ടി20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ താരങ്ങൾക്ക് 125 കോടി രൂപ സമ്മാനമായി ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. മുംബൈയിൽ വെച്ച് ടീമിനായി ഒരുക്കിയ സ്വീകരണ പരിപാടിയിൽ വെച്ച് ചെക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ തനിക്ക് ലഭിച്ച ഓഹരിയിലെ 2.5 കോടി രൂപ വേണ്ടെന്ന് വെച്ചിരിക്കുകയാണ് മുൻ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡ്. മറ്റ് സപ്പോർട്ടിങ് സ്റ്റാഫുകൾക്ക് നൽകുന്ന 2.5 കോടി മതിയെന്ന് ബിസിസിഐയെ അറിയിച്ചിരിക്കുകയാണ് ദ്രാവിഡ്.
താരങ്ങൾ ഉൾപ്പെടെ ലോകകപ്പ് ഇന്ത്യൻ സംഘത്തിലുണ്ടായിരുന്ന 42 പേർക്കും തുകയുടെ പങ്കിന് അർഹതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് 15 താരങ്ങൾക്കും മുഖ്യപരിശീലകനായിരുന്ന രാഹുൽ ദ്രാവിഡിനും അഞ്ച് കോടി രൂപ വീതമാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ തനിക്ക് അത്രയും തുക വേണ്ടെന്നും മറ്റ് സപ്പോർട്ടിങ് സ്റ്റാഫുകൾക്ക് നൽകുന്ന 2.5 കോടി മതിയെന്നുമാണ് ദ്രാവിഡിന്റെ നിലപാട്.
ബോളിങ് കോച്ച് പരാസ് മാംബ്രെ, ഫിൽഡിങ് കോച്ച് ടി. ദിലിപ്, ബാറ്റിങ് കോച്ച് വിക്രം റാത്തോർ എന്നിവർക്ക് 2.50 കോടി രൂപ വീതമായിരുന്നു നൽകിയത്. ഇതേ തുക തനിക്കും മതിയെന്നാണ് ദ്രാവിഡ് ആവശ്യപ്പെട്ടത്. ദ്രാവിഡിന്റെ ഈ നിലപാടിനെ കയ്യടികളോടെയാണ് ആരാധകർ സ്വീകരിച്ചത്. താരത്തിന്റെ തീരുമാനം അഭിനന്ദനാർഹമാണെന്നും ഇത്തരത്തിൽ ചിന്തിക്കാൻ രാഹുൽ ദ്രാവിഡിന് മാത്രമേ സാധിക്കൂ എന്നുമാണ് സാമൂഹ്യമാധ്യമങ്ങളിൽ ആരാധകർ അഭിപ്രായപ്പെടുന്നത്.
ലോകകപ്പിൽ കളിച്ച 15 അംഗ ഇന്ത്യൻ ടീമിലെ താരങ്ങൾക്കും മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനും അഞ്ച് കോടി രൂപ വീതം, ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിലെ മറ്റ് അംഗങ്ങൾക്ക് 2.5 കോടി രൂപ വീതം, മൂന്ന് ഫിസിയോ തെറാപ്പിസ്റ്റുകൾ, മൂന്ന് ത്രോഡൗൺ സ്പെഷ്യലിസ്റ്റുകൾ എന്നിവർ രണ്ട് കോടി രൂപ വീതം, 15 അംഗ ടീമിൻ്റെ ഭാഗമല്ലാതിരുന്ന, റിസർവ് താരങ്ങളെന്ന നിലയ്ക്ക് ടീമിനൊപ്പമുണ്ടായിരുന്ന ഖലീൽ അഹമ്മദ്, റിങ്കു സിങ്, ശുഭ്മൻ ഗിൽ, ആവേശ് ഖാൻ എന്നിവർക്ക് ഓരോ കോടി രൂപ വീതവും ലോകകപ്പ് നേടിയ ടീമിനെ തിരഞ്ഞെടുത്ത അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റി അംഗങ്ങൾക്ക് ഓരോ കോടി രൂപ വീതവുമാണ് നൽകിയത്.