ക്രിക്കറ്റ് താരങ്ങളുടെ സ്വപ്നമാണ് ഐപിഎൽ. കളിക്കാരുടെ മികവ് നോക്കിയാണ് ലേലത്തിൽ ഒരോ താരങ്ങൾക്കും വിലനിശ്ചയിക്കപ്പെടുന്നത്. എങ്കിൽ ഇനി മികച്ചപ്രകടനങ്ങൾ കാഴ്ചവെച്ചതുകൊണ്ട് മാത്രം ഐപിഎല്ലിൽ ഉൾപ്പെടാൻ കഴിയില്ല. കാരണം ഐപിഎല്ലുമായി ബന്ധപ്പെട്ട നിബന്ധനകൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ് ഇപ്പോൾ ദേശീയ ക്രിക്കറ്റ് സംഘടനയായ ബിസിസിഐ.
ഇനി മുതൽ ഐപിഎല്ലിൽ ഉൾപ്പെടണമെങ്കിൽ കുറഞ്ഞത് മൂന്നോ നാലോ രഞ്ജി ട്രോഫി മത്സരങ്ങളെങ്കിലും കളിച്ചിരിക്കണമെന്നാണ് പുതിയ നിബന്ധന. അതിൽ പങ്കെടുത്തില്ലെങ്കിൽ താരങ്ങൾക്ക് ഐപിഎലിൽ കളിക്കാനോ ലേലത്തിൽ ഉൾപ്പെടാനോ പോലും പറ്റില്ല. എന്തിനാണ് തിരക്കുപിടിച്ച് ഇപ്പോൾ ഇങ്ങനെയൊരു നിബന്ധന കൊണ്ടുവന്നതെന്നാണോ നിങ്ങളുടെ സംശയം. അതിനൊരു കാരണമുണ്ട്. ഇഷാൻ കിഷനുൾപ്പെടെ രഞ്ജി ട്രോഫിയിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ നിർണായക തീരുമാനം.
ഇപ്പോൾ പല താരങ്ങളും പിൻതുടരുന്ന പ്രവണതയാണ് രഞ്ജി ട്രോഫി കളിക്കാതെ ഐപിഎൽ മാത്രം കളിക്കുന്നത്. ഇത് മറികടക്കുന്നതിനാണ് പുതിയ നിബന്ധന കൊണ്ടുവരികയാണ്. കഴിഞ്ഞ നവംബറിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ മാനസിക വിഷമങ്ങൾ മുൻനിർത്തിയാണ് ഇഷാൻ കിഷൻ ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിന്നത്. തുടർന്ന് ജാർഖണ്ഡിനായുള്ള രഞ്ജി ട്രോഫിയിലും ഇഷാൻ പങ്കെടുത്തില്ല. ഇഷാൻ സന്നദ്ധത അറിയിച്ചാൽ ടീമിൽ ഉൾപ്പെടുത്തുമെന്ന് ജാർഖണ്ഡ് ക്രിക്കറ്റ് സംഘടന സന്നദ്ധത അറിയിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ല. തുടർന്ന് ഹർദിക് പാണ്ഡ്യക്കൊപ്പം ഇഷാൻ കിഷൻ പരിശീലനം നടത്തുന്നതായി റിപ്പോർട്ടുകൾ വരികയും ചെയ്തിരുന്നു.
ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ബിസിസിഐയുടെ പുതിയ തീരുമാനം. എന്തായാലും ഈ നടപടി പല താരങ്ങൾക്കും തിരിച്ചടിയാകുമെന്ന കാര്യത്തിൽ സംശയമില്ല.