കായിക മാമാങ്കം നടക്കുന്ന പാരീസിലേയ്ക്കാണ് ലോകം ഉറ്റുനോക്കുന്നത്. ഒളിമ്പിക്സ് മത്സരങ്ങൾക്കൊപ്പം പാരീസിലെ ഖത്തറിന്റെ സുരക്ഷാസേനാംഗങ്ങളും ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്. ഫ്രഞ്ച് പൊലീസിനും സൈന്യത്തിനുമൊപ്പം പാരീസിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്ത് ക്രിയാത്മകമായി പ്രവർത്തിക്കുകയാണ് ഖത്തറിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ.
ഖത്തർ ആഭ്യന്തര സുരക്ഷാ വിഭാഗമായ ‘ലഖ്വിയ’ സംഘമാണ് പാരീസ് ഒളിമ്പിക്സിന് സുരക്ഷയൊരുക്കാനെത്തിയത്. ഫ്രഞ്ച് സുരക്ഷ ഉദ്യോഗസ്ഥരുമായി വിവിധ ഘട്ടങ്ങളിൽ ചർച്ച നടത്തിയാണ് സേന വിന്യാസവും ദൗത്യവും ഖത്തർ നിർവഹിക്കുന്നത്. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 2,000 സുരക്ഷ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.
മാസങ്ങളായി നടന്ന തയ്യാറെടുപ്പും പരിശീലനങ്ങളും പൂർത്തിയാക്കിയാണ് ഖത്തർ സംഘം പാരീസിലെത്തിയത്. ഒളിമ്പിക്സ് വേദി മാത്രമല്ല, വിമാനത്താവളം, സ്റ്റേഡിയങ്ങൾ, റെയിൽവേ സ്റ്റേഷൻ, ഒളിമ്പിക് വില്ലേജ് തുടങ്ങി എല്ലാ ഭാഗങ്ങളിലും പഴുതടച്ച സുരക്ഷയാണ് ഖത്തർ സൈന്യം ഒരുക്കുന്നത്.