ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് പാകിസ്ഥാന് പകരം വീട്ടി. സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. അവാസ ഓവര്‍ വരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ഒരു പന്ത് ബാക്കി നില്‍ക്കേ പാകിസ്ഥാന് വിജയറണ്‍ നേടി. ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന് 5 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.
51 പന്തുകളില്‍ രണ്ട് സിക്സും ആറ് ഫോറുമടക്കം 71 റണ്‍സെടുത്ത. പാക് ഓപ്പണല്ഡ മുഹമ്മദ് റിസ്വാനാണ് പാകിസ്താന്റെ ടോപ് സ്കോറര്‍. 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ വിക്കറ്റ് ആദ്യം നഷ്ടമായെങ്കിലും കൂടുതല്‍ വിക്കറ്റുകൾ വീഴാതെ പാകിസ്ഥാന് കളി അനുകൂലമാക്കി. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മുഹമ്മദ് റിസ്വാന് – മുഹമ്മദ് നവാസ് സഖ്യം മികച്ച പ്രകടനം പുറത്തെടുത്തു. വെറും 20 പന്തില്‍ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 42 റണ്‍സെടുത്ത നവാസ് പാകിസ്ഥാന് വിജയ പ്രതീക്ഷകൾ സമ്മാനിച്ചു.
ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19-ാം ഓവറില്‍ ഖുഷ്ദില്‍ ഷായും ആസിഫ് അലിയും ചേര്‍ന്ന് 19 റണ്സെടുത്തെത്ത് പാകിസ്ഥാന് ജയത്തില്‍ നിര്‍ണായകമായി. അവസാന ഓവറിലെ അഞ്ചാം പന്തില്‍ ഡബിള്‍ നേടി ഇഫ്തിഖര്‍ അഹമ്മദ് പാകിസ്താനെ വിജയ തീരത്ത് എത്തിക്കുമ്പോൾ നിരാശയോടെ ഇന്ത്യന്‍ ആരാധകര്‍ സ്റ്റേഡിയം വിട്ടു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കെ.എല്‍ രാഹുലും തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. 31 പന്തില്‍ 54 റണ്‍സടിച്ചുകൂട്ടിയ ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 16 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം രോഹിത് 28 റണ്‍സെടുത്തു. 20 പന്തില്‍ 28 റണ്‍സെടുത്താണ് ലോകേഷ് രാഹുല്‍ മടങ്ങിയത്. എന്നാല്‍ 44 പന്തില്‍ 60 റണ്‍സെടുത്ത വിറാട് കോലിയാണ് ഇന്ത്യയെ 181ല്‍ എത്തിച്ചത്.