ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സിലക്ഷൻ കമ്മിറ്റി തലവൻ അജിത് അഗാർക്കർ, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ ശ്രീലങ്കയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ടീം ഇന്ത്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പരുക്കുമാറി തിരിച്ചെത്തുന്ന കെ.എൽ. രാഹുൽ, ജസ്പ്രീത് ബുമ്ര എന്നിവർ 15 അംഗ ടീമിലുണ്ട്. എന്നാൽ മലയാളി താരം സഞ്ജു സാംസണിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
രോഹിത് ശർമ നയിക്കുന്ന ടീമിൽ ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ഷാർദൂൽ ഠാക്കൂർ, അക്ഷർ പട്ടേൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവരാണ് ലോകകപ്പ് ടീമിൽ ഉൾപ്പെട്ട 15 അംഗങ്ങൾ.
ഒക്ടോബർ അഞ്ചിനാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിലാണ് ആദ്യ പോരാട്ടം. ഒക്ടോബർ എട്ടിന് ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങും. 14നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വാശിയേറിയ പോരാട്ടം നടക്കുക.