ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യയുടെ അഭിമാന താരം ആർ.പ്രഗ്നാനന്ദ. നോർവെ ചെസ് ടൂർണമെൻ്റിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ തോൽപ്പിച്ചാണ് പ്രഗ്നാനന്ദ ചരിത്രം കുറിച്ചത്. ക്ലാസിക്കൽ ചെസിൽ കാൾസനെതിരെ പ്രഗ്നാനന്ദ നേടുന്ന ആദ്യ ജയമാണിത്. ക്ലാസിക്കൽ ചെസിൽ കാൾസനെ തോൽപ്പിക്കുന്ന നാലാമത്തെ ഇന്ത്യക്കാരനായും ഇതോടെ പ്രഗ്നാനന്ദ മാറി.
മത്സരത്തിൽ കൂടുതൽ സമയവും പിന്നിൽ നിന്ന ശേഷമാണ് പ്രഗ്നാനന്ദ ജയിച്ചുകയറിയത്. മൂന്നാം റൗണ്ടിലായിരുന്നു താരം ജയം ഉറപ്പിച്ചത്. ഇതോടെ പ്രഗ്നാനന്ദ 9-ൽ 5.5 പോയിൻ്റ്സ് കരസ്ഥമാക്കി ഒന്നാമതെത്തി. ഇതോടെ കാൾസൻ പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
മത്സരാർത്ഥികൾക്ക് നീക്കങ്ങൾ നടത്തുന്നതിന് കൂടുതൽ സമയം അനുവദിക്കുന്ന ഗെയിമുകളെയാണ് ക്ലാസിക്കൽ ചെസ് എന്ന് വിളിക്കുന്നത്. ക്ലാസിക്കൽ ചെസിൽ ഇരുവരും മുൻപ് മൂന്ന് തവണ നേർക്കുനേർ വന്നപ്പോഴും സമനിലയായിരുന്നു ഫലം. അതിനിടെ വനിതകളുടെ മത്സരത്തിൽ പ്രഗ്നാനന്ദയുടെ സഹോദരി ആർ. വൈശാലിയും 5.5 പോയിൻ്റോടെ ഒന്നാമതെത്തി.