കോഴിക്കോട് പുള്ളാവൂർ പുഴയിലെ മെസ്സി, നെയ്മർ കട്ടൗട്ടുകൾക്കെതിരെ നടപടി. ഇവ എടുത്തുമാറ്റണമെന്ന് ഫാൻസ് അസോസിയേഷൻ ഭാരവാഹികളോട് പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടു.
ലോകകപ്പ് ആരാധകര്‍ ആവേശപൂർവം സ്ഥാപിച്ച കട്ടൗട്ടുകൾ എടുത്ത് മാറ്റണമെന്ന് ചാത്തമംഗലം പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കിയത് അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെ പരാതിയിലാണ്. പുഴ മലിനപ്പെടുമെന്ന കാരണം ചൂണ്ടിക്കാട്ടി ശ്രീജിത്ത് പെരുമന പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നു.
ഈ നിർദ്ദേശത്തിനെതിരെ നടി രഞ്ജിനി രംഗത്തെത്തി. ഈ കട്ടൗട്ടുകളുടെ വാർത്ത ഒളിമ്പിക്സ് വെബ്സൈറ്റിലടക്കം പ്രസിദ്ധീകരിച്ചത് കേരളത്തിന് അഭിമാനമല്ലേയെന്ന് രഞ്ജിനി ചോദിക്കുന്നു. ഈ സന്തോഷം ഇല്ലാതാക്കരുതെന്നും നടി അധികൃതരോട് അഭ്യർത്ഥിക്കുന്നു.
ഒക്ടോബർ 30നായിരുന്നു ചാത്തമംഗലത്തെ മെസ്സി ആരാധകര്‍ പുഴയുടെ നടുവില്‍ താരത്തിന്റെ 30 അടി ഉയരമുളള കട്ടൗട്ട് സ്ഥാപിച്ചത്. ഇത് അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തു. പിന്നാലെ ഇതേ സ്ഥലത്ത് അതിനേക്കാള്‍ തലപ്പൊക്കത്തില്‍ ബ്രസീൽ ആരാധകർ നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചു. മെസ്സിയുടെ കട്ടൗട്ട് 30 അടിയാണെങ്കില്‍ നെയ്മറുടേതിന് 40 അടിയാണ് ഉയരം. അതേസമയം, കട്ടൗട്ട് നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശത്തില്‍ വലിയ നിരാശരയിലാണ് ആരാധകര്‍. സമൂഹമാധ്യമങ്ങളിൽ ശ്രീജിത്ത് പെരുമനക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.