മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കറെ നേരിട്ടെത്തി വിവാഹം ക്ഷണിച്ച് ബാഡ്മിൻ്റൻ താരവും ഒളിംപിക്സ് വെള്ളി മെഡൽ ജേതാവുമായ പി.വി. സിന്ധു. പ്രതിശ്രുത വരൻ വെങ്കട്ട ദത്ത സായിക്കൊപ്പമെത്തിയാണ് സിന്ധു സച്ചിന് വിവാഹ ക്ഷണക്കത്ത് കൈമാറിയത്. ഇരുവർക്കും സച്ചിൻ ആശംസ അറിയിക്കുകയും ചെയ്തു.
സിന്ധുവും സായിയും സച്ചിന് ക്ഷണക്കത്ത് കൈമാറുന്ന ചിത്രം പങ്കുവെച്ചായിരുന്നു താരം ഇരുവർക്കും ആശംസ അറിയിച്ചത്. “ബാഡ്മിന്റനിൽ സ്കോർ ആരംഭിക്കുന്നത് എപ്പോഴും ‘ലവ്’ വച്ചാണ്. വെങ്കട്ട ദത്ത സായിക്കൊപ്പമുള്ള താങ്കളുടെ സുന്ദരമായ യാത്ര ഇതേ ‘ലവു’മായി എക്കാലവും തുടരാനുള്ളതാണ്. നിങ്ങളുടെ ജീവിതത്തിലെ ഈ സുപ്രധാന ദിവസത്തിൻ്റെ ഭാഗമാകാൻ നേരിട്ടെത്തി ക്ഷണിച്ചതിന് പ്രത്യേക നന്ദി. വിഷിങ് യു ബോത് എ ലൈഫ്ടൈം ഓഫ് സ്മാഷിങ് മെമ്മറീസ് ആന്റ് എൻഡ്ലെസ് റാലീസ് ഓഫ് ജോയ്“ എന്നാണ് സച്ചിൻ സമൂഹ്യമാധ്യമത്തിൽ കുറിച്ചത്.
ഈ മാസം 22ന് ഉദയ്പുരിൽ വെച്ചാണ് സിന്ധുവിന്റെ വിവാഹം. ഹൈദരാബാദ് സ്വദേശിയും പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് വെങ്കട്ട ദത്ത സായി. രണ്ട് കുടുംബങ്ങളും തമ്മിൽ വർഷങ്ങളായുള്ള പരിചയമാണെന്നും എന്നാൽ കഴിഞ്ഞ മാസമാണ് വിവാഹക്കാര്യം തീരുമാനമായതെന്നും സിന്ധുവിന്റെ പിതാവ് പി.വി.രമണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.