കൂച്ച് ബെഹാർ ട്രോഫിയിൽ തിളങ്ങി ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിൻ്റെ മകൻ സമിത്ത്. ബാറ്റിങ്ങിലും ബൗളിങ്ങിലും രാഹുലിനേപ്പോലെ ക്ലാസിക് ഷോട്ടുകളടങ്ങിയ ഇന്നിങ്സ് പുറത്തെടുത്താണ് സമിത്ത് ജമ്മു-കശ്‌മീരിനെതിരെ കർണാടകയ്ക്കായി 98 റൺസ് നേടിയത്. സമിത്തിൻ്റെ അതിഗംഭീര ബാറ്റിങ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
കർണാടകയ്ക്കായി അഞ്ചാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ സമിത്ത് 13 ഫോറും ഒരു സിക്സുമായി 98 റൺസാണ് അടിച്ചെടുത്തത്. രണ്ട് വിക്കറ്റ് വീഴ്ത്തി സമിത്ത് ബൗളിങ്ങിലും മികവ് പുലർത്തിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ജമ്മു-കശ്മീർ ഒന്നാം ഇന്നിങ്സിൽ 170 റൺസിന് ഓൾ ഔട്ടായി. ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ കർണാടക സമിത്തിൻ്റെയും സെഞ്ച്വറി നേടിയ (163) കാർത്തികേയയുടെയും ബാറ്റിങ് മികവിൽ അഞ്ചിന് 480 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തു. നാലാം വിക്കറ്റിൽ 233 റൺസാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്. രണ്ടാം ഇന്നിങ്സിൽ 180 റൺസിന് പുറത്തായ ജമ്മു-കശ്മീർ ഇന്നിങ്സിനും 130 റൺസിനും തോറ്റു.
സ്കൂൾ കാലം മുതൽ തന്നെ ക്രിക്കറ്റ് മാച്ചിൽ ശ്രദ്ധ നേടിയ താരമാണ് സ്മിത്ത്. വിവിധ ടൂർണമെൻ്റുകളിൽ കർണാടകയുടെ അണ്ടർ 14 ടീമുകൾക്കായി തിളങ്ങാനും താരത്തിന് ഇതിനോടകം സാധിച്ചിട്ടുണ്ട്.