പാരീസിലെ കായിക മാമാങ്കത്തിന് ഇന്ന് സമാപനം കുറിക്കും. ഒളിംപിക്‌സിൽ ആറ് മെഡലുകൾ നേടിയാണ് ഇന്ത്യ പാരീസിനോട് വിട പറയുന്നത്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. അതേസമയം, വനിതാ ഗുസ്‌തിയിൽ വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ ഇന്ത്യയ്ക്ക് അനുകൂലമാകുകയാണെങ്കിൽ ഒരു വെള്ളി മെഡൽ കൂടി ലഭിക്കും.
എന്നാൽ ടോക്കിയോ ഒളിംപിക്‌സിലെ ഏഴ് മെഡലുകളെന്ന നേട്ടം മറികടക്കാൻ സാധിച്ചില്ലെന്ന ദു:ഖത്തോടെയാണ് ഇന്ത്യ ഒളിംപിക്‌സ് വേദി വിടുന്നത്. അതോടൊപ്പം ഒരു സ്വർണ മെഡൽ പോലുമില്ലെന്ന നിരാശയിലും. ഷൂട്ടിങ്, ഹോക്കി, ഗുസ്‌തി, ജാവലിൻ ത്രോ എന്നീ നാല് ഇനങ്ങളിൽ മാത്രമാണ് ഇന്ത്യയ്ക്ക് മെഡൽ നേടാനായത്. ഇതിൽ ഷൂട്ടിങ്ങിലാണ് മൂന്ന് മെഡലുകൾ സ്വന്തമാക്കിയത്.
പാരീസിൽ ഇന്ത്യയുടെ മെഡൽ ജേതാക്കൾ
• നീരജ് ചോപ്ര (വെള്ളി – ജാവലിൻ ത്രോ പുരുഷ വിഭാഗം)
• മനു ഭാകർ (വെങ്കലം – വനിതാ വിഭാഗം 10 മീറ്റർ എയർ പിസ്‌റ്റൽ)
• മനു ഭാകർ, സരബ്ജ്യോത് സിങ് (വെങ്കലം – 2.10 മീറ്റർ എയർ പിസ്‌റ്റൽ മിക്‌സഡ് ടീം)
• സ്വപ്നിൽ കുസാലെ (വെങ്കലം – 50 മീറ്റർ റൈഫിൾ 3 പൊസിഷൻ)
• ഇന്ത്യൻ ഹോക്കി ടീം (വെങ്കലം)
• അമൻ സെഹ്റാവത്ത് (വെങ്കലം – പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്‌തി)