചിൻ, ലാറ, കാലിസ്, റിക്കി പോണ്ടിംഗ്, ജയവർധന, സങ്കക്കാര തുടങ്ങി ക്രിക്കറ്റിലെ ഒരുപറ്റം ഇതിഹാസങ്ങളുടെ കാലത്ത് ബാറ്റുകൊണ്ട് വിസ്മയം തീർത്ത അതുല്യ പ്രതിഭ തന്നെയാണ് രാഹുൽ ദ്രാവിഡ്.