ഖത്തറിൽ ഫുട്ബോൾ മാമാങ്കത്തിന് കൊടിയുയരാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. ലോകകപ്പിനെത്തുന്ന ആരാധകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന പേരിൽ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. മദ്യപാനം, ഡേറ്റിംഗ്, സ്വവർഗ പ്രണയം, ഉയർന്ന ശബ്ദത്തിലുള്ള സംഗീതം തുടങ്ങിയവയൊന്നും ലോകകപ്പ് വേദിയിൽ അനുവദനീയമല്ലെന്നാണ് പോസ്റ്റർ പറയുന്നത്. ഖത്തർ സർക്കാർ ഔദ്യോഗികമായി പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളെന്ന വ്യാജേനയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ പോസ്റ്റർ മുൻ നിർത്തി നിരവധി ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. വാസ്തവം ഇതല്ലെന്ന് അറിയാതെയാണ് ആളുകൾ ഇത് ഷെയർ ചെയ്യുന്നത്.
യാഥാർത്ഥ്യം എന്താണ്?
ലോകകപ്പിനെത്തുന്ന ആരാധകർ പാലിക്കേണ്ട നിയമങ്ങളായി പുറത്തുവന്നിരിക്കുന്ന ഈ പോസ്റ്റർ ഖത്തറിലെ ചില ഇസ്ലാമിക് ആക്ടിവിസ്റ്റുകൾ പുറത്തിറക്കിയതാണെന്നാണ് സൂചന. ഒരു സംഘം സ്ത്രീകളാണ് ഇതിന് പിന്നിലെന്നും സൂചനയുണ്ട്. ‘ഷോ യുവർ റെസ്പെക്ട്’ എന്ന ആശയവുമായി ഇസ്ലാമിക നിയമങ്ങൾ പാലിക്കണമെന്ന് പറയുന്ന ഈ പോസ്റ്റർ ഇവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൻ്റെ സ്റ്റോറിയിലുമുണ്ടായിരുന്നു. അക്കൗണ്ടിൽ ഇതുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകളാണ് ഉള്ളത്.
2014 ജൂണിൽ തുടക്കമായ ഈ ക്യാമ്പയിന് വലിയ പിന്തുണ ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. സദാചാരവിരുദ്ധമായ പ്രവൃത്തികളിൽ നിന്ന് പൊതു ഇടങ്ങളെ സംരക്ഷിക്കുന്നതിനും അടക്കവും ഒതുക്കവും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ക്യാമ്പയിൻ ആരംഭിച്ചതെന്നാണ് സംഘാടകർ പറയുന്നത്. ‘ഖത്തറിലായിരിക്കുമ്പോൾ നിങ്ങൾ ഞങ്ങളിൽ പെട്ടവരാണ്. അതിനാൽ, ഞങ്ങളുടെ സംസ്കാരവും മൂല്യങ്ങളും സംരക്ഷിക്കാൻ സഹായിക്കൂ’ എന്നാണ് ഇവരുടെ പോസ്റ്ററുകളിലെ വാക്യങ്ങൾ.
ഇതിന് ഖത്തർ സർക്കാരുമായി യാതൊരു ബന്ധവുമില്ല.
ലോകകപ്പ് കാണാനെത്തുന്നവർക്കായി സർക്കാർ നൽകിയിട്ടുള്ള ഔദ്യോഗിക നിർദ്ദേശങ്ങൾ ഇവയാണ്:
കൊവിഡ് നെഗറ്റീവായിരിക്കണം. യാത്ര പുറപ്പെടുന്നതിന് പരമാവധി 48 മണിക്കൂർ മുൻപ് ചെയ്ത നെഗറ്റീവ് ആർടിപിസിആർ ടെസ്റ്റ് റിപ്പോർട്ട് നൽകണം. 6 വയസിനു താഴെയുള്ള കുട്ടികൾക്ക് ബാധകമല്ല. ഖത്തറിലെ പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ മാസ്ക് നിർബന്ധം.
21 വയസിന് മുകളിലുള്ളവർക്ക് മദ്യപിക്കാൻ തടസമില്ല. ലൈസൻസ് ഉള്ള ബാറുകളിൽ നിന്നും റെസ്റ്ററൻ്റുകളിൽ നിന്നും ആരാധകർക്ക് മദ്യം വാങ്ങാവുന്നതാണ്. എന്നാൽ, പൊതുസ്ഥലത്ത് മദ്യപിക്കാൻ അനുവാദമില്ല, വൈകിട്ട് 6.30നു ശേഷം സ്റ്റേഡിയങ്ങളിലെ ഫാൻ സോണുകളിൽ നിന്ന് ബിയർ ലഭ്യമാണ്. കോർപ്പറേറ്റ് പാക്കേജ് എടുക്കുന്നവർക്ക് ബിയർ, വൈൻ തുടങ്ങിയ പാനീയങ്ങൾ സ്റ്റേഡിയത്തിനുള്ളിൽ ലഭിക്കും.
ചുമലുകൾ മറയ്ക്കുന്ന തരത്തിൽ ‘മാന്യമായ’ വസ്ത്രം ധരിച്ചാവണം ആരാധകർ സ്റ്റേഡിയത്തിൽ പ്രവേശിക്കേണ്ടതെന്നും സ്ലീവ്ലസുകളും ഷോർട്ട്സുകളും ധരിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. ഖത്തർ ടൂറിസം അതോറിറ്റി നിർദ്ദേശിച്ചിരിക്കുന്ന തരത്തിലല്ലാതെ വസ്ത്രം ധരിക്കുന്നവർക്ക് ചിലയിടങ്ങളിൽ പ്രവേശനം അനുവദിക്കില്ല. പുകവലി അനുവദനീയമാണെങ്കിലും സ്റ്റേഡിയങ്ങൾ അടക്കം പൊതു സ്ഥലങ്ങളിൽ പുകവലി നിരോധിച്ചിട്ടുണ്ട്. ലംഘിച്ചാൽ പിഴയൊടുക്കും. 2014 മുതൽ ഇ-സിഗരറ്റുകൾ കച്ചവടം ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും ഉപയോഗിക്കുന്നതും ഖത്തറിൽ നിരോധിച്ചിരുന്നു.
ലോകകപ്പിനെത്തുന്നവർ നിർബന്ധമായും ആരോഗ്യ ഇൻഷുറൻസ് എടുക്കണം. 13 ഡോളറാണ് ഇൻഷുറൻസ് തുക. നവംബർ ഒന്നിനു ശേഷം രാജ്യത്ത് എത്തുന്നവർ ഹയ്യ കാർഡിന് അപേക്ഷിക്കുകയും അതുപയോഗിച്ച് മെട്രോ, ബസ് അടക്കം പൊതു ഗതാഗത സംവിധാനങ്ങളിൽ സൗജന്യമായി യാത്ര ചെയ്യാവുന്നതുമാണ്.
നവംബർ 20ന് തുടങ്ങുന്ന ലോകകപ്പ് ഡിസംബർ 18ന് സമാപിക്കും.