പാരീസ് ഒളിംപിക്‌സിൽ ഇന്ന് ഇന്ത്യയ്ക്ക് നിർണായക ദിനം. ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ പി.വി. സിന്ധു പ്രീക്വാർട്ടറിൽ മത്സരിക്കും. ഇന്ന് രാത്രി പത്ത് മണിക്ക് ചൈനീസ് താരം ഹെ ബിൻജാവോയ്ക്കെതിരെയാണ് സിന്ധുവിൻ്റെ പോരാട്ടം. പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ ഇന്ത്യൻ താരങ്ങളായ എച്ച്.എസ്. പ്രണോയിയും ലക്ഷ്യ സെന്നും നേർക്കുനേർ കളത്തിലിറങ്ങും. വൈകിട്ട് 5.40നാണ് മത്സരം നടക്കുക.
ഷൂട്ടിങ്ങിൽ പുരുഷ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് മെഡൽ റൗണ്ടിൽ സ്വപ്നിൽ കുസാലെയും ഇന്ന് മത്സരിക്കാനിറങ്ങും. ഉച്ചകഴിഞ്ഞ് ഒരു മണിക്കാണ് മത്സരം. പുരുഷ ഡബിൾസിൽ ചിരാഗ് ഷെട്ടി – സാത്വിക് സാമ്രാജ് രങ്കിറെഡ്‌ഡി സഖ്യം മലേഷ്യൻ താരങ്ങളായ ആരൺ ചിയ, സോ വൂയ് യിക് എന്നിവരെ വൈകിട്ട് 4.30ന് നേരിടും. ഷൂട്ടിങ്ങിൽ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് യോഗ്യതാ റൗണ്ടിൽ സിഫ്റ്റ് സമ്റ, അൻജും മൗദ്ഗില്ലും യോഗ്യതാ റൗണ്ടിൽ ഇന്ന് മത്സരിക്കും.
അതേസമയം, ബോക്സിങ്ങിൽ നിഖാത് സരീന് വനിതാ ഫ്ലൈവെയ്റ്റ് പ്രീക്വാർട്ടറിൽ ഇന്ന് മത്സരമുണ്ട്. പുരുഷ റേസ് വോക്കിങ്ങിൽ പരംജീത് സിങ് ബിഷ്‌ട്, ആകാശ്‌ദീപ്, വികാസ് സിങും വനിതാ റേസ് വോക്കിൽ പ്രിയങ്ക ഗോസ്വാമിയും മെഡൽ റൗണ്ടിൽ മത്സരിക്കും.