കുഞ്ഞൻ കാറുകളുടെ മത്സരമായ ഫോർമുല വൺ ഡിസൈനുകൾ പതിപ്പിച്ച് വർണാഭമായ ആകാശ യാത്ര നടത്താൻ ഒരുങ്ങി ഖത്തർ എയർവേയ്സ്. ഖത്തർ എയർവേയ്സിന്റെ ബോയിങ് 777 വിമാനമാണ് സ്റ്റിക്കറുകൾ പതിപ്പിച്ച് യാത്രയ്ക്കൊരുങ്ങുന്നത്. കാറോട്ട പ്രേമികൾക്ക് ആവേശം പകർന്ന് ഫോർമുല വൺ ലോഗോയും റേസിങ് ട്രാക്കിന്റെ വേഗവും പതിപ്പിച്ച വിമാനം പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഫിഫ ലോകകപ്പ് ലോഗോയും നിറങ്ങളും ചിഹ്നങ്ങളും പതിപ്പിച്ചുള്ള ഖത്തർ എയർവേയ്സ് വിമാനം ലോകശ്രദ്ധ നേടിയിരുന്നു. ഫോർമുല വൺ റേസിന്റെ ഔദ്യോഗിക ആഗോള എയർലൈൻ പങ്കാളിയാണ് ഖത്തർ എയർവേയ്സ്.
ഒക്ടോബർ ആറ് മുതൽ എട്ട് വരെ ലുസെയ്ൽ ഇന്റർനാഷണൽ സർക്യൂട്ടിലാണ് ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രി മത്സരം നടക്കുക. അതേസമയം ഫോർമുല വൺ ആരാധകർക്കായി അൾട്ടിമേറ്റ് ഫാൻ എക്സ്പീരിയൻസ് യാത്രാ പാക്കേജും ഖത്തർ എയർവേയ്സ് വിൽക്കുന്നുണ്ട്. ഖത്തർ എയർവേയ്സിന്റെ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് ഡിവിഷനായ ഡിസ്കവർ ഖത്തർ മുഖേനയാണ് വിൽപന നടക്കുക.
പ്രീമിയം യാത്രാ പാക്കേജിൽ ഒക്ടോബർ അഞ്ച് മുതൽ 14 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ജനീവ ഇന്റർനാഷണൽ മോട്ടർ ഷോയിലേയ്ക്കുള്ള കോംപ്ലിമെന്ററി പ്രവേശനവും ലഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കാറോട്ട മത്സര ആരാധകർക്ക് മൂന്ന് ദിവസത്തെ ആവേശകരവും വിസ്മയിപ്പിക്കുന്ന മത്സരങ്ങളും വിനോദ പരിപാടികളും ആസ്വദിക്കുന്നതിനും പഡോക്ക് ക്ലബ് പ്രവേശനവുമെല്ലാം ഉൾപ്പെടുന്നതാണ് ഈ പ്രത്യേക പാക്കേജ്. കൂടാതെ ഏറ്റവും അടുത്തിരുന്ന് മത്സരങ്ങൾ കാണാനും എഫ് വൺ ഡ്രൈവർമാരും ഇതിഹാസ താരങ്ങളുമായി മീറ്റ് ആൻഡ് ഗ്രീറ്റ് ലഞ്ചിനുള്ള അവസരവും ആരാധകർക്ക് ലഭിക്കും.