പാരീസ് ഒളിമ്പിക്സിൽ മെഡൽ നേട്ടത്തോടെ കുതിപ്പ് ആരംഭിച്ച് ഇന്ത്യ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ മനു ഭാകർ വെങ്കല മെഡൽ സ്വന്തമാക്കി. ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യത്തെ മെഡലാണിത്.
തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ച മനു ഫൈനലിൽ മെഡൽ ഉറപ്പിക്കുകയായിരുന്നു. ആദ്യ 14 ഷോട്ടുകൾ കഴിഞ്ഞപ്പോൾ മൂന്നാം സ്ഥാനത്തായിരുന്നു താരം. പിന്നാലെ കൊറിയൻ താരത്തിൻ്റെ കടുത്ത വെല്ലുവിളി കടന്നാണ് താരം മെഡൽ നേടിയത്. ആദ്യ രണ്ട് സ്റ്റേജുകൾക്ക് ശേഷം എലിമിനേഷൻ സ്റ്റേജും കടന്ന താരം വിജയത്തിലേയ്ക്ക് അടുക്കുകയായിരുന്നു.
ആറ് സീരീസുകൾക്കൊടുവിൽ 27 ഇന്നർ 10 അടക്കം 580 പോയൻ്റ് നേടിയാണ് മനു ഫൈനലിൽ സീറ്റ് ഉറപ്പിച്ചത്. 2022 ഏഷ്യൻ ഗെയിംസിൽ മനു ഭാകർ 25 മീറ്റർ പിസ്റ്റൽ ടീമിനത്തിൽ സ്വർണം നേടിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ലോക ചാംപ്യൻഷിപ്പിലും 25 മീറ്റർ പിസ്‌റ്റൽ ഇനത്തിൽ താരം സ്വർണവും സ്വന്തമാക്കി.