വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷ്. പാരിസ് ഒളിംപിക്സിന് ശേഷം ഹോക്കി കരിയർ അവസാനിപ്പിക്കുമെന്നാണ് മലയാളി താരം ആരാധകരെ അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം വിരമിക്കൽ വാർത്ത പ്രഖ്യാപിച്ചത്.
“പാരിസിൽ അവസാന പോരാട്ടത്തിനായി തയ്യാറെടുക്കുകയാണ്. തിരിഞ്ഞുനോക്കുമ്പോൾ അഭിമാനവും ഇനി മുന്നോട്ട് പ്രതീക്ഷയുമാണ് തോന്നുന്നത്. കുടുംബത്തിനും സഹതാരങ്ങൾക്കും പരിശീലകർക്കും ആരാധകർക്കും നന്ദിയുണ്ട്. എന്നെ വിശ്വസിച്ചതിന് നന്ദി. ഈ അധ്യായം അവസാനിപ്പിക്കുന്നു, പുതിയത് ആരംഭിക്കുകയായി. ഞങ്ങളുടെ പശുവിനെ വിറ്റ കാശുകൊണ്ടാണ് പിതാവ് എനിക്ക് ആദ്യത്തെ കിറ്റ് വാങ്ങിത്തന്നത്. അതെനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. അദ്ദേഹം ചെയ്ത ത്യാഗം എന്റെ ഉള്ളിലെ അഗ്നിയായി. ഞാൻ കഠിനാധ്വാനം ചെയ്തു. വലിയ സ്വപ്നങ്ങൾ കണ്ടു“ എന്നാണ് ശ്രീജേഷ് കുറിച്ചത്.
ശ്രീജേഷിന്റെ കുറിപ്പ് എത്തിയതിന് പിന്നാലെ നിരവധി ആരാധകരാണ് ദു:ഖം പ്രകടിപ്പിച്ചത്. നേരത്തെയായിപ്പോയി എന്നാണ് പലരുടെയും കമന്റ്. അതേസമയം, എല്ലാവരും താരത്തിന് ആശംസയും അറിയിക്കുന്നുണ്ട്. 2006-ൽ ഇന്ത്യൻ ടീമിലെത്തിയ ശ്രീജേഷ് 328 മത്സരങ്ങളിൽ ഗോൾ കീപ്പറായി ഇറങ്ങിയിട്ടുണ്ട്. 2020 ടോക്കിയോ ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്നു താരം. ഇപ്പോൾ പാരിസിൽ നാലാം ഒളിംപിക്സിൽ മത്സരിക്കാനാണ് ശ്രീജേഷ് തയ്യാറെടുക്കുന്നത്.