മിയാമിയില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പായ എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ്പില്‍ പിറന്നത് ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത ഒരു ഇന്ത്യന്‍ വിജയഗാഥ. തുടര്‍ച്ചയായി അഞ്ച് തവണ ചെസ് ലോക ചാമ്പന്യായ സാക്ഷാല്‍ മാഗ്നസ് കാൾസണെ ഈ വര്‍ഷം മൂന്നാം തവണയും പരാജയപ്പെടുത്തി ഇന്ത്യയുടെ 17കാരനായ ചെസ് മാസ്റ്റര്‍ ആര്‍.പ്രഗ്നാനന്ദ ലോക ശ്രദ്ധ നേടുകയായിരുന്നു.
പോയിന്റുകളുടെ അടിസ്ഥാനത്തില്‍ ടൂര്‍ണമെന്റ് ചാമ്പ്യനായി കാള്‍സണ്‍ തെരഞ്ഞെടുത്തപ്പെട്ടെങ്കിലും പ്രഗ്നാനന്ദ ലോക ചെസ്സിലെ പുതുതാരം ആവുകയായിരുന്നു. ടൂര്‍ണമെന്റില്‍ മൂന്ന് വിജയങ്ങളോടെ പോയിന്‍റ് പട്ടികയില്‍ കാൾസന്‍ മുന്നിലെത്തുകയും ഫൈനലിന് മുമ്പ് തന്നെ ചാമ്പ്യന്‍ പട്ടം ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടൈ ബ്രേക്കറിലൂടെ രണ്ടാം സ്ഥാനം ഉറപ്പാക്കിയാണ് പ്രഗ്നാനന്ദ ഫൈനലിലെത്തിയത്.
ഫൈനലില്‍ പരാജയം മണത്ത കാൾസണ്‍ സമനില ഓഫര്‍ ചെയ്തെങ്കിലും പ്രഗ്നാനന്ദ വഴങ്ങാന്‍ തയ്യാറായില്ല. ചെസ്സിലെ മുടിചൂടാമന്നനെതിരേ മികച്ച പുറത്തെടുത്ത് വിജയം നേടിയതൊടെ കാൾസണ് തലകുനിക്കേണ്ടിവന്നു. ഫൈനലിലെ തോല്‍വി തന്നെ ലജ്ജിപ്പിക്കുന്നുവെന്നാണ് കാൾസണ്‍ പിന്നീട് പ്രതികരിച്ചത്. അതേസമയം രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും ഫൈനലിലെ ജയം സന്തോഷം വര്‍ദ്ധിപ്പിക്കുന്നതാണെന്ന് പ്രഗ്നാനന്ദയും പ്രതികരിച്ചു. രണ്ടാം സ്ഥാനം നേടിയ പ്രഗ്നാനന്ദ 37,000 ഡോളറും സ്വന്തമാക്കി. കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് തവണയാണ് ഈ 17കാരന്‍ കാൾസണെ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഓൾലൈൻ റാപിഡ് ചെസ് ചാമ്പ്യൻഷിലാണ് കാൾസണെ പ്രഗ‍്‍നാനന്ദ ആദ്യമായി പരാജയപ്പെടുത്തിയത്. പിന്നീട് മെയ് 20ന് നടന്ന ചെസ്സബിൾ മാറ്റേഴ്സ് ഓൺലൈൻ ടൂർണമെൻറിൽ വീണ്ടും പ്രഗ‍്‍നാനന്ദ ഞെട്ടിച്ചിരുന്നു. മിയാമിയില്‍ മൂന്നാമതും ലോക ചാമ്പ്യന്‍ അടിയറവ് പറഞ്ഞപ്പോൾ ഇന്ത്യന്‍ കൗമാര താരത്തിന് അത് വലിയ അംഗികാരമായി മാറി.
അഭിനന്ദന പ്രവാഹം
ഇന്ത്യന്‍ ഗ്രാന്‍റ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ് അടക്കം പ്രമുഖരാണ് പ്രഗ്നാനന്ദയ്ക്ക് അഭിനന്ദനവുമായി എത്തുന്നത്. മലായാള സൂപ്പര്‍ താരം സുരേഷ് ഗോപിയും പ്രഗ്നാനന്ദയുടെ നേട്ടത്തെ അഭിനന്ദിച്ചു. ഇതിനിടെ മത്സരത്തിന് മുമ്പ് കാൾസണെ മാധ്യമങ്ങൾ വളഞ്ഞപ്പോൾ വെറു കാഴ്ചക്കാരനെപ്പോലെ സമീപത്തുനിന്ന പ്രഗ്നാനന്ദയുടെ ചിത്രം സോഷ്യല്‍ മിഡിയയില്‍ വൈറലായിമാറി.
ആരാണ് പ്രഗ്നാനന്ദ
ചെന്നൈ സ്വദേശികളായ നാഗലക്ഷ്മിയുടെയും രമേഷ്ബാബുവിന്റെയും മകനാാണ് പ്രഗ്നനന്ദ. 2005 ഓഗസ്റ്റ് 10നാണ് ജനനം. ഗ്രാന്‍ഡ് മാസ്റ്റര്‍ പട്ടം നേടിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെയാളാണ് പ്രഗ്‌നാനന്ദ, ഏഴാം വയസില്‍ അണ്ടര്‍ 8 ടൈറ്റിലും 2015ല്‍ അണ്ടര്‍ 10 ടൈറ്റിലും നേടിയിരുന്നു. ഏഴാം വയസ്സിലാണ് ഫിഡെ മാസ്റ്റര്‍ പദവി സ്വന്തമാക്കിയത്. 2016ല്‍ 10ാം വയസില്‍ ചെസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ എന്ന നേട്ടവും പ്രഗ്‌നാനന്ദയെ തേടിയെത്തി. റഷ്യന്‍ താരം സെര്‍ജി കര്‍ജകിന് ശേഷം ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടിയ താരവും പ്രഗ്നാനന്ദയാണ്.
ആരാണ് കാൾസണ്‍
നോർവീജിയൻ ഗ്രാൻഡ്‌മാസ്റ്റര്‍. 2013 ലെ ഫിഡെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തുന്ന വ്യക്തി. നിലവിലെ ലോകചാമ്പ്യന്‍. ജനനം 1990 നവംബർ 30ന്. ലോകചെസ്സ് ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും ഉയർന്ന ‘എലോ റേറ്റിങ്ങിൽ’ എത്തിയ താരമാണ് മാഗ്നസ് കാൾസൺ. ചെസ്സ് ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർമാരിൽ ഒരാളായും മാഗ്നസ് കാൾസണ്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.