ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് ഗുർബാസ്. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ചുറി തികച്ചതോടെയാണ് താരം ഈ നേട്ടത്തിലെത്തിയത്.
22 വർഷവും 349 ദിവസവും പ്രായമുള്ളപ്പോഴാണ് ഗുർബാസ് തന്റെ എട്ടാം ഏകദിന സെഞ്ചുറി കുറിച്ചിരിക്കുന്നത്. 22 വയസും 312 ദിവസവും പ്രായമുള്ളപ്പോൾ എട്ടാം ഏകദിന സെഞ്ചുറി തികച്ച ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡിക്കോക്കാണ് പട്ടികയിലെ ഒന്നാം സ്ഥാനത്ത്.
ഇന്ത്യൻ താരങ്ങളായ സച്ചിൻ തെണ്ടുൽക്കർ, വിരാട് കോലി, പാക്കിസ്ഥാൻ താരം ബാബർ അസം എന്നിവരെ പിന്നിലാക്കിയാണ് ഗുർബാസ് ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ 120 പന്തുകൾ നേരിട്ട ഗുർബാസ്, ഏഴു സിക്സും അഞ്ചു ഫോറുമടക്കം 101 റൺസെടുത്തു. അതേസമയം, അഫ്ഗാനായി ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിൽ ഗുർബാസ് ഒന്നാം സ്ഥാനത്താണ്.