പാരീസ് ഒളിമ്പിക്സിൽ മെഡലിനരികിലെത്തി വീണ്ടും ഇന്ത്യ. ഹോക്കിയിൽ രണ്ടാം ക്വാർട്ടറിൽ ബ്രിട്ടനെ തകർത്ത് ഇന്ത്യ സെമിയിലേയ്ക്ക് കടന്നു. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തിൽ 4-2 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ ജയം.
നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോൾവീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടത്. മത്സരത്തിലുടനീളം വൻമതിൽ പോലെ ഇന്ത്യൻ ഗോൾമുഖത്ത് നിലയുറപ്പിച്ച മലയാളി ഗോൾ കീപ്പർ പി.ആർ ശ്രീജേഷിൻ്റെ തകർപ്പൻ പ്രകടനമാണ് നിശ്ചിത സമയത്തും ഷൂട്ടൗട്ടിലും ഇന്ത്യയ്ക്ക് തുണയായത്. കളിയിലുടനീളം മികച്ച പ്രകടനം നടത്തിയ ശ്രീജേഷ്, ഷൂട്ടൗട്ടിൽ ബ്രിട്ടീഷ് താരം ഫിലിപ്പ് റോപ്പറിന്റെ ഷോട്ട് രക്ഷപ്പെടുത്തുകയും ചെയ്തു.
17-ാം മിനിറ്റിൽ പ്രതിരോധ താരം അമിത് രോഹിദാസ് ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ മൂന്ന് ക്വാർട്ടറുകളും 10 പേരുമായി കളിച്ചാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. 22-ാം മിനിറ്റിൽ ഹർമൻപ്രീത് സിങ്ങിൻ്റെ ഗോളിലാണ് ഇന്ത്യ ലീഡെടുത്തത്, എന്നാൽ അഞ്ചു മിനിറ്റിനകം ലീ മോർട്ടനിലൂടെ ബ്രിട്ടൻ ഗോൾ മടക്കി. അവസാന മിനിറ്റുകളിൽ ബ്രിട്ടൻ ഇന്ത്യൻ ഗോൾമുഖം നിരന്തരമായി വിറപ്പിച്ചെങ്കിലും ശ്രീജേഷിൻ്റെ നീക്കങ്ങൾ ഇന്ത്യക്ക് തുണയായി.