ലോകം ഉറ്റുനോക്കുന്ന പാരീസ് ഒളിംപിക്‌സിന് ഇന്ന് തിരിതെളിയും. ഒരു നൂറ്റാണ്ടിന് ശേഷം ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്നതിൻ്റെ ആവേശത്തിലാണ് പാരിസ് നഗരം. 33-ാം ഒളിംപിക്‌സിൻ്റെ ഉദ്ഘാടനച്ചടങ്ങ് ഇന്ന് ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് ആരംഭിക്കുക. ഓഗസ്റ്റ് 11 വരെയാണ് ഒളിംപിക്സ് നീണ്ടുനിൽക്കുന്നത്.
ചരിത്രത്തിലാദ്യമായി സ്‌റ്റേഡിയത്തിന് പുറത്താണ് ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിക്കുന്നത്. സെൻ നദിയിലൂടെ 80 ബോട്ടുകളിലായി കായികതാരങ്ങളുടെ മാർച്ച് പാസ്‌റ്റ് നടക്കും. ഐഫൽ ടവറിന് മുന്നിലായി സെൻ നദിക്കരയിലുള്ള ട്രൊക്കാദിറോ ഗാർഡനിൽ മാർച്ച് പാസ്റ്റ് അവസാനിക്കും. ഒളിംപിക് ദീപം തെളിയുന്നത് അവിടെയാണ്. ഒളിംപിക്സിന് തുടക്കം കുറിച്ച് ദീപം തെളിക്കുന്നത് ആരാണെന്ന് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.
അതേസമയം, ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ ടേബിൾ ടെന്നിസ് താരം എ.ശരത് കമലും ബാഡ്മിൻ്റൻ താരം പി.വി.സിന്ധുവുമാണ് നയിക്കുക. ഇരുവരും മാർച്ച്പാസ്‌റ്റിൽ ഇന്ത്യൻ പതാകയേന്തും. ഒളിംപിക്‌സിൽ പ്രതീക്ഷയോടെയാണ് ഇന്ത്യൻ അത്ലറ്റുകൾ ഇറങ്ങുന്നത്. 70 പുരുഷ അത്ലറ്റുകളും 47 വനിതകളും ഉൾപ്പെടുന്ന 117 അംഗ സംഘമാണ് പാരീസിൽ ഇന്ത്യയ്ക്കായി മത്സരിക്കുന്നത്. ഉദ്ഘാടനദിനമായ ഇന്ന് മത്സരങ്ങളുണ്ടാകില്ല.